സ്റ്റോക്കിന് സിറ്റിയുടെ വക 7 ഗോളിന്റെ ഷോക്ക്

- Advertisement -

ഇത്തിഹാദിൽ എത്തിയ സ്റ്റോക്കിന് 7 ഗോളിന്റെ ഷോക്ക് നൽകി മാഞ്ചസ്റ്റർ സിറ്റി. ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയുടെ പ്രഹര ശേഷി ശെരിക്കും അവർ പുറത്തെടുത്ത മത്സരത്തിൽ 7-2 എന്ന സ്കോറിനാണ് സിറ്റി ജയം സ്വന്തമാക്കിയത്. ജയത്തോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെ ലീഡ് 2 ആക്കി ഉയർത്താനും സിറ്റിക്കായി.

പരിക്കേറ്റ സെർജിയോ അഗ്യൂറോയെ ബെഞ്ചിൽ ഇരുത്തി ഗബ്രിയേൽ ജിസൂസിനെയും സാനെയെയും സ്റ്റെർലിങ് നേയും ആക്രമണം നയിക്കാൻ ചുമതലപ്പെടുത്തിയ പെപ്പിന്റെ പ്ലാൻ മത്സരത്തിന്റെ തുടക്കം മുതൽ ഫലം കാണുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 17 ആം മിനുട്ടിൽ ഗബ്രിയേൽ ജസൂസിലൂടെ ഗോൾ വേട്ട തുടങ്ങിയ സിറ്റി 19 ആം മിനുട്ടിൽ സ്റ്റർലിംഗിന്റെ ഗോളിൽ ലീഡ് ഉയർത്തി. 27 ആം മിനുട്ടിൽ ഡേവിഡ് സിൽവയിലൂടെ ലീഡ് മൂന്നാക്കിയ സിറ്റി വരാനിരിക്കുന്നതിന്റെ സൂചന നൽകി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ദിയോഫിലൂടെ ഒരു ഗോൾ മടക്കിയ സ്റ്റോക്ക് രണ്ടാം പകുതിയിൽ രണ്ടാം ഗോളും നേടി. ഇത്തവണ സിറ്റി ഡിഫെൻഡർ കെയിൽ വാൾകറിന്റെ സെൽഫ് ഗോളായിരുന്നു. സ്കോർ അങ്ങനെ 3-2 ആയതോടെയാണ് സിറ്റി അവരുടെ തനി നിറം പുറത്തെടുത്തത്. ജിസൂസ് , സാനെ, ഫെര്ണാണ്ടിഞ്ഞോ, ബെർനാടോ സിൽവ എന്നിവർ കൂടി ഗോളുകൾ നേടിയതോടെ സ്കോർ 79 ആം മിനുട്ടിൽ 7-2 എന്ന നിലയിലെത്തി. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ ഗോൾ വഴങ്ങാതെ സ്റ്റോക്കിന് മത്സരം പൂർത്തിയക്കാനായത്.

മധ്യനിരയിൽ കളി നിയന്ത്രിച്ച സിറ്റി താരം കെവിൻ ഡു ബ്രെയ്നയുടെ പ്രകടനമാണ് സിറ്റിയുടെ പ്രകടനത്തിൽ നിർണായകമായത്. സെപ്റ്റംബറിൽ ഒരു ഗോൾ പോലും വഴങ്ങാത്ത സിറ്റി പ്രതിരോധകാരെ മറികടന്ന് 2 ഗോളുകൾ നേടാനായി എന്നത് മാത്രമാണ് സ്റ്റോക്കിന് മത്സരത്തിൽ നിന്ന് നേടാനായ ഏക കാര്യം. ജയത്തോടെ സിറ്റിക്ക് 22 പോയിന്റായി, അവർ തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്. 8 പോയിന്റുള്ള സ്റ്റോക്ക് 15 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement