ഇന്ത്യയെ രക്ഷിച്ച് ഫലസ്തീൻ, ഇന്ത്യൻ കുട്ടികൾക്ക് U-16 ഏഷ്യാ കപ്പ് യോഗ്യത

 

ഇന്ത്യൻ അണ്ടർ 16 കുട്ടികൾക്ക് എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിന് യോഗ്യത. ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറാഖിനോട് സമനില വഴങ്ങിയ ഇന്ത്യയ്ക്ക് യോഗ്യത നേടാൻ ഫലസ്തീന്റെ സഹായം ആവശ്യമുണ്ടായിരുന്നു. ഇന്ത്യയുടെ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ നേപ്പാളിനെ ഫലസ്തീൻ പരാജയപ്പെടുത്തിയതോടെ ആണ് ഇന്ത്യയുടെ യോഗ്യത ഉറച്ചത്.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതി കയറിയായിരുന്നു നേപ്പാളിനെതിരെ ഫലസ്തീന്റെ വിജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇറാഖ് നേരത്തെ യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരെ കൂടാതെ മികച്ച അഞ്ചോ ആറോ റണ്ണേഴ്സ് അപ്പ് കൂടെ അടുത്ത വർഷം നടക്കുന്ന അണ്ടർ 16 എ എഫ് സി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും. ആ ആറു ടീമുകളിൽ ഒന്നായാണ് ഇന്ത്യ ഏഷ്യ അണ്ടർ 16 ചാമ്പ്യൻഷിപ്പിന് പോകുക.

എ എഫ് സി യോഗ്യതാ റൗണ്ടിൽ ഒരോ ഗ്രൂപ്പിലും വ്യത്യസ്ഥ എണ്ണം ടീമുകളാണ് ഉള്ളത് എന്നതിനാൽ മികച്ച റണ്ണേഴ്സ് അപ്പിനെ കണക്കാക്കുമ്പോൾ ഗ്രൂപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തവരുമായി കളിച്ച പോയന്റു മാത്രമെ കണക്കു കൂട്ടുകയുള്ളൂ. അതു കൊണ്ട് തന്നെ ഫലസ്തീൻ ഗ്രൂപ്പിൽ ആദ്യ മൂന്നിൽ എത്തുകയാണെങ്കിൽ ഇന്ത്യയ്ക്ക് ഫലസ്തീനെതിരായി നേടിയ വിജയത്തിന്റെ മൂന്നു പോയന്റ് ലഭിക്കുമായിരുന്നു. ഇന്നത്തെ ജയത്തോടെ ഫലസ്തീൻ പോയന്റ് ടേബിളിൽ മൂന്നാമതെത്തി.

അതോടെ ഇറാഖിനെതിരെയുള്ള സമനിലയും ഫലസ്തീനെതിരെയുള്ള വിജയവുമടക്കം മികച്ച റണ്ണേഴ്സ് അപ്പിനുള്ള ടേബിളിൽ 4 പോയന്റായി ഇന്ത്യയ്ക്ക്. ഇന്ത്യയാണ് ഇപ്പോൾ റണ്ണേഴ്സ് അപ്പ് ടേബിളിൽ ഒന്നാമത്. മറ്റു ഗ്രൂപ്പിലെ മത്സരങ്ങൾ അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെങ്കിലും ഈ നാലു പോയന്റ് ഇന്ത്യയുടെ യോഗ്യത ഉറപ്പിക്കും.

ഇത് എട്ടാം തവണയാണ് ഇന്ത്യ അണ്ടർ 16 ഏഷ്യാകപ്പിന് യോഗ്യത നേടുന്നത്. അടുത്ത വർഷം മലേഷ്യയിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ഇന്ത്യയുടെ ടീമിൽ മലയാളിയായ ഡിഫൻഡർ ഷഹബാസ് അഹമ്മദും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമടങ്ങി വരവില്‍ തകര്‍പ്പന്‍ ശതകവുമായി ഫിഞ്ച്, ഇന്ത്യയ്ക്ക് 294 റണ്‍സ് വിജയലക്ഷ്യം
Next articleവിക്ടര്‍ അക്സെല്‍സെന്‍, കരോലീന മരിന്‍ ജപ്പാന്‍ ഓപ്പണ്‍ കീരീടധാരികള്‍