ഗിഗ്സിനെ മറികടന്ന് ഗരേത് ബാരി

ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയം ചരിത്രപരമായ ഒരു പ്രീമിയർ ലീഗ് റെക്കോർഡിന് സാക്ഷ്യം വഹിച്ചു. വെസ്റ്റ് ബ്രോം ക്യാപ്റ്റൻ ഗരേത് ബാരിയുടെ 633 ആം പ്രീമിയർ ലീഗ് മത്സരമാണ് ഇന്നലെ അരങ്ങേറിയത്. 632 മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സിനെ മറികടന്ന് ഗരേത് ബാരി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരമായ മത്സരം. നിലവിൽ പ്രീമിയർ ലീഗിൽ കളിക്കുന്നവരിൽ ബാരിക്ക് തൊട്ടടുത്തുള്ളത് 479 മത്സരങ്ങൾ കളിച്ച മൈക്കൽ കാരിക് മാത്രം.

പ്രീമിയർ ലീഗിൽ ഇതുവരെ 45 വ്യത്യസ്ത ക്ലബ്ബ്ൾക്കെതിരെ കളിച്ചിട്ടുണ്ട് മുൻ ഇംഗ്ലണ്ട് ദേശീയ താരം കൂടിയായ ബാരി. കരിയറിന്റെ ഭൂരിഭാഗം ആസ്റ്റണ് വില്ലക്കും മാഞ്ചസ്റ്റർ സിറ്റിക്കും വേണ്ടി കളിച്ച ബാരി എവർട്ടന് വേണ്ടിയും കളിച്ചിട്ടുണ്ട്. 3 വർഷം എവർട്ടന്റെ ബൂട്ടണിഞ്ഞ ബാരി ഈ സമ്മറിലാണ് വെസ്റ്റ് ബ്രോമിലേക്ക് കൂടു മാറിയത്. 1998 മുതൽ ഇംഗ്ലീഷ് ഫുട്ബോളിലെ നിറ സാന്നിധ്യമാണ് ബാരി, 1998 മുതൽ 2009 വരെ വില്ലയുടെ താരമായിരുന്ന ബാരി പിന്നീട് 2014 വരെ മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്പായമണിഞ്ഞു. സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പ് കിരീടവും സ്വന്തമാക്കാൻ ബാരിക്കായി. 2014 മുതൽ 2017 വരെ എവർട്ടനിൽ കളിച്ച ബാരി റൊണാൾഡ് കൂമാന്റെ വരവോടെ അവസരങ്ങൾ കുറഞ്ഞതോടെയാണ് വെസ്റ്റ് ബ്രോമിലേക്ക് ചുവട് മാറിയത്.

36 കാരനായ ബാരി ഗിഗ്സിനെ പോലെ തന്റെ നാൽപതുകളിലും കളിക്കളത്തിൽ ഉണ്ടാവും എന്ന ഉറച്ച തീരുമാനത്തിലാണ്. മധ്യനിരയിൽ അനുഭവ സമ്പത്ത്കൊണ്ട് ലീഗിലെ വേഗക്കാരായ ആക്രമണ നിരക്കാർക്ക് എന്നും തടസ്സം സൃഷ്ടിച്ചിട്ടുള്ള ബാരിക്ക് ഗിഗ്സിന്റെ പാത പിന്തുടരാൻ വലിയ പ്രയാസം ഉണ്ടായേക്കില്ല. ഇംഗ്ലണ്ടിനായി 2000 മുതൽ 2012 വരെ 53 മത്സരങ്ങൾ കളിച്ച ബാരി ദേശീയ ടീമിനായി 3 ഗോളുകൾ നേടിയിട്ടുണ്ട്. ചരിത്ര ദിവസത്തിൽ പക്ഷെ ഗണ്ണേഴ്സിനോട് തോൽവി വഴങ്ങിയത് ബാരിയുടെ ആഘോഷത്തിന് അൽപമെങ്കിലും മങ്ങൽ എൽപിച്ചിട്ടുണ്ടാകും. ബാരിയോടുള്ള ആദര സൂചകമായി ബാരിക്ക് ആഴ്സണലിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ പദവി നൽകാൻ വെസ്റ്റ് ബ്രോം താരങ്ങൾ തീരുമാനിച്ചിരുന്നു. ബാരിക്കായി 633 എന്ന് പതിച്ച ആഴ്സണൽ താരങ്ങൾ ഒപ്പിട്ട ജേഴ്‌സിയായിരുന്നു ഗണ്ണേഴ്‌സ് സമ്മാനമായി നൽകിയത്.

ഇനിയും ഏതാനും സീസണുകൾ ബാരി പ്രീമിയർ ലീഗിൽ കളിക്കുകയാണെങ്കിൽ സമീപ ഭാവിയിൽ ആരും തകർക്കാൻ സാധ്യത ഇല്ലാത്തത്ര റെക്കോർഡ് മത്സരങ്ങളാവും ബാരിയുടെ അകൗണ്ടിൽ ഉണ്ടാവുക എന്നുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറയൽ ബെറ്റിസിന് നാലു ഗോൾ ജയം, റയൽ മാഡ്രിഡ് ആറാം സ്ഥാനത്തേക്ക് താഴ്ന്നു
Next articleപാക്കിസ്ഥാന്‍ വനിതകളെ മാര്‍ക്ക് കോള്‍സ് പരിശീലിപ്പിക്കും