ചാംപ്യൻസ് ലീഗ് തോൽവിക്ക് പുതിയ ന്യായീകരണവുമായി മൗറീഞ്ഞോ രംഗത്ത്

- Advertisement -

ചാംപ്യൻസ് ലീഗിൽ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ സെവിയ്യയോട് തോറ്റ് പുറത്തായതിന് പുതിയ ന്യായീകരണവുമായി മൗറീഞ്ഞോ. 2011 മുതലുള്ള യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് പ്രകടനത്തിന്റെ കണക്ക് നിരത്തിയാണ്‌ മൗറീഞ്ഞോ സ്വന്തം ടീമിന്റെ പുറത്താകലിൽ അസ്വാഭാവികത ഒന്നും ഇല്ല എന്ന വാദവുമായി രംഗത്ത് വന്നത്. ഫുട്‌ബോൾ ഹെറിറ്റേജ് എന്ന വാക്കിലൂന്നിയാണ് മൗറീഞ്ഞോ എഫ് എ കപ്പിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാല യുറോപ്യൻ ഫോമിനെ പഴിചാരി സ്വന്തം തോൽവിയെ ന്യായീകരിച്ചത്. നേരത്തെ സേവിയ്യയുമായുള്ള തോൽവിക്ക് തൊട്ട് പിന്നാലെ സ്വന്തം ടീമിനെ ട്രോളിയ മൗറീഞ്ഞോയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഏതാണ്ട് 12 മിനുറ്റ് തുടർച്ചയായി പറഞ്ഞ മൗറീഞ്ഞോ പ്രധാനമായും 2011 ചാംപ്യൻസ് ലീഗ് ഫൈനലിന് ശേഷമുള്ള യുണൈറ്റഡിന്റെ ഫോമിനെയാണ് ചിത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ചത്. 2013 ഇൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ മാഞ്ചസ്റ്റർ യൂണൈറ്റഡ് 2014 ഇൽ ഞാൻ പരിശീലിപ്പിച്ച റയാലിനോട് തോറ്റ് പ്രീ ക്വാർട്ടറിൽ പുറത്തായി. 2015 യുറോപ്യൻ ഫുട്‌ബോൾ ഇല്ലാതിരുന്ന യുണൈറ്റഡ്‌ 2017 ഇൽ യൂറോപ്പ നേടി 2018 ഇൽ അവസാന 16 പുറത്തായി. ഫെർഗൂസന്റെ ശേഷം വന്ന 4 പരിശീലകരിൽ ഒരിക്കൽ മാത്രമാണ് ക്വാർട്ടർ ഫൈനലിൽ കടന്നത്. ഇത് ഫുട്‌ബോൾ ഹെറിറ്റേജ് ആണെന്നാണ് മൗറീഞ്ഞോ പറഞ്ഞത്.

താൻ പരിശീലകനാവുന്ന മുൻപേ വന്ന കളിക്കാരുടെ കാര്യത്തിലും മൗറീഞ്ഞോ പരാമർശം നടത്തി. സിറ്റിയുടെ നിലവിലെ ടീമിൽ ഡു ബ്രെയ്‌നെ, ഓറ്റാമെൻഡി, അഗ്യൂറോ, സിൽവ തുടങ്ങിയവരെല്ലാം ഗാർഡിയോളക്ക് മുൻപേ വന്നവരാണ് എന്നും എന്നാൽ തന്റെ ടീമിലെ അത്തരം കളിക്കാരുടെ എണ്ണവും മികവും പരിമിതമാണ് എന്ന സൂചനയും മൗറിഞൊ പത്ര സമ്മേളനത്തിൽ നടത്തി.

പ്രീമിയർ ലീഗ് കിരീട സാധ്യതകൾ അസ്തമിച്ച യുണൈറ്റഡിന് നിലവിൽ എഫ് എ കപ്പ് മാത്രമാണ് സാധ്യത.  തുടർച്ചയായ വിവാദ പ്രസ്താവനകൾ മൗറിഞ്ഞോയെ ഒരു പറ്റം യൂണൈറ്റഡ് ആരാധകരുടെ അപ്രീതിക് പാത്രമാക്കിയിട്ടുണ്ട്. മറ്റന്നാൾ ബ്രായ്റ്റന് എതിരെയാണ് യുണൈറ്റഡിന്റെ എഫ് എ കപ്പ് ക്വാർട്ടർ പോരാട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement