ലോക നിലവാരത്തിലുള്ള ഒരു ഫുട്ബോൾ സ്റ്റേഡിയം കൊച്ചിയിൽ വേണ്ടേ?

- Advertisement -

12208731_636860733123196_5662986667721070342_n

യൂറോപ്പിന് വെളിയിലുള്ള ഒരു ക്ലബിന് ഏറ്റവും കൂടുതൽ കാണികളുള്ള സ്ഥലമായി കൊച്ചിയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ രണ്ടു ഐ.എസ്.എൽ സീസണുകളിൽ തന്നെ മാറി കഴിഞ്ഞിരുന്നു. ഈ സീസണിലും ആദ്യ ഹോം മാച്ചിൽ 60000ലധികം കാണികൾ എത്തി ഇന്ത്യയിലെ മികച്ച ഫുട്ബോൾ ആരാധകരുള്ള സ്ഥലം കൊച്ചി തന്നെ എന്ന് ISL -3ലും തെളിയിച്ചു കഴിഞ്ഞു. കൊച്ചിയിലെ കാണികളുടെ പിൻബലം ഉള്ളത് കൂടി കണ്ടാണ് ഫിഫ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതൽ ഇന്ത്യയിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പിന് കൊച്ചിക്കു പച്ചക്കൊടി നൽകിയത്. കേരളത്തിലെ ഫുട്ബോൾ വളർച്ചക്ക് അണ്ടർ 17 ലോകകപ്പ് വേദിയാകുന്നത് തീർച്ചയായും ഒരു വലിയ മുതൽക്കൂട്ടാകും. പക്ഷേ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾക്ക് പഞ്ഞമില്ലാത്ത ഇന്ത്യയിൽ ഫുട്ബോളിന്റെ തുടർന്നുള്ള വളർച്ചക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ കൂടിയേ തീരു. കഴിഞ്ഞ ദിവസം ഗോവയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കോച്ച് സ്റ്റീവ് കോപ്പേൽ പറഞ്ഞത് ഇന്ത്യയിൽ മികച്ച കാണികൾ ഉണ്ടെങ്കിലും ഇവിടെയുള്ള സ്റ്റേഡിയങ്ങളിൽ കാണികൾ ദൂരയാകുന്നത് കൊണ്ട് ഇംഗ്ലണ്ടിലെ പോലെ എന്നെ ഭയപെടുത്തുന്നില്ല എന്നാണ്. ചില സ്റ്റേഡിയങ്ങളിൽ ഇടയ്ക്കു റണ്ണിങ് ട്രാക്കുള്ളത് കൊണ്ട് കാണികൾ വളരെയധികം ദൂരെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കലൂര്‍ സ്റ്റേഡിയം വിവിധ ഗെയിംസ് ഉദ്ദേശിച്ചു നിര്‍മ്മിച്ച ഒരു സ്റ്റേഡിയം ആണ്. അത് കൊണ്ട് തന്നെ ഫുട്ബോൾ മാച്ച് കാണുമ്പോൾ ഗ്രൗണ്ടിൽ നിന്ന് കുറച്ചു ദൂരെ ആകുന്നത് സ്റ്റീവ് കോപ്പേൽ പറഞ്ഞത് പോലെ തന്നെ ഒരു ന്യുനതയാണ്.

img_20161001_185946അടുത്തിടെ പുറത്തു വന്ന ഫിഫ റാങ്കിങ്ങിൽ ഇന്ത്യ കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും മികച്ച റാങ്കായ 137-ൽ എത്തിയത് ഇന്ത്യൻ ഫുട്ബോളിന് ശുഭ സൂചകമാണ് നൽകുന്നത്. തുടർന്നും ഈ റാങ്കിങ് നിലനിർത്തണമെങ്കിൽ ഇന്ത്യക്കു മുകളിൽ റാങ്കിംഗുള്ള രാജ്യങ്ങളുമായി ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കണം. കാനഡ, ഖത്തർ, ഹെയ്തി, ഇസ്രായേൽ തുടങ്ങിയെ രാജ്യങ്ങളുമായിയൊക്കെ ഇന്ത്യക്കു കളിക്കാവുന്നതാണ്. മികച്ച ടീമുകൾ ഇവിടെ കളിക്കാൻ എത്തണമെങ്കിൽ നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ കൂടിയേ തീരു.

അത്‍ലറ്റികോ കൊൽക്കത്ത ടീം ഉടമകളായ സൻജീവ്‌ ഗോയെങ്ക ഗ്രൂപ്പ് 550-കോടി രൂപയുടെ ഫുട്ബോൾ അക്കാഡമിയുമായി മുൻപോട്ടു പോയികൊണ്ടിരിക്കുന്നു. ലോക നിലവാരമുള്ള സ്റ്റേഡിയം, ത്രീ സ്റ്റാർ ഹോട്ടൽ, ഹോസ്റ്റൽ ഉൾപ്പെടെയുള്ള അക്കാഡമിക്കു വേണ്ടി 35-ഏക്കർ സ്ഥലം കൊൽക്കത്ത നഗരത്തിനു സമീപം അവർ കണ്ടെത്തിക്കഴിഞ്ഞു. അത്‍ലറ്റിക്കോ കൊൽക്കത്ത ടീം പ്രൊമോട്ടർമാരായ അത്‍ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുമായി ചേർന്നാണ് അക്കാഡമി വിഭാവനം ചെയ്തിരിക്കുന്നത്. യുപിയിലെ ലക്നൗവും ഫുട്ബോൾ സ്റ്റേഡിയം പ്രൊജെക്ടുമായി മുൻപന്തിയിൽ തന്നെയുണ്ട്. 2018-ൽ പൂർത്തീകരിക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന 250-കോടിയുടെ പദ്ധിതിക്കു വേണ്ടി ലക്നൗ ഡെവലപ്പ്മെന്റ് അതോറിറ്റിയിലെ ഒരു സംഘം സ്പെയിൻ,സ്വീഡൻ, ഇംഗ്ലണ്ട് രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളിൽ സന്ദർശനം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുകയും ഫുട്ബോൾ ഇഷ്ടപെടുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇതിനു വേണ്ടി പ്രതേക താല്പര്യം എടുക്കുകയും ചെയ്തു.

6944164118_a828017043_bഫുട്ബോളിനു ഇത്രയും പിന്തുണയുള്ള ഒരു സംസ്ഥാനത്തിന് ഇനിയും ഇതിൽ പുറം തിരിഞ്ഞു നില്ക്കാൻ കഴിയില്ല. ലോക ഫുട്ബോൾ ഭൂപടത്തിൽ കേരളത്തിന് ഒരു സ്ഥാനം കിട്ടണമെങ്കിൽ മികച്ച സ്റ്റേഡിയം കൂടിയേ തീരു. നല്ല സ്റ്റേഡിയമുണ്ടെങ്കിൽ ഐ.എസ്.എല്‍, സന്തോഷ് ട്രോഫി, ഇന്ത്യയുടെ മത്സരങ്ങള്‍, ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങള്‍, ക്ലബ് സൗഹൃദ മത്സരങ്ങള്‍ വരെ നടത്താൻ കഴിയും. കേരളത്തിൽ വേണ്ടത് സ്പെയിനിലെ ക്യാമ്പ് നൗ പോലെയോ ഇംഗ്ലണ്ടിലെ ആര്‍സണല്‍, വെംബ്ലി പോലെയുള്ള ഒരു മികച്ച വലിയ ലോക നിലവാരമുള്ള അന്തർദേശിയ ഫുട്ബോൾ സ്റ്റേഡിയമാണ്.

wembley_enggermatch

കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമ സച്ചിൻ കേരളത്തിൽ കൊച്ചിയിൽ ഒരു സ്പോര്‍ട്സ് സിറ്റി പ്രൊജക്റ്റ്‌ പ്ലാൻ ചെയ്യുന്നതായി മാധ്യമ വാർത്ത‍യുണ്ടായിരുന്നു. ഇതിനു കേരള ഗവൺമെന്റ് വേണ്ട സഹായം ചെയ്തു കൊടുത്തു ആവശ്യമായ സ്ഥലം കണ്ടെത്തി നല്കി ഇതിൽ ഒരു നിലവാരം ഉള്ള ഫുട്ബോൾ സ്റ്റേഡിയം കൂടി ഉൾപ്പെടുത്താനുള്ള ശ്രമം നടത്തണം. സച്ചിനെ പോലെയുള്ള ഒരു കായിക പ്രതിഭ ഒരു സ്പോര്‍ട്സ് പ്രോജക്ട് കേരളത്തിൽ പ്ലാൻ ചെയുക എന്നത് തന്നെ ഒരു വലിയ നേട്ടമാണ്. ദുബായ് ടീകോം കൊച്ചി സ്മാർട്ട് സിറ്റി പ്രോജക്ട് ഫേസ് 2-ൽ ഐ .ടി പ്രൊഫഷനലുകള്‍ക്കു വേണ്ടി ഒരു ചെറിയ ഫുട്ബോൾ സ്റ്റേഡിയം പ്ലാൻ ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഫുട്ബോൾ സാധ്യത വേണ്ടവിധം അവരെ ബോധ്യപെടുത്താൻ കഴിഞ്ഞാൽ അത് ഒരു വലിയ മികച്ച അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം പ്രൊജക്റ്റാക്കാൻ കഴിയും. സ്മാർട്ട്‌ സിറ്റി പ്രൊജക്റ്റ്‌ പോലെ തന്നെ ഒരു സ്പോർട്ട് സിറ്റി പ്രൊജക്റ്റ്‌ കൂടി ലിങ്ക് ചെയ്താൽ കൂടുതൽ മികച്ച സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ സ്റ്റേഡിയത്തിനകത്തു ഫുട്ബോൾ ആവശ്യം കഴിഞ്ഞു വരുന്ന കാർപെറ്റ് ഏരിയ ഐ .ടി പാർക്കിനായോ സ്റ്റാർട്ട്‌ അപ്പ്‌ വില്ലേജിനോ പ്രയോജനപെടുത്താം.

എന്താണ് കേരളത്തിന്റെ സാദ്ധ്യതകൾ ??

കേരളത്തിന്റെ സാദ്ധ്യത ഇന്ത്യയിൽ ഒരു മികച്ച നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം ഇല്ല എന്നുള്ളതാണ്. ഇന്ത്യയിൽ ഏറ്റവും മികച്ച ഫുട്ബോൾ ആരാധകരുള്ള സ്ഥലവും യൂറോപിനു വെളിയിൽ ഉള്ള ഒരു ക്ലബിന് ഏറ്റവും കൂടുതൽ കാണികൾ ഉള്ള സ്ഥലവുമായ കൊച്ചിയിൽ ഒരു ലക്ഷം ആളുകളെ ഉള്‍കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം നിർമിച്ചാൽ കൊച്ചിയിലൂടെ ഇന്ത്യക്ക് ലോക ഫുട്ബോൾ ഭൂപടത്തിൽ ഇടം നേടാം. അതിലൂടെ ഇന്ത്യയിലെ ഫുട്ബോളിന്റെ തലസ്ഥാനം കൊച്ചിയാമാവും.

എന്ത് കൊണ്ട് കൊച്ചി?

കേരളത്തിൽ തെക്ക് നിന്നും വടക്ക് നിന്നും എളുപ്പത്തിൽ എത്താൻ കഴിയുന്ന ഇടം, മികച്ച ഹോട്ടലുകൾ, പരിശീലനത്തിന് ഉള്ള സ്റ്റേഡിയങ്ങൾ, എയർപോർട്ട്, മെട്രോ അടക്കമുള്ള ഗതാഗതം.

കൊച്ചിയിൽ എവിടെ ??

മുൻ മന്ത്രി T M ജേക്കബ് KCAക്ക് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ അംമ്പല്ലൂർ 40 ഏക്കർ സ്ഥലം നല്‍കാം എന്ന് പറഞ്ഞിരുന്നു. അല്ലെങ്കിൽ വൈറ്റില, തൃപ്പൂണിത്തറ, ഏരൂർ, കാക്കനാട്, കിഴക്കമ്പലം, കളമശേരി തുടങ്ങിയ സ്ഥലങ്ങളിൽ നോക്കാവുനതാണ്.

ആര് മുന്‍കൈ എടുക്കണം?

 1. കേരള സര്‍ക്കാര്‍
 2. കേരള ഫുട്ബോൾ അസോസിയേഷൻ
 3. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
 4. കേരളം ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്മെന്റ്
 5. കൊച്ചി കോർപറേഷൻ, ഗ്രെയ്റ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി
 6. ISL പ്രൊമോട്ടേഴ്സ് IMG റിലൈൻസ്
 7. കോർപറേറ്റുകൾ

ഏത് രീതിയിൽ ??

 1. DBOT – ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്‌ഫോം; ഗവണ്മെന്റ് സ്ഥലം നല്കുമെങ്കിൽ. ഉദാ: തിരുവന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, വിഴിഞ്ഞം പോർട്ട്.
 2. പൂർണമായും പൊതു മേഖലയിൽ ഉദാ:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം
 3. പൊതു സൗകര്യ പാർട്ണർഷിപ്പ് (PPP ) ഉദാ :CIAL മോഡൽ
 4. പൂര്‍ണമായും പ്രൈവറ്റ് മോഡൽ

ചെലവ് ?

മികച്ച ലോക നിലവാരം ഉള്ള ഒരു ഒരു ലക്ഷം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയം നിർമ്മിക്കാൻ 600-800 കോടി വരെ (ഡിസൈൻ അനുസരിച്ചു).

എങ്ങനെ പണം കണ്ടെത്തും ??

1) പൂർണമായും പൊതു മേഖലയിലോ PPP മോഡലിലോ ആണെങ്കിൽ.

 • സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍
 • JICA പോലുള്ള വായ്പ ഏജൻസികളിൽ നിന്ന് ലോൺ
 • ഫിഫ ഫണ്ടിംഗ്
 • പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ്

2) പൂര്‍ണമായും പ്രൈവറ്റ് അല്ലെങ്കിൽ DBOT ആണെങ്കിൽ അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച്.

വരുമാനം? നിർമാണ ചെലവ് എങ്ങനെ തിരിച്ചു പിടിക്കും?

 1. ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് നീണ്ടകാല പാട്ടത്തിനു സ്റ്റേഡിയം നെയിം റൈറ്റ്സ് വില്‍ക്കുക. അവിടെ പിന്നീടു നടക്കുന്ന മത്സരങ്ങളില്‍ സ്റ്റേഡിയത്തിന്റെ പേര് നിശ്ചിത കാലത്തേക്ക് അവരുടെ പേരിലാകും അറിയപ്പെടുന്നത്. സ്റ്റേഡിയത്തിന്റെ മൊത്തം പേര് മാത്രമല്ല വിവിധ ഇരിപ്പിടങ്ങളുള്ള സ്റ്റാൻഡുകൾ വേറെയിങ്ങനെ നെയിം റൈറ്റ്സ് വിൽക്കാൻ കഴിയും. ഉദാ. അമേരിക്കയിലെ NRG Stadium,അത് നിര്‍മ്മിക്കാന്‍ ചെലവ് ആയത് $352 മില്യണ് ആണ് പക്ഷെ NRG എനർജി 2000ല്‍ 32-വര്ഷത്തേക്ക് $300 മില്യണിനു നെയിം റൈറ്റ്സ് വാങ്ങി. നിര്‍മ്മാണത്തിനു ചിലവായ 85% തുകയും തിരിച്ചു പിടിച്ചു. ആര്‍സണല്‍ ഫുട്ബോൾ ക്ലബ്ബ് അവരുടെ സ്റ്റേഡിയം നെയിം റൈറ്റ്സ് എമിറേറ്റസ്സിനു 150 മില്യണ്‍ പൌണ്ടിനു 2028 വരെ വിറ്റു. അലയന്‍സ് കമ്പനി ആറു രാജ്യങ്ങളിലെ സ്റ്റേഡിയം നെയിം റൈറ്റ്സ് വാങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ സൻജീവ്‌ ഗോയെങ്ക ഗ്രൂപ്പ് അവരുടെ കൽക്കട്ട ഇലക്ട്രിക്ക് സപ്ലൈ കോര്‍പ്പറേഷന് (CESC ) ബ്രാൻഡ് നെയിം നല്കാൻ പ്ലാൻ ചെയ്താണ് പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നത്.
 2.  ടിക്കറ്റിൽ നിന്നുള്ള വരുമാനം
 3.  ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങളുടെ വേദിയാകുക
 4. മറ്റു പരിപാടികൾക്ക് വേദിയാകുക ഉദാ : മ്യൂസിക്കൽ ഷോകള്‍ , അവാർഡ് നൈറ്റ്, കോൺഫറൻസ് etc
 5. വാണിജ്യ ആവശ്യങ്ങള്‍
 6. കാർപെറ്റ് ഏരിയ IT പാർക്കിനായോ സ്റ്റാർട്ട് അപ്പ് വില്ലേജിനോ പ്രയോജനപെടുത്താം
 7. മൾട്ടിപ്ലെസ്/I MAX /4D തീയേറ്റർ കാർപെറ്റ് ഏരിയൽ നിർമിക്കാം

കേരളത്തിന് മറ്റു നേട്ടം?

 1. വിനോദ നികുതി
 2.  ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങള്‍, ക്ലബ് സൗഹൃദ മത്സരങ്ങള്‍ നടത്തുക വഴി വിദേശ ദേശിയ വിനോദ സഞ്ചാരികൾ എത്തുക വഴി ടൂറിസം സെക്ടറിൽ ഉള്ള സാധ്യത.വളരെ എളുപ്പത്തിൽ തന്നെ കേരള ടൂറിസത്തിനു ഗ്ലോബൽ ബ്രാൻഡിംഗ് കിട്ടും
 3. ഇപ്പോൽ തന്നെ ISL നൂറ് രാജ്യങ്ങളിൽ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. ഉദാ:ബ്രസീൽ അര്‍ജന്റീന ഒരു ഫ്രണ്ട്‌ലി മാച്ച് നടത്തിയാൽ ടെലികാസ്റ്റ് 200 രാജ്യങ്ങളിൽ എത്തും. അത്രയും രാജ്യങ്ങളിൽ കേരളവും കൊച്ചിയും ഇവിടുത്തെ ഫുട്ബോൾ ആരാധകരും എത്തും. അത് വഴി കൂടുതൽ ഇന്റർനാഷണൽ സ്പോണ്‍സേഴ്സ് കടന്നു വരും.
 4. ലോക ഫുട്ബോൾ ഭൂപടത്തിൽ ഇടം.
 5. ഓട്ടോ, ടാക്സി, ഹോട്ടൽ മുതൽ കച്ചവടക്കാർക്ക് വരെ കിട്ടുന്ന വരുമാനം.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പിന്നെ എന്ത് ചെയ്യും?

സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ കുറച്ചു നാളായി ശ്രമം നടത്തുന്നുണ്ട്. ഇടകൊച്ചിയിൽ വാങ്ങിയ സ്ഥലം പരിസ്ഥിതി വാദികളുടെ എതിർപ്പിനെ തുടര്‍ന്നു വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണ്. വല്ലപ്പോഴും മാത്രം കേരളത്തിൽ വിരുന്നു വരുന്ന ക്രിക്കറ്റിനായി ഇനി പുതിയ ഒരു അന്താരാഷ്ട്ര സ്റ്റേഡിയം വേണമോ എന്ന് കെ.സി.എ ചിന്തിക്കേണ്ടിയിരിക്കുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം കെ.സി.എ 30-വർഷ പാട്ടത്തിനു GCDA -യിൽ നിന്ന് എടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ടെസ്റ്റ്, ഐ.പി.ൽ പോലുള്ള മത്സരം നടത്താനുള്ള ബി.സി.സി.ഐയുടെ മാനദണ്ഡം മറികടക്കാവുന്നതാണ്. പാട്ട കാലാവധി വേണമെങ്കിൽ നീട്ടി പൂർണമായ ഒരു മേക്ക് ഓവർ കലൂർ സ്റ്റേഡിയത്തിനു കെ.സി.എക്കു നൽകാവുന്നതാണ്. ഒരു സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ചെലവ് ആകുന്നതിന്റെ നാലിലൊന്ന് ചിലവാക്കിയാൽ മതിയാകും. എട്ടു വര്‍ഷം മുൻപ് GCDA പത്തു കോടി മുടക്കി ചെറിയ റീനോവേഷൻ സ്റ്റേഡിയത്തിൽ ചെയ്തിരുന്നു. അണ്ടർ 17 ലോകകപ്പിന് വേണ്ടി മാത്രം ഇപ്പോൾ 42 കോടിയുടെ പ്രോജക്ടും നടക്കുന്നുണ്ട്. 1853-ൽ നിർമിച്ച ഓസ്ട്രേലിയയിലെ മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് പല തവണയായി റീനോവേഷൻ ചെയ്തു ഇപ്പോഴും പുതിയത് പോലെ കൊണ്ട് നടക്കുന്നത്. കൂടുതൽ മത്സരം നടത്താൻ സ്വന്തമായി അസ്സോസിയേഷന്‍ സ്റ്റേഡിയം വേണമെന്ന് വാദിക്കുന്ന കെ.സി.എ 2013-മുതൽ സ്വന്തമായി സ്റ്റേഡിയമുള്ള സ്സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും ഇതുവരെ നടന്നത് രണ്ടു വണ്‍ ഡേ ഇന്റർനാഷണൽ മാച്ചുകൾ മാത്രമാണെന്ന് മനസ്സിലാക്കേണ്ടതാണ്. ഈ രണ്ട് ഇടങ്ങളും ടെസ്റ്റ് മത്സരങ്ങൾക്ക് വേദിയാകാൻ പോകുന്നത്തെയുള്ളൂ. അതിനു പുറമേ കെ.സി.എ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയവും ക്രിക്കറ്റ് മത്സരങ്ങൾക്കായി ILFS-മായി അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. ഇനിയും പുതിയ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിന് വേണമോ? കെ.സി.എ ഓർക്കുക സച്ചിന്റെ മികച്ച രണ്ടു ബൗളിംഗ് പ്രകടനവും കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ പിറന്നതാണ്. ഇന്ത്യയിൽ സച്ചിന്റെ പേരിൽ ഒരു പവിലിയനുള്ളതും മുംബൈ വാങ്കഡേ സ്റ്റേഡിയം പുറമേ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്. 2013-ൽ കൊച്ചയിൽ കളിച്ച ഏകദിന മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ടീം അംഗം കെവിൻ പീറ്റർസൺ പറഞ്ഞത് താൻ കളിച്ചത്തിൽ വെച്ച് ഏറ്റവും മികച്ച അന്തരീക്ഷം കൊച്ചിയിലാണെന്നാണ്.

അതുകൊണ്ടു തന്നെ കേരളത്തിന് ഇനി ആവശ്യം ഒരു ക്രിക്കറ്റ് സ്റ്റേഡിയമോ മൾട്ടി പർപ്പസ് സ്റ്റേഡിയമോ അല്ല മറിച്ചു മികച്ച ലോക നിലവാരമുള്ള ഒരു അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയമാണ്.

Advertisement