നോകൗട്ട് ലക്ഷ്യമിട്ട് സിറ്റി, സാധ്യത നില നിർത്താൻ നാപോളി

- Advertisement -

ചാംപ്യൻസ് ലീഗിൽ ഇന്ന് ആക്രമണ ഫുട്ബോളിന്റെ മികച്ച പ്രകടനം ഉറപ്പുള്ള മത്സരം. ഇറ്റലിയിൽ ഇന്ന് നാപോളി മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ പോരാട്ടത്തിനിറങ്ങും. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള നാപോളിക്ക് ഗ്രൂപ്പിൽ സാധ്യതകൾ നില നിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. സിറ്റിക്ക് ഇന്ന് ജയിച്ചാൽ നോകൗട്ട് ഉറപ്പിക്കാനാവും. സീരി എ യിൽ ഒന്നാമത്തുള്ള നാപോളിയും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് പരസ്പ്പരം കൊമ്പ് കോർക്കുമ്പോൾ  അത് മികച്ച പോരാട്ടമാവും എന്ന് ഉറപ്പാണ്.

ആക്രമണമാണ് ഇരു ടീമുകളുടെയും പ്രധാന ശക്തി. നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർ എന്ന് പേരുകേട്ട ഡ്രെയ്‌സ് മെർട്ടൻസ് അടങ്ങുന്ന ആക്രമണമാണ് നാപോളിയുടെ ശക്തി. കൂടെ ഇൻസിഗ്‌നേയും ഹാംഷിക് എന്നിവരും ചേരുമ്പോൾ അത് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധത്തെ വെല്ലു വിളിക്കാൻ പോന്നതാണ്. പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടുന്ന സാനെ-ഡുബ്രെയ്നെ- അഗ്യൂറോ എന്നിവരെ കൂടാതെ ആക്രമണ നിരയിൽ സ്റ്റർലിംഗും ജിസൂസമെല്ലാം മികച്ച ഫോമിലാണ്. പക്ഷെ നാപോളിയുടെ സ്വന്തം മൈതാനമായ സാൻ പൗലോയിൽ ഗോൾ നേടുക എന്നത് സിറ്റിക്ക് എളുപ്പമാവില്ല. ഇരു ടീമുകളും ഇത്തിഹാദ് സ്റ്റേഡിയത്തിൽ  ഏറ്റുമുട്ടിയപ്പോൾ മികച്ച പ്രകടനം നടത്തിയ നാപോളിയെ പെപ് ഗാർഡിയോള ഏറെ പ്രശംസിച്ചിരുന്നു. സീസണിലെ ഏറ്റവും കടുത്ത പോരാട്ടമാവും ഇന്ന് നേരിടേണ്ടി വരിക എന്നും പെപ് കളിക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇരു ടീമുകൾക്കും കാര്യമായ പരിക്ക് പ്രശ്നങ്ങൾ ഇല്ല എന്നത്  ഇരു പരിശീലകർക്കും ആശ്വാസമാവും.

നിലവിൽ 6 പോയിന്റുള്ള ശാക്തറും ഫെയെനൂർഡും തമ്മിലുള്ള പോരാട്ടവും ഗ്രൂപ്പിൽ നിർണായകമാകും. ശാക്തർ ജയിച്ചാൽ  അവരുടെ സാധ്യതകൾ കൂടുതൽ ശക്തമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement