ജയം കണ്ട് നാപ്പോളി, പി.എസ്.ജി

സീരി എയിൽ ദുർബലരായ ജെനോവക്കെതിരെ 2-0 ത്തിനാണ് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ നാപ്പോളി ജയം കണ്ടത്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുന്ന നാപ്പോളിക്കായി സെലിൻസ്കി, ഗിയാചെരിണി എന്നിവരാണ് ലക്ഷ്യം കണ്ടത്. കളിച്ചില്ലെങ്കിലും മിലിക് മത്സരത്തിലേക്ക് തിരിച്ചെത്തിയത് നാപ്പോളിക്ക് ഊർജ്ജമാകും. ജയത്തോടെ ലീഗിൽ റോമയെ മറികടന്ന് രണ്ടാം സ്ഥാനതെത്താനും നാപ്പോളിക്കായി. ലാ ലീഗയിൽ പുലർച്ചെ നടന്ന മത്സരത്തിൽ മികച്ച ഫോം തുടരുന്ന റയൽ സോസിദാഡ് എസ്പന്യാളിനെ 2-1 നും തോൽപ്പിച്ചു. ഇതോടെ ലീഗിൽ അത്ലെറ്റിക്കോ മാഡ്രിഡിനെ മറികടന്ന് ലീഗിൽ നാലാമതെത്താനും അവർക്കായി.

സമാനതകളില്ലാത്ത ഫോമിലുള്ള എഡിസൺ കവാനിയുടെ മികവിലാണ് പി.എസ്.ജി ബോർഡോക്സിനെതിരെ 3-0 ത്തിൻ്റെ ജയം കണ്ടത്. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിലെ ഈ ജയത്തോടെ പോയിൻ്റ് നിലയിൽ ലീഗിൽ മൊണാക്കക്ക് ഒപ്പമെത്താനും പി.എസ്.ജിക്കായി. കവാനി ഇരട്ട ഗോൾ കണ്ടപ്പോൾ ഡി മരിയയാണ് അവരുടെ കോളം തികച്ചത്. ചാമ്പ്യൻസ് ലീഗ് എതിരാളികളായ ബാഴ്സക്ക് ഈ പ്രകടനത്തിലൂടെ വ്യക്തമായ മുന്നറിയിപ്പാണ് പി.എസ്.ജി നൽകിയത്. അതിനിടെ ബുണ്ടസ് ലീഗയിൽ മൈൻസ് 2-0 ത്തിനു ഓഗ്സ്ബർഗിനേയും മറികടന്നു.