
യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് ജേതാക്കൾ മൊണാക്കോയുടെ കഷ്ടകാലം തുടരുന്നു. ഗ്രൂപ്പ് ജി യിൽ ബസിക്താസിനെ നേരിട്ട അവർക്ക് 1-2 ന്റെ തോൽവി. അതേ സമയം ഗ്രൂപ്പ് ഇ യിൽ മാരിബോറിനെ നേരിട്ട ലിവർപൂളിന് എതിരില്ലാത്ത 7 ഗോളുകളുടെ വമ്പൻ ജയം.
കഴിഞ്ഞ സീസണിൽ സെമി ഫൈനൽ വരെ കളിച്ച മൊണാക്കോയുടെ ചാംപ്യൻസ് ലീഗിലെ സാധ്യതകളെ പ്രതിസന്ധിയിലാക്കുന്ന ഫലമാണ് സ്വന്തം മൈതാനത്ത് ലഭിച്ചത്. ആദ്യം ലീഡ് നേടിയിട്ടും തോറ്റ അവർക്ക് 3 മത്സരങ്ങളിൽ നിന്ന് 1 പോയിന്റ് മാത്രമാണുള്ളത്. ഗ്രൂപ്പിൽ അവർ അവസാന സ്ഥാനത്തുമാണ്. ഫാൽകാവോയുടെ ഗോളിൽ മുന്നിലെത്തിയ മൊണാക്കോ പക്ഷെ ടെൻക്ക് ടോസുൻ നേടിയ ഗോളിൽ സമനില വഴങ്ങി. രണ്ടാം പകുതിയിൽ ടോസുൻ തന്നെ വീണ്ടും ഗോൾ നേടിയതോടെ ഫ്രഞ്ച് ചാംപ്യന്മാർക് മത്സരത്തിലേക്ക് തിരിച്ചു വരാനായില്ല. ഇതേ ഗ്രൂപ്പ് ജി യിൽ മറ്റൊരു മത്സരത്തിൽ ലേയ്പ്സിഗ് പോർട്ടോയെ 3-2 ന് തോൽപിച്ചു. ഇതോടെ ഗ്രൂപ്പിൽ ബേസിക്താസിന് പിറകിലായി ലേയ്പ്സിഗ് രണ്ടാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് ഇ യിൽ ആദ്യ രണ്ടു മത്സരങ്ങളും സമനിലയിലായി സ്ലോവേനിയയിൽ മാരിബോറിനെ നേരിട്ട ലിവർപൂൾ ആദ്യ രണ്ടു മത്സരങ്ങളിലെ ക്ഷീണം തീർക്കുന്ന പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയിൽ 4 ഗോളുകൾ നേടിയ ലിവർപൂളിനായി സലാഹ് രണ്ടു ഗോളുകളും ഫിർമിനോ കുട്ടീഞ്ഞോ എന്നിവർ ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ഫിർമിനോ തന്റെ രണ്ടാം ഗോളും അലക്സ് ഓക്സലൈഡ് ചേമ്പർലൈൻ ലിവർപൂളിനായുള്ള ആദ്യ ഗോളും നേടി. അലക്സാണ്ടർ അര്ണോൾഡും ഗോൾ നേടി ക്ളോപ്പിന്റെ ടീമിന്റെ ഗോൾ വേട്ട പൂർത്തിയാക്കി. ജയത്തോടെ 5 പോയിന്റായ ലിവർപൂൾ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇന്നലെ സെവിയ്യയെ 5-1 ന് തകർത്ത സ്പാർട്ടക് മോസ്കോയാണ് ഗ്രൂപ്പിൽ രണ്ടാമത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial