സാഞ്ചസിന്റെ ലോകകപ്പ് സ്വപ്നം തകർത്തത് ഒസ്പിനയുടെ വൻ അബദ്ധം!!

- Advertisement -

ചിലിയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചത് ബ്രസീലിനോടുള്ള പരാജയത്തോടെ ആണെങ്കിലും അതേ സമയം നടന്ന കൊളംബിയ-പെറു മത്സരത്തിലെ ഒരു അബദ്ധത്തിനും ചിലി സ്വപനങ്ങൾ തകർക്കുന്നതിൽ പ്രധാന പങ്കുണ്ടായിരുന്നു. ചിലി താരം സാഞ്ചസിന്റെ കൂടെ ആഴ്സണലിൽ കളിക്കുന്ന കൊളംബിയ ഗോൾ കീപ്പർ ഒസ്പിനയാണ് ആ അബദ്ധത്തിലെ വില്ലൻ.

പെറുവും കൊളംബിയയും തമ്മിൽ നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിന് കൊളംബിയ മുന്നിട്ടു നിൽക്കുകയായിരുന്നു. 76ആം മിനുട്ടിൽ പെറുവിന് അനുകൂലമായി റെഫറി ഒരു ഇൻഡയറക്ട് ഫ്രീ കിക്ക് വിധിച്ചു. ഇൻഡയറക്ട് ഫ്രീകിക്ക് ആയതു കൊണ്ട് തന്നെ നേരിട്ട് പോസ്റ്റിലേക്ക് പന്തെത്തിയാൽ ഗോളായി കൂട്ടില്ലായിരുന്നു. പെറുവിന്റെ ഗുറേറോ നേരെ പോസ്റ്റിലേക്ക് തൊടുത്ത കിക്ക് ഇൻഡയറക്ട് ഫ്രീകിക്ക് ആണെന്ന് ഓർക്കാതെ ഓസ്പിന രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഒസ്പിനയുടെ വിരലിൽ തട്ടി പന്ത് ഗോൾവലയിൽ വീണു.

ഓസ്പിന തൊട്ടത് കൊണ്ട് ഗോൾ അനുവദിക്കാൻ റഫറിയും തീരുമാനിച്ചു. കളി 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. പെറു ചിലിയുടെ ഒപ്പം ടേബിളിൽ ഒരേ പോയന്റിൽ എത്തി. മെച്ചപ്പെട്ട ഗോൾ ശരാശരി പെറുവിനെ പ്ലേ ഓഫിലേക്ക് എത്തിച്ചു. ചിലി സ്വപ്നങ്ങൾക്ക് ഒസ്പിനയുടെ അബദ്ധം വിനയായെന്നു പറയാം. ഒസ്പിനയുടെ കൊളംബിയയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement