അഭ്യൂഹങ്ങൾക്കു മേലെ പറന്ന് നെയ്മർ, മാഞ്ചസ്റ്ററിന് ആദ്യ പരാജയം സമ്മാനിച്ച് ബാഴ്സലോണ

ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ഇടയിൽ മികച്ച പ്രകടനവുമായി നെയ്മർ. ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏക ഗോളിനു ബാഴ്സലോണ പരാജയപ്പെടുത്തിയപ്പോൾ വിജയ ഗോളുമായി താരമായത് നെയ്മർ. മെസ്സിയും സുവാരസും നെയ്മറും ബാഴ്സ മുന്നേറ്റ നിരയിൽ ഇറങ്ങിയ ആദ്യ പകുതിയിൽ യുണൈറ്റഡ് ഡിഫൻസ് പതറുന്നതാണ് കണ്ടത്. പലപ്പോഴും ഡി ഹിയ രക്ഷയ്ക്ക് എത്തിയതു കൊണ്ടു മാത്രമായിരുന്നു കളി യുണൈറ്റഡിന്റെ കൈവിട്ടു പോകാതിരുന്നത്.

എന്നാൽ 31ാം മിനിറ്റിൽ യുണൈറ്റഡ് റൈറ്റ് ബാക് അന്റോണിയോ വലൻസിയയ്ക്കു പറ്റിയ അബദ്ധം മുതലാക്കി നെയ്മർ ബാഴ്സയെ മുന്നിലെത്തിച്ചു. രണ്ട് മത്സരങ്ങളിൽ നിന്നായി നെയ്മറിന്റെ മൂന്നാമത്തെ ഗോളായി ഇത്. ആദ്യ പകുതിയിൽ കൗണ്ടർ അറ്റാക്കുകളിലൂടെ മാഞ്ചസ്റ്ററിനും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും ആധിപത്യം ബാഴ്സലോണയ്ക്കു തന്നെ ആയിരുന്നു.

രണ്ടാം പകുതിയിൽ നെയ്മർ-മെസ്സി-സുവാരസ് ഉൾപ്പെടെ പത്തു മാറ്റങ്ങൾ ബാഴ്സ നടത്തിയതോടെ കളിക്ക് ആദ്യ പകുതിയിൽ ഉണ്ടായിരുന്ന വേഗത നഷ്ടപ്പെട്ടു. റാഷ്ഫോർഡിന്റെ നേതൃത്വത്തിൽ പിറന്ന മുന്നേറ്റങ്ങളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ ഗോളിനോട് അടുത്തു എങ്കിലും സിലെസ്സൺ ബാഴ്സയുടെ വിജയം ഉറപ്പിക്കുക ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസണിലെ ആദ്യ പരാജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെൽസിയെ ഇനി ഗാരി കാഹിൽ നയിക്കും
Next articleപരിക്ക് വിനയായി, ജ്യോക്കോവിക്കിനു സീസൺ നഷ്ടമാവും