കുട്ടീഞ്ഞോ തിളങ്ങി, ലിവർപൂളിന് ജയം

ഏറെ പഴികൾ കേട്ട ഏതാനും ആഴ്ചകൾക്ക് ഒടുവിൽ ക്ളോപ്പിന്റെ ലിവർപൂൾ ഒരു മത്സരം ജയിച്ചു. ലെസ്റ്ററിന്റ കിംഗ്‌പവർ സ്റ്റേഡിയത്തിൽ 2-3 എന്ന സ്കോറിനാണ് ലിവർപൂൾ ലെസ്റ്ററിനെ തോൽപിച്ചത്. സ്കോർ 2-3 ഇൽ നിൽക്കുമ്പോൾ ലഭിച്ച പെനാൽറ്റി വാർഡി നഷ്ടപ്പെടുത്തിയതോടെയാണ് ലെസ്റ്ററിന് സമനിലയെങ്കിലും ലഭിക്കാതെ പോയത്. ജയിച്ചെങ്കിലും ലിവർപൂൾ പ്രതിരോധത്തിലെ പിഴവുകൾ മുഴച്ചു നിന്ന മത്സരം തന്നെയായിരുന്നു ഇതും.

മാനേക്ക് പകരക്കാരനായി ആദ്യ ഇലവനിൽ മടങ്ങിയെത്തിയ ഫിലിപ്പോ കുട്ടീഞ്ഞോ ബോക്സിലേക്ക് നൽകിയ പാസ്സ് ഹെഡ്ഡറിലൂടെ വലയിലാക്കി മുഹമ്മദ് സലാഹാണ് ലിവർപൂളിന് 14 ആം മിനുട്ടിൽ ലീഡ് സമ്മാനിച്ചത്. പിന്നീട് ഫിലിപ്പോ കുട്ടിഞ്ഞോയുടെ ട്രേഡ് മാർക്ക് ഫ്രീകിക്കിൽ ലിവർപൂളിന്റെ ലീഡ് രണ്ടായി. പക്ഷെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ശിൻജി ഒകസാക്കിയിലൂടെ ലെസ്റ്റർ ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ 68 ആം മിനുട്ടിൽ ലിവർപൂൾ മികച്ചൊരു കൗണ്ടർ അറ്റാക്കിങ്ങിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി, ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സനാണ് ഗോൾ നേടിയത്. പക്ഷെ തൊട്ടടുത്ത മിനുട്ടിൽ വാർഡി ലെസ്റ്ററിന്റ രണ്ടാം ഗോൾ നേടിയതോടെ മത്സരം ആവേശകരമായ അവസാന 20 മിനുറ്റിലേക്ക് കടന്നു.

73 ആം മിനുട്ടിൽ വാർഡിയെ മിനോലെ ബോക്സിൽ വീഴ്ത്തിയതോടെ റഫറി ലെസ്റ്ററിന് പെനാൽറ്റി അനുവദിച്ചു. പക്ഷെ കിക്കെടുത്ത വാർഡിക്ക് പിഴച്ചതോടെ ഒരു പോയിന്റ് സ്വന്തമാക്കാനുള്ള അവസരം ലെസ്റ്ററിന് നഷ്ടമായി. പിന്നീട് ലിവർപൂൾ ലീഡ് മികച്ച രീതിയിൽ പ്രതിരോധിച്ചു ലിവർപൂൾ വിജയ വഴിയിൽ തിരിച്ചെത്തി. ജയത്തോടെ 11 പോയിന്റുമായി ലിവർപൂൾ 5 ആം സ്ഥാനത്താണ്. 4 പോയിന്റ് മാത്രമുള്ള ലെസ്റ്റർ 16 ആം സ്ഥാനത്താണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോളടി നിർത്താൻ കഴിയാതെ ഡിബാല, യുവന്റസിന് നാലു ഗോൾ ജയം
Next articleകണക്കില്ലാത്ത ഗോളടി, നാപോളിക്ക് യൂറോപ്പിൽ ഒരു സ്പെഷ്യൽ ഗോളടി റെക്കോർഡ്