ഫ്രാങ്ക് ഡി ബോറിന് കീഴിൽ ഡച്ച് ടീമിന് ആദ്യ വിജയം

20201116 003049
- Advertisement -

അങ്ങനെ റൊണാൾഡ് കോമന് പകരക്കാരനായി ഡച്ച് ദേശീയ ടീം പരിശീലകനായി എത്തിയ ഫ്രാങ്ക് ഡിബോറിന് ആദ്യ വിജയം. ഇന്ന് ബോസ്നിയ ഹെർസെഗോവിനയെ ആണ് നെതർലന്റ്സ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു നെതർലന്റ്സ് വിജയം. ഇരട്ട ഗോളുകളുമായി ലിവർപൂൾ മധ്യനിര താരം വൈനാൾഡം ആണ് ഇന്ന് താരമായി മാറിയത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ വൈനാൾഡം വലകുലുക്കി.

ആ ഗോളിന്റെ ക്ഷീണം തീരും മുമ്പ് ബോസ്നിയയുടെ വലയിൽ വീണ്ടും പന്ത് എത്തിക്കാൻ വൈനാൾഡത്തിനായി. 12ആം മിനുട്ടിൽ ആയിരുന്നു വൈനാൾഡത്തിന്റെ രണ്ടാം ഗോൾ വന്നത്. 55ആം മിനുട്ടിൽ ലിയോൺ താരം ഡിപായ് ഡച്ച് പടയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. 63ആം മിനുട്ടിൽ പ്രെവലാക് ആണ് ബോസ്നിയയുടെ ആശ്വാസ ഗോൾ നേടിയത്. നാഷൺസ് ലീഗ് എയിൽ ഗ്രൂപ്പ് ഒന്നിൽ എട്ടു പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് നെതർലന്റ്സ്. ബോസ്നിയ അവസാന സ്ഥാനത്താണ്.

Advertisement