പെപ് സെപ്റ്റംബറിലെ മികച്ച പരിശീലകൻ, കെയ്ൻ മികച്ച കളിക്കാരൻ

- Advertisement -

പ്രീമിയർ ലീഗിൽ സെപ്റ്റംബറിലെ മികച്ച പരിശീലകനായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയെയും മികച്ച കളിക്കാരനായി ടോട്ടൻഹാമിന്റെ ഹാരി കെയ്നെയും തിരഞ്ഞെടുത്തു. നേരത്തെ മികച്ച ഗോളായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വലൻസിയ എവർട്ടനെതിരെ നേടിയ ഗോൾ തിരഞ്ഞെടുത്തിരുന്നു.

സെപ്റ്റംബറിൽ മികച്ച ഫോമിലാണ് മാഞ്ചസ്റ്റർ സിറ്റി. പെപ്പിന്റെ ടീം കളിച്ച 4 മത്സരങ്ങളും ജയിച്ച ടീം 17 ഗോളുകൾ നേടുകയും ചെയ്തു. ഒരു ഗോൾ പോലും എതിരെ വാങ്ങാതെയാണ് പെപ്പിന്റെ ടീം എല്ലാ കളികളും ജയിച്ചത്. നിലവിൽ 19 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ലിവർപൂൾ, ചെൽസി അടക്കമുള്ള പ്രമുഖരെ മികച്ച പ്രകടനത്തോടെ തോൽപിച്ചാണ് സിറ്റി സെപ്റ്റംബർ പൂർത്തിയാക്കിയത്.

ആഗസ്റ്റിലെ മോശം പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമാണ് ഹാരി കെയ്ൻ സെപ്റ്റംബറിൽ സ്പർസിനായി നടത്തിയത്. സെപ്റ്റംബറിൽ കളിച്ച 4 കളികളിൽ 6 ഗോളുകൾ നേടിയ താരം പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡിലേക്കുള്ള കുതിപ്പിലാണ്. കരിയറിൽ ഇതുവരെ 5 പ്ലേയർ ഓഫ് ദി മന്ത് അവാർഡ് നേടിയ താരം ഒന്ന് കൂടി നേടിയാൽ 6 അവാർഡുകൾ നേടിയ സ്റ്റീവൻ ജറാർഡിന്റെ റെക്കോർഡിന് ഒപ്പമെത്തും. ആഗസ്റ്റിൽ ഒരു ഗോൾ പോലും നേടാൻ ഹാരി കെയ്‌നിന് ആയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement