ആൻഫീൽഡിൽ ഇന്ന് ചുവപ്പിന്റെ പോരാട്ടം

- Advertisement -

ആൻഫീൽഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യത്തെ പ്രധാന വെല്ലുവിളി. സീസണിൽ ഇതുവരെ പ്രധാന എതിരാളികളുമായി കളിക്കാത്ത യുണൈറ്റഡിന് ഇന്ന് ലിവർപൂളിനെതിരെ കടുത്ത മത്സരം തന്നെയാവും എന്ന് ഉറപ്പാണ്. ലിവർപൂളിനാവട്ടെ ആഴ്സണലിനെതിരായ ജയത്തിന് ശേഷം തീർത്തും മോശം ഫോം തുടരുന്ന ടീമിന് യുണൈറ്റഡിന് എതിരെ ജയത്തോടെ ആത്മവിശ്വാസത്തിലേക്ക് മടങ്ങി വരാനുള്ള അവസരവുമാണ്. ആൻഫീൽഡിൽ എന്നും ആവേശം സൃഷ്ടിച്ചിട്ടുള്ള യുനൈറ്റഡ്- ലിവർപൂൾ പോരാട്ടം ആരാധകർക്കും മികച്ച ഒരു അനുഭവമാവും എന്ന് ഉറപ്പാണ്.

പോയിന്റ് ടേബിളിൽ 19 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുനൈറ്റഡ്, സീസണിൽ ഇതുവരെ ഒരു മത്സരം പോലും അവർ തോറ്റിട്ടുമില്ല. ലിവർപൂൾ ആവട്ടെ ആദ്യ മത്സരങ്ങളിലെ മികച്ച ഫോമിനു ശേഷം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. തോൽവികൾ അധികം ഇല്ലെങ്കിലും സമനിലകൾ ഒരുപാട് വഴങ്ങുന്നതാണ് അവരുടെ പ്രശ്നം. മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്ന ആക്രമണ നിര പക്ഷെ ഗോളുകൾ നേടുന്നതിൽ പരാജയപ്പെടുന്നതാണ് ക്ളോപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. അതേ സമയം യുനൈറ്റഡ് ആവട്ടെ മിക്ക മത്സരങ്ങളിലും ധാരാളം ഗോളുകളും നേടുന്നുണ്ട്. അതുകൊണ്ടു തന്നെ ലുകാക്കു അടക്കമുള്ള മാഞ്ചസ്റ്റർ ആക്രമണ നിരയെ ഏറെ വിമർശനങ്ങൾ നേരിടുന്ന ലിവർപൂളിന്റെ പ്രതിരോധം എങ്ങനെ തടുക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും മത്സരത്തിലെ ഇരു ടീമുകളുടെയും സാധ്യതകൾ.

സാഡിയോ മാനെയുടെ അഭാവം ക്ളോപ്പിന് കനത്ത തിരിച്ചടിയാകും. ഇന്റർനാഷണൽ ബ്രെക്കിനിടെ പരിക്കേറ്റ മാനേക്ക് ഏതാനും ആഴ്ചകൾ നഷ്ടമായേക്കും. മാനെയുടെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ ക്ളോപ്പ് പുറത്തിരുത്തിയ ഫിർമിനോ ഇതോടെ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും എന്ന് ഉറപ്പായി. പോഗ്ബക്ക് പരിക്കേറ്റതോടെ മൗറീഞ്ഞോക്ക് മധ്യനിരയിൽ സഹായമായി വന്ന ഫെല്ലയ്നിയും പരിക്കേറ്റ് പുറത്തായത് മൗറീഞ്ഞോക്ക് വൻ തിരിച്ചടിയാകും. എങ്കിലും മധ്യനിരയിൽ മാറ്റിച് ന്റെ കൂടെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച ആന്ദ്രെ ഹെരേര എത്തിയേക്കും.

2014 ന് ശേഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കളിച്ച ആറു കളികളിൽ ഒന്നിൽ പോലും ജയിക്കാനാവാത്ത ലിവർപൂളിന് ആ റെക്കോർഡ് മാറ്റാനാവും ഇത്തവണ ശ്രമം. വൻ മത്സരങ്ങളിൽ ഗോളുകൾ നേടുന്നില്ല എന്ന വിമർശനത്തിന് ലുകാകുവിന് മറുപടി നൽകാനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം. ഇന്ന് ജയിച്ചാൽ 22 പോയിന്റ് എന്നത് 8 മത്സരങ്ങളിൽ യുനൈറ്റഡ് നേടുന്ന ക്ലബ്ബ് റെക്കോർഡ് പോയിന്റാവും. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 നാണ് മത്സരം ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement