മാഞ്ചസ്റ്റർ യുണൈറ്റഡിനായി കിരീടം ലക്ഷ്യമിട്ട് മൗറീഞ്ഞോ

- Advertisement -

ലീഗ് കപ്പ് ഫൈനലിൽ ക്ലബിനായുള്ള തന്റെ രണ്ടാം കിരീടത്തിൽ കുറഞ്ഞ ഒന്നും ഹോസ്യേ മൗറീഞ്ഞോ ഇന്ന് പ്രതീക്ഷിക്കുന്നില്ല. കമ്യൂണിറ്റി ഷീൾഡ് നേടി സീസൺ തുടങ്ങിയ മൗറീഞ്ഞോ ആദ്യം പതറിയെങ്കിലും പിന്നീട് നില ഉറപ്പിക്കുന്നതാണ് കണ്ടത്. ഈ സീസണാദ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനതെത്തിയ മൗറീഞ്ഞോക്ക്  കീഴിൽ ക്ലബ് മികച്ച പുരോഗതിയാണ് കൈവരിക്കുന്നത്. ഞായറാഴ്ച്ച രാത്രി 10 മണിക്ക് വെബ്ലിയിൽ നടക്കുന്ന ഫൈനലിൽ നീണ്ട 41 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനിറങ്ങുന്ന സൗത്താപ്റ്റനാണ് യുണൈറ്റഡിന്റെ  എതിരാളികൾ.

മികച്ച ഫോമിലാണ് യുണൈറ്റഡ്. ലീഗിലും, യൂറോപ്പ ലീഗിലുമായി കഴിഞ്ഞ മാസങ്ങളിലായി പരാജയമറിയാതെയാണ് അവരുടെ കുതിപ്പ്. ഗോൾ കീപ്പറായി ഡി ഗേ തുടരാനാണ് സാധ്യത. പ്രതിരോധത്തിൽ മികവ് പുലർത്തുന്ന ബെയ്ലി, സ്മാളിങ്, ബ്ലിന്റ് , വലൻസിയ എന്നിവരും തുടരും.

മധ്യനിരയിൽ മിക്കിത്യാര്യന്റെ  പരിക്കാണ് മൗറീഞ്ഞോയെ  അലട്ടുന്നത്. എങ്കിലും മികച്ച പകരക്കാർ യുണൈറ്റഡിനുണ്ട്. ഹെരേര, പോഗ്ബ എന്നിവർ മധ്യനിരയിൽ സ്ഥാനം നിലനിർത്തുമെന്നുറപ്പാണ്. മാറ്റയേയും മൗറീഞ്ഞോ മാറ്റാനിടയില്ല. മിക്കിക്ക് പകരം മാർഷൽ ടീമിലെത്താനാണ് സാധ്യത. റൂണി, ലിൻഗാർഡ്, ഫെല്ലയിനി എന്നിവർക്ക് മൗറീഞ്ഞോ അവസരം നൽകുമോ എന്ന് കണ്ടറിയാം. മുന്നേറ്റത്തിൽ അപാരഫോമിലുള്ള ഇബ്രമോവിച്ചാവും മത്സരത്തിന്റെ വിധി എഴുതുക. കരിയറിൽ ഉടനീളം ഒരുപാട് കിരീടങ്ങളുയർത്തിയ ഇബ്ര ഇംഗ്ലണ്ടിലെ തന്റെ  രണ്ടാം കിരീടമാവും ഇത്തവണ ലക്ഷ്യമിടുക. യുവതാരം റാഷ്ഫോർഡിന് മത്സരത്തിൽ പകരക്കാരുടെ നിരയിൽ തന്നെയാവും സ്ഥാനം.

മറുവശത്ത് നീണ്ട 41 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കാനാണ് സൗത്താപ്റ്റൺ ശ്രമം. കഴിഞ്ഞ കുറെ വർഷങ്ങളായി മികച്ച പുരോഗതി കൈവരിക്കുമ്പോഴും മികച്ച താരങ്ങളെ മറ്റ് ടീമുകൾക്ക് നഷ്ടപ്പെടുന്നതടക്കമുള്ള തിരിച്ചടികളിൽ നിന്നാണ് സൗത്താപ്റ്റൺ ഫൈനലിലെത്തുന്നത്. സെമിയിൽ ലിവർപൂളിനെ മറികടന്നത് പോലൊരു പ്രകടനത്തിനാവും സൗത്താപ്റ്റൺ വെബ്ലിയിൽ ഇന്ന് പുറത്തെടുക്കാൻ ശ്രമിക്കുക. ലീഗ് കപ്പ് ജയം യൂറോപ്പ ലീഗ് യോഗ്യത നൽകും എന്നതും സൗത്താപ്റ്റനെ സംബന്ധിച്ച് വലിയ കാര്യമാണ്.

ഫ്രേസർ ഫോർസ്റ്റർ തന്നെയാവും സെയിന്റ്സ്  വല കാക്കുക. ക്ലബ് വിട്ട ഫോണ്ടേ, പരിക്കിലുള്ള വാൻ ഡെയ്ക് എന്നിവരുടെ അഭാവത്തിൽ യോശിദ, സെൻഡ്രിക്, ബെർട്ടാന്റ്  എന്നിവർക്ക് പ്രതിരോധത്തിൽ ബാരിച്ച ചുമതലയാവും ഉണ്ടാവുക. ഒപ്പം മധ്യനിരയിൽ സ്പാനിഷ് താരം ഒറിയോൺ റോമിയോന്റെ  പ്രകടനമാവും മത്സരത്തിന്റെ വിധി എഴുതുക. ക്ലാസി, സ്റ്റീഫൻ ഡേവിസ്‌, യുവ താരം വാർഡ് പ്രൗസ്, ബൗഫൽ, റെഡ്മണ്ട് തുടങ്ങി മികച്ച മധ്യനിരയാണ് സൗത്താപ്റ്റന്റെ  ശക്തി. എങ്കിലും സെർബിയൻ താരം തുസാൻ താടിച്ച് തന്നെയാവും യുണൈറ്റഡിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുക. മുന്നേറ്റത്തിൽ ചാർലി ഓസ്റ്റിന്റെ അഭാവത്തിൽ ഈ ജനുവരിയിൽ ടീമിലെത്തിയ ഗാബിയാഡിനി, ഷെയിൻ ലോങ്ങ് എന്നിവരാരും സെയിന്റ്സ്  അക്രമണങ്ങൾ നയിക്കുക. ലീഗിൽ കഴിഞ്ഞ രണ്ട് കളിയിലും ഗോൾ കണ്ടത്തിയ ഗാബിയാഡിനി മികച്ച ഫോമിലുമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും തന്റെയും കിരീടനേട്ടങ്ങളിലേക്ക് ഒരെണ്ണം കൂടി എഴുതി ചേർക്കാൻ ഹോസ്യേ മൗറീഞ്ഞോ ശ്രമിക്കുമ്പോൾ 41 വർഷം മുമ്പ് എഫ്.എ കപ്പിൽ യുണൈറ്റഡിനെ അട്ടിമറിച്ച് കിരീടം നേടിയ ചരിത്രം ആവർത്തിക്കാനാവും സൗത്താപ്റ്റൺ ശ്രമം.

Advertisement