ഇറ്റലിയെ സമനിലയിൽ പിടിച്ചു പോളണ്ട്, ബോസ്നിയെക്ക് എതിരെ നെതർലന്റ്സിനും സമനില

20201012 024725
- Advertisement -

നേഷൻസ്‌ ലീഗിൽ പൂൾ എയിൽ ഗ്രൂപ്പ് എയിൽ സമനില വഴങ്ങി ശക്തരായ നെതർലന്റ്സ്, ഇറ്റലി ടീമുകൾ. റൊനാൾഡ് ക്യൂമാനു ശേഷം പരിശീലകൻ ആയി സ്ഥാനം ഏറ്റ ശേഷം ഇത് വരെ ജയിക്കാൻ ആവാത്ത ഫ്രാങ്ക് ഡി ബോറിന്റെ ടീം ബോസ്നിയ ഹെർസഗോവിനയോട് ഗോൾരഹിത സമനില ആണ് വഴങ്ങിയത്. മത്സരത്തിൽ 70 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും 15 ഷോട്ടുകൾ ഉതിർത്തിട്ടും ബോസ്നിയ വല ഭേദിക്കാൻ ഡച്ച് പടക്കു ആയില്ല. 15 ഷോട്ടിൽ നാലെണ്ണം മാത്രം ആണ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിയത് എന്നത് ഡച്ച് ടീമിന്റെ പ്രശ്നം ആയി.

ഏതാണ്ട് സമാനമായിരുന്നു പോളണ്ടിനു എതിരെ ഇറ്റലിയുടെ അവസ്ഥയും. മത്സരത്തിൽ 61 ശതമാനം സമയവും പന്ത് കൈവശം വച്ച അസൂറിപട 16 ഷോട്ടുകൾ ഉതിർത്തു എങ്കിലും രണ്ടെണ്ണം മാത്രം ആണ് ഗോൾ ലക്ഷ്യമാക്കിയത്. മറുവശത്ത് വലിയ അവസരങ്ങൾ തുറക്കാൻ ലെവണ്ടോസ്കിക്കും സംഘത്തിനും ആയില്ല. ഇരു ടീമുകളും സമനില വഴങ്ങിയതോടെ ഗ്രൂപ്പിൽ 5 പോയിന്റുകൾ ഉള്ള ഇറ്റലി ഒന്നാമത് എത്തി. ഗ്രൗണ്ടിന്റെ മോശം അവസ്ഥയാണ് സമനിലക്ക് കാരണം എന്നായിരുന്നു ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാഞ്ചിനി പ്രതികരിച്ചത്. അതേസമയം 3 മത്സരങ്ങളിൽ നിന്നു നെതർലന്റ്സിനും പോളണ്ടിനും നാലു പോയിന്റുകൾ ആണ് ഉള്ളത്.

Advertisement