ഫിലിപ്പ് ലാം ജർമ്മനിയുടെ ഓണററി ക്യാപ്റ്റൻ

- Advertisement -

ജർമ്മൻ നാഷണൽ ടീമിന്റെ ഓണററി ക്യാപ്റ്റൻ ആയി ഫിലിപ്പ് ലാമിനെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. മുൻ ലോക ചാമ്പ്യനായ താരത്തിനെ 2024 യൂറോ കപ്പിന്റെ ബിഡിനായുള്ള അംബാസിഡർ ആയും ജർമ്മൻ എഫ്എ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഫ്രാങ്ക്ഫർട്ടിൽ നടന്ന അസോസിയേഷന്റെ യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. ഈ അംഗീകാരം ഏറ്റുവാങ്ങുന്ന ആറാമത്തെ ജർമ്മൻ താരമാണ് ഫിലിപ്പ് ലാം.

ജർമ്മൻ ഇതിഹാസ താരങ്ങളായ ഫ്രിറ്റ്സ് വാൾട്ടർ,ഉവെ സീലർ,ഫ്രാൻസ് ബെക്കൻബോവർ,ലോതർ മതയസ്, ജാർഗൻ ക്ലിൻസ്മാൻ എന്നിവർക്കാണ് ഇതിനു മുൻപേ ജർമ്മൻ ടീമിന്റെ ഓണററി ക്യാപ്റ്റൻ പദവി ലഭിച്ചിട്ടുള്ളത്. തനിക്ക് ലഭിച്ച അംഗീകാരം തന്റെ സഹതാരങ്ങൾക്കാണ് ഫിലിപ്പ് ലാം സമർപ്പിച്ചത്. അർജന്റീനയെ തകർത്ത് ലോകകപ്പുയർത്തിയ ജർമ്മൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ഫിലിപ്പ് ലാം. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര കരിയറിനോട് വിട പറഞ്ഞ ഫിലിപ്പ് ലാം കഴിഞ്ഞ സീസണിലാണ് ക്ലബ് ഫുട്ബാളിൽ നിന്നും വിരമിക്കുന്നത്. ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ താരമായിരുന്നു ഫിലിപ്പ് ലാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement