തിരിച്ചുവരാൻ ചെൽസി ഇന്ന് പാലസിനെതിരെ

- Advertisement -

രാജ്യാന്തര മത്സരങ്ങളുടെ ഇടവേള കഴിഞ്ഞു ടീമുകൾ വീണ്ടും ഇറങ്ങുമ്പോൾ ചെൽസിക്ക് എതിരാളികൾ ലീഗിലെ ഏറ്റവും അവസാനകാരായ ക്രിസ്റ്റൽ പാലസാണ്. സിറ്റിയോട് ഏറ്റ തോൽവിയോടെ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയിലേക്ക് പോയ ചെൽസിക്ക് ടീമിലെ അഭിവാജ്യ ഘടകമായ എൻഗോലോ കാന്റെയുടെ പരിക്ക് ഭീഷണിയാകും. ഫ്രാൻസിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിനിടയിൽ പരിക്കേറ്റ ഫ്രഞ്ചുകാരന് ഏതാനും ആഴ്ചകൾ കളിക്കാനാവില്ല എന്ന് ഉറപ്പാണ്.

7 മത്സരങ്ങളിൽ എല്ലാ മത്സരങ്ങളിൽ തോറ്റ പാലസിന് ലീഗിൽ ഇതുവരെ ഒരു ഗോൾ പോലും നേടാനായിട്ടില്ല. സ്വന്തം മൈതാനത്തു ചെൽസിക്കെതിരെ സമനില പോലും അവർക്കു വലിയ നേട്ടമാകും. പക്ഷെ ക്രിസ്റ്റിയൻ ബെൻറ്റെക്കെയുടെ പരിക്കോടെ സ്‌ട്രൈക്കർ റോളിൽ മധ്യനിര താരം ബകാരി സാക്കോയെ കളിപ്പിക്കേണ്ട ഗതികേടിലാണ് റോയ് ഹോഡ്സൻ. മധ്യനിര താരം റൂബൻ ലോഫ്റ്റസ് ചീകിന് ചെൽസിയിൽ നിന്ന് വായ്പ അടിസ്ഥാനത്തിൽ വന്നതുകൊണ്ട് കലികാനാവില്ല. വിൽഫ്രഡ് സാഹയും പരിക്ക് മാറി എത്തിയിട്ടില്ല. ഇന്ന് ഗോൾ നേടാതെ തോൽവി വഴങ്ങുകയാണെങ്കിൽ ഫുട്ബോൾ ലീഗ് ചരിത്രത്തിൽ ഗോൾ നേടാതെ തുടർച്ചയായി 9 മത്സരങ്ങൾ തോൽക്കുന്ന ആദ്യ ടീമെന്ന നാണക്കേടിന്റെ റെക്കോർഡും പാലസിന് സ്വന്തമാകും.

ലണ്ടൻ ഡെർബികളിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ റെക്കോർഡുള്ള ചെൽസി ആ റെക്കോർഡിലേക്ക് 3 പോയിന്റ് കൂട്ടാൻ ഉറപ്പിച്ചു തന്നെയാവും ഇന്ന് ഇറങ്ങുക. കാന്റയുടെ അഭാവത്തിൽ മധ്യനിരയിൽ ബകയോകൊക്കൊപ്പം സെസ്‌ക് ഫാബ്രിഗാസ് കളിച്ചേക്കും. 3 മത്സരങ്ങളുടെ സസ്‌പെൻഷൻ മാറി ഡേവിഡ് ലൂയിസ് തിരിച്ചെത്തുമ്പോൾ കൊണ്ടെയുടെ പ്രതിരോധം ശക്തമാകും. പരിക്കേറ്റ മൊറാത്തക്കു പകരം മിച്ചി ബാത്ശുവായി കളിച്ചേക്കും. ഈഡൻ ഹസാഡ് ബാത്‌ശുവായിക്കു പകരം സ്‌ട്രൈക്കർ റോളിൽ കളിക്കാനും സാധ്യതയുണ്ട്.

കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ ടീമുകളുമായി അകലം കൂടാതിരിക്കാൻ ചെൽസിക്ക് ജയം അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇത്രയും ദുർബലമായ പാലസിനെതിരെ ജയിക്കാനായില്ലെങ്കിൽ അത് ചെൽസിയുടെ കാര്യം കൂടുതൽ പരുങ്ങലിലാകും എന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 7 . 30 നാണു മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement