Picsart 24 04 06 20 38 46 470

മൊഹമ്മദൻസ് ഐ ലീഗ് കിരീടം സ്വന്തമാക്കി!! ഇനി ISL-ൽ കാണാം

ഐ ലീഗ് കിരീടം മൊഹമ്മദൻസ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഷിലോംഗ് ലജോംഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് മൊഹമ്മദൻസ് കിരീടം ഉറപ്പാക്കിയത്. ലീഗിൽ ഒരു മത്സരം ശേഷിക്കുകയാണ് മൊഹമ്മദസിന്റെ ലീഗ് വിജയം. ലീഗ് കിരീടം നേടിയതോടെ മൊഹമ്മദൻസ് ഐഎസ്എലേക്കുള്ള പ്രൊമോഷനും സ്വന്തമാക്കി.

ഇന്ന് മത്സരം ആരംഭിച്ച മൂന്നാം മിനുട്ടിൽ തന്നെ അലക്സ് മൊഹമ്മദൻസിന് ലീഡ് നൽകി. പതിനഞ്ചാം മിനിട്ടിലെ ഒരു പെനാൽറ്റിയിലൂടെ റോസ ലജോംഗിന് സമനില നൽകി. പിന്നീട് വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച മൊഹമ്മദൻസ് രണ്ടാം പകുതിയിൽ ആ ഗോൾ കണ്ടെത്തി. 62ആം മിനിറ്റിൽ കോസ്ലോവ് ആയിരുന്നു മൊഹമ്മദൻസിന് ലീഡ് നൽകിയ രണ്ടാം ഗോൾ നേടിയത്.

പിന്നീട് നന്നായി ഡിഫൻഡ് ചെയ്ത് മൊഹമ്മദൻസ് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ഇരുപത്തിമൂന്ന് മത്സരങ്ങളിൽ നിന്ന് 52 പോയിൻറിൽ മൊഹമ്മദൻസ് എത്തി. രണ്ടാമതുള്ള ശ്രീനിധി ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജയിച്ചാലും 50 പോയിന്റിൽ മാത്രമേ എത്തുകയുള്ളൂ. ഇതോടെയാണ് മുഹമ്മദൻസിന് കിരീടം സ്വന്തമായത്.

മൊഹമ്മദൻസ് ആദ്യമായാണ് ദേശീയ ലീഗ് നേടുന്നത്. ഇതിനുമുമ്പ് ഫെഡറേഷൻ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഐ എഫ് എ ഷീൽഡ് തുടങ്ങിയ പ്രധാന കിരീടങ്ങൾ എല്ലാം നേടിയിട്ടുണ്ടെങ്കിലും അവർക്ക് ഐ ലീഗ് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല.

Exit mobile version