താലിബാൻ തോക്കുകളിൽ നിന്ന് യൂറോപ്യൻ ഫൈനലിലേക്ക്, നാദിയ നദീം!!!

- Advertisement -

വനിതകളുടെ യൂറോ ഫൈനൽ കഴിഞ്ഞ ദിവസം നടന്നപ്പോൾ ആറാം മിനുട്ടിൽ ഗോളുമായി ഡെന്മാർക്കിന്റെ കിരീട പ്രതീക്ഷകൾ വാനോളമുയർത്തിയ നാദിയ നദീം. സമാനതകളില്ലാത്തതാണ് എന്നു ഒരോ പ്രതിഭയുടെ ജീവിത കഥയ്ക്കും മുന്നേ ചേർക്കുന്നത് പോലെയല്ല നാദിയയുടെ കഥ. സമാനതയുള്ള വിജയകഥകൾ ഇനിയും ഉണ്ടാകട്ടെ എന്ന പ്രതീക്ഷയിലാണ് ഈ കഥ ലോകം ആവർത്തിച്ചു പറയുന്നത്.

അഫ്ഗാനിസ്താനിലെ ഹെറാതിൽ ജീവിച്ച ഒരു പട്ടാളക്കാരനും ഭാര്യയും അഞ്ചു പെണ്മക്കളും. നാദിയയുടെ പിതാവ് റബാനി അഫ്ഗാൻ പട്ടാളത്തിലെ ജനറലായിരുന്നു. റബാനി തന്നെയാണ് ആദ്യമായി നാദിയയുടെ കാലുകൾക്ക് ഫുട്ബോൾ പാസ് ചെയ്തു കൊടുക്കുന്നത്. 1990കളുടെ അവസാനം, താലിബാൻ ശക്തികൾ അഫ്ഗാനിൽ ആഞ്ഞടിച്ചിരുന്ന കാലം. ഒരു ദിവസം ഡ്യൂട്ടിക്ക് പോയ റബാനി പിന്നെ തിരിച്ചു വന്നില്ല. ആറു മാസങ്ങൾക്കു ശേഷം റബാനിയെ താലിബാൻ വധിച്ചു എന്ന വാർത്ത മാത്രം നാദിയയേയും മാതാവിനേയും തേടി എത്തി. ആറു സ്ത്രീകൾ ജോലിക്ക് പോകാനോ ജീവിക്കാനോ കഴിയാതെ വീടിന്റെ ചുമരുകൾക്കകത്ത്.

 

പത്തു വയസ്സുമാത്രമുള്ള നാദിയയ്ക്കും വീടിനു പുറത്ത് വന്ന് പന്തു തട്ടാനുള്ള സ്വാതന്ത്ര്യം താലിബാൻ നൽകിയിരുന്നില്ല. ജീവിക്കാൻ ഗതി ഇല്ലാതെ ആയപ്പോൾ ആ കുടുംബം സമ്പാദ്യം മൊത്തം നൽകി യൂറോപ്പിലേക്ക് കുടിയേറിപാർക്കാൻ തീരുമാനിച്ചു. ലണ്ടനിൽ നാദിയയുടെ മാതാവിന്റെ അകന്ന ബന്ധത്തിൽ പെട്ട ആൾക്കാർ ഉണ്ട് എന്നതിനാൽ അവിടേക്കായിരുന്നു യാത്ര. വ്യാജ പാസ്പോട്ടുകൾ ഉപയോഗിച്ച് ആദ്യം പാകിസ്ഥാനും അവിടെ നിന്ന് ഇറ്റലിക്കും എത്തി. അവിടെ നിന്ന് നാദിയയും കുടുംബത്തേയും ട്രക്കിൽ കണ്ടയ്നറിൽ കയറ്റി ലണ്ടനിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകിയവർ കൊണ്ടുതള്ളിയത് ഡെന്മാർക്കിലെ ഗ്രാമപ്രദേശത്ത്. അന്ന് നാദിയയ്ക്ക് 12 വയസ്സ്.

ഡെന്മാർക്ക് ഗവൺമെന്റിന്റെ അഭയാർത്ഥി ക്യാമ്പിൽ എത്തിയ കുടുംബത്തിന്റെ ജീവിതം മാറുന്നത് അവിടം മുതൽക്കാണ്. നാദിയ ആദ്യമായി വെളിച്ചത്ത് പന്തു തട്ടാൻ തുടങ്ങി. അഭയാർത്ഥി ക്യാമ്പിലെ താരമായി തന്നെ മാറി നാദിയ. നാദിയയെ അടുത്തുള്ള ഒരു ക്ലബ് അക്കാദമിയിലേക്ക് ക്ഷണിച്ചു. ക്ലബ് വരെ‌ പോയിവരാൻ കാശില്ലാതിരുന്ന നാദിയയ്ക്കായി ക്ലബ് തന്നെ ബസ് പാസ് വാങ്ങിക്കൊടുത്തു. അതിനു ശേഷം വിജയങ്ങൾ മാത്രമേ അവളുടെ കൂടെയുള്ളൂ.

2006ൽ ഡാനിഷ് വനിതാ ലീഗിലെ സ്കോവ്ബാക്കനിൽ പിന്നീട് എലൈറ്റ് ഡിവിഷനിലെ ഫോർച്ച്യൂണ ക്ലബിൽ. ഇതിനിടെ 2009ൽ ഡെന്മാർക്ക് ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം. ഫിഫ ആദ്യം പൗരത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നാദിയയെ ഡെന്മാർക്കിനു വേണ്ടി കളിക്കാൻ അനുവദിച്ചില്ലാ എങ്കിലും പിന്നീട് പ്രത്യേക ഇളവു നൽകി അവളെ ഡെന്മാർക്ക് ജേഴ്സി ഇടാൻ അനുവദിച്ചു. അന്നു മുതൽ ഡെന്മാർക്ക് നമ്പർ 9 ആണ് നാദിയ. ഒരു ദയയുമില്ലാത്ത സ്ട്രൈക്കർ.

ഡെന്മാർക്കിലെ മികച്ച പ്രകടനങ്ങൾ നാദിയയെ ലോകത്തെ ഒന്നാം നിര വനിതാ ഫുട്ബോൾ നടക്കുന്ന അമേരിക്കൻ വുമൺ സോക്കർ ലീഗിൽ എത്തിച്ചു. 2014ൽ സ്കൈ ബ്ലൂ എഫ് സിക്ക് വേണ്ടി സൈൻ ചെയ്ത നദീം അമേരിക്കയിൽ തരംഗമായി. കളിച്ച ആറു കളികളിൽ ഏഴു ഗോളുകൾ മൂന്നു അസിസ്റ്റസ്. പിന്നീട് ഒരു സീസൺ കൂടെ സ്കൈ ബ്ലൂവിൽ. അതിനിടെ 2015ൽ ലോണിൽ പഴയ ഫോർച്ച്യൂണ ക്ലബിലേക്ക് പോയ നാദിയ ഫോർച്ച്യൂണക്കു വേണ്ടി ഡബിൾ ഹാട്രിക്ക് നേടി റെക്കോർഡ് ഇട്ടിരുന്നു. ഒരു കളിയിൽ ആറു ഗോളുകൾ.

അതിനു ശേഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വനിതാ ക്ലബായ പോർട്ട്ലാന്റ് തോർൺസിലേക്ക്. നാദിയ അവിടേയും മികവ് തുടർന്നു. പോർട്ട്ലാന്റ് 2016 സീസണിൽ കിരീടം ഉയർത്തിയപ്പോൾ ടോപ്പ് സ്കോററായി കൊണ്ട് താരമായതും നാദിയ തന്നെ. ഏകദേശം 15000തോളം കാണികൾ ശരാശരി കളികാണാൻ എത്തുന്ന ക്ലബാണ് പോർട്ട്ലാന്റ്. വനിതാ ഫുട്ബോളിൽ അതുതന്നെ റെക്കോർഡാണ്. പുതിയ സീസണിൽ ഇഞ്ച്വറി ആയി തുടക്കം നാദിയയ്ക്കു നഷ്ടമായെങ്കിലും ഇപ്പോഴും കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് നാദിയയും പോർട്ട്ലാന്റും.

കഴിഞ്ഞ വർഷത്തെ മികച്ച ഡെന്മാർക്ക് ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട നാദിയ വീണ്ടും ചർച്ചയാകാൻ തുടങ്ങിയത് യൂറോ കപ്പിൽ നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ്. ക്വാർട്ടറിൽ കരുത്തരായ ജർമിനിക്കെതിരെ തിരിച്ചുവരവ് തുടങ്ങിയത് നാദിയയുടെ ഗോളിൽ നിന്നായിരുന്നു. സെമിയിലെ നിർണായക പെനാൾട്ടിയും ഫൈനലിലെ തുടക്കത്തിലെ ഗോളും നാദിയയെ യൂറോ കപ്പ് ഫൈനൽ പരാജയത്തിലും സൂപ്പർ സ്റ്റാറായി തന്നെ നിലനിർത്തുന്നു.

നാദിയയുടെ ഒരു അനുജത്തി ഡയാന നദീം ഇന്ന് അറിയപ്പെടുന്ന ഒരു ബോക്സറാണ്. നാദിയ കഴിഞ്ഞ മാസമാണ് Nike ബ്രാൻഡുമായി കരാർ ഒപ്പിട്ടത്. ഡെന്മാർക്കിൽ Nike കരാർ ഒപ്പിടുന്ന ആദ്യത്തെ വനിതാ താരമാണ് നാദിയ. 29കാരിയായ നാദിയ ഡോക്ടറാകാനുള്ള അവസാന വർഷ പഠനത്തിലുമാണ്. ഫുട്ബോൾ വിട്ടാൽ കുടിയേറ്റക്കാരുടെ അഭയാർത്ഥി ക്യാമ്പുകളിൽ സേവനം ചെയ്യണമെന്നാണ് നാദിയയുടെ ആഗ്രഹം. തന്നെ താനാക്കിയ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മടങ്ങാൻ.

സമാനതകളുണ്ടാവേണ്ട കഥയാണ് നാദിയയുടേത് എന്ന് ആവർത്തിക്കുന്നു. വെടിയൊച്ചയുടെ ശബ്ദങ്ങൾക്ക് പകരം ഗ്യാലറയുടെ ആരവങ്ങൾ കേൾക്കുന്ന സമാനതകളുള്ള ഒരുപാട് കഥകൾ പിറക്കട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement