
ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ അഞ്ചാൻ മത്സരത്തിൽ ഇന്ത്യയെ മ്യാന്മാർ സമനിലയിൽ തളച്ചു. ഗ്രൂപ്പിലെ ഇന്ത്യയുടെ ആദ്യത്തെ സമനില ആണ് ഇത്. ആദ്യ നാലു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ഡിഫൻസിൽ വന്ന രണ്ട് അബദ്ധകൾക്ക് ഇന്ത്യ കൊടുക്കേണ്ടു വന്ന വിലയായിരുന്നു സമനില. ആദ്യ മിനുട്ടിൽ തന്നെ ഇന്ത്യൻ ഡിഫൻസിന്റെ അബദ്ധം മുതലാക്കി ഗോവയിൽ മ്യാന്മാർ സ്കോർ ചെയ്തു.
13ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ചേത്രി ഇന്ത്യയെ ഒപ്പം എത്തിച്ചു. പക്ഷെ 19ആം മിനുട്ടിൽ വീണ്ടും ഇന്ത്യയ്ക്ക് പിഴച്ചു. ഗോൾകീപ്പർ ഗുർപ്രീതിന്റെ പിഴവിൽ ഇന്ത്യ 2-1ന് പിറകിലായി. ക്യാ കൊ കൊ ആണ് മ്യാന്മാറിന്റെ രണ്ടാം ഗോൾ നേടിയത്.
വീണ്ടും സമനില കണ്ടെത്താൻ ഇന്ത്യയ്ക്ക് 69ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ജെജെയുടെ ഇടം കാലൻ ഷോട്ടാണ് ഇന്ത്യയെ പരാജയഭീതിയിൽ നിന്ന് രക്ഷിച്ചത്. കളിയുടെ അവസാന നിമിഷം ബോക്സിൽ ലഭിച്ച ഒരു ഇൻഡയറക്ട് ഫ്രീകിക്ക് ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു എങ്കിലും രണ്ടാമതൊരു ടച്ച് പന്തിൽ ഇല്ലാത്തതിനാൽ റഫറി ഗോൾ അനുവദിച്ചില്ല.
ഇഞ്ച്വറി ടൈമിൽ മികച്ചൊരു മുന്നേറ്റത്തിൽ ചേത്രി വീണ്ടും വിജയഗോളിന് അരികെ എത്തി എങ്കിലും ഭാഗ്യമുണ്ടായില്ല. ഇന്നത്തെ സമനിലയോടെ ഇന്ത്യയുടെ പരാജയമറിയാത്ത കുതിപ്പ് 13 മത്സരങ്ങളായി. ഇന്ത്യ നേരത്തെ തന്നെ ഏഷ്യാകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial