Site icon Fanport

എന്താ കളി! മൂന്നു തവണ പിറകിൽ പോയ ശേഷം ജയിച്ചു കയറി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ തന്നെ ഏറ്റവും മികച്ച മത്സരം എന്നു വിളിക്കാവുന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഏഴ് മത്സരങ്ങളിൽ പരാജയം അറിയാതെ വന്ന ലീഡ്സിനെ ആവേശകരമായ മത്സരത്തിൽ തോൽപ്പിച്ച അവർ ലീഗിൽ ആറാം സ്ഥാനത്തേക്കും മുന്നേറി. മത്സരത്തിൽ 32 മത്തെ മിനിറ്റിൽ ബ്രണ്ടൻ ആരോൺസനിലൂടെ ലീഡ്സ് മത്സരത്തിൽ മുന്നിൽ എത്തി. നാലു മിനിറ്റിനുള്ളിൽ ഹാർവി ബാർൺസിലൂടെ ന്യൂകാസ്റ്റിൽ ആ ഗോൾ മടക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു സെക്കന്റുകൾക്ക് മുമ്പ് ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഡൊമനിക് കാൽവർട് ലൂയിൻ ലീഡ്സിന് വീണ്ടും മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ ന്യൂകാസ്റ്റിൽ 54 മത്തെ മിനിറ്റിൽ തന്നെ സമനില ഗോൾ കണ്ടെത്തി. സീസണിൽ ടീമിന്റെ രക്ഷകൻ ആവുന്ന ക്യാപ്റ്റൻ ബ്രൂണോ ഗുയിമരസിന്റെ പാസിൽ നിന്നു ജോലിന്റൺ ആണ് ഈ ഗോൾ നേടിയത്. 79 മത്തെ മിനിറ്റിൽ മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയ ബ്രണ്ടൻ ആരോൺസൺ ലീഡ്സിന് വീണ്ടും മുൻതൂക്കം സമ്മാനിച്ചു. ജയം ഉറപ്പിച്ച ലീഡ്സിനെ 90 മിനിട്ടുകൾക്ക് ശേഷം ഞെട്ടിക്കുന്ന ന്യൂകാസ്റ്റിലിനെ ആണ് പിന്നീട് കണ്ടത്. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ബ്രണ്ടൻ ആരോൺസിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ക്യാപ്റ്റൻ ബ്രൂണോ അവർക്ക് സമനില സമ്മാനിച്ചു. തുടർന്ന് 102 മത്തെ മിനിറ്റിൽ ബോട്ട്മാന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഹാർവി ബാർൺസ് സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസ്റ്റിലിന് അവിസ്മരണീയ ജയം സമ്മാനിക്കുക ആയിരുന്നു.

Exit mobile version