
ഇന്ത്യൻ അണ്ടർ 17 ടീം കോച്ച് നിക്കോളോ ആഡമിന്റെ പുറത്താക്കൽ അവസാനം ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. ഒരു മാസത്തോളമായി നടക്കുന്ന നാടകങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി.
റഷ്യയിൽ നടന്ന ടൂർണമെന്റിലെ പരാജയപ്പെട്ടു വന്നതു മുതൽ നിക്കോള ആഡമിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നു. ലോകകപ്പിന് വെറും ആറു മാസം മാത്രം ബാക്കിയിരിക്കെ കോച്ചിനെ പറഞ്ഞയക്കുന്നതിൽ വ്യാപക പ്രതിഷേധം വന്നതിനെ തുടർന്ന് ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കോച്ചിനെ നീക്കം ചെയ്തു എന്ന വാർത്ത തെറ്റാണ് എന്നു വാർത്താ കുറിപ്പ് ഇറക്കിയിരുന്നു.
ഇന്ന് മറ്റൊരു വാർത്താ കുറിപ്പിലൂടെ കോച്ചുമായുള്ള കരാർ അവസാനിപ്പിക്കുകയാണ് എന്ന് ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. മോശം പ്രകടനങ്ങളല്ല കുട്ടികളുടെ പരാതിയാണ് കോച്ചിന്റെ പുറത്താക്കലിനു പിന്നിൽ എന്നാണ് അഭ്യൂഹങ്ങൾ. കോച്ചിന്റെ പെരുമാറ്റത്തെ കുറിച്ച് ടീമിലെ ഭൂരിഭാഗം കുട്ടികളും പരാതിപ്പെട്ടതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എ ഐ എഫ് എഫിനെ എത്തിച്ചത്. ഉടൻ തന്നെ പുതിയ കോച്ചിനെ നിയമിക്കും എന്നു പ്രഫുൽ പട്ടേൽ അറിയിച്ചിട്ടുണ്ട്.
പുതിയ കോച്ചിന് വെറും ആറു മാസം മാത്രമേ ലോകകപ്പിനു തയ്യാറാകൻ കിട്ടൂ എന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു.