മലപ്പുറം മുതൽ സ്പെയിൻ വരെ, മുഹമ്മദ് ആഷിഖ്

മലപ്പുറം പട്ടാർകടവിലെ അസൈൻ കുരുണിയന്റെ മകൻ മുഹമ്മദ് ആഷിഖ് എന്ന ആഷിഖ് കുരുണിയൻ സ്പാനിഷ് ലീഗ് എന്ന സ്വപ്ന യാത്രയിലാണ്. ഐഎസ്എൽ ക്ലബായ പൂനെ സിറ്റി എഫ് സിയിൽ നിന്ന് ഒരു വർഷത്തെ വായ്പ കരാറിൽ വിയ്യാറയൽ എന്ന സ്പാനിഷ് കരുത്തർ ആഷിഖിനെ കളിക്കാൻ വിളിച്ചിരിക്കുകയാണ്. ആഷിഖിനു മുമ്പ് ബാംഗ്ലൂരുകാരൻ ഇഷാൻ പണ്ഡിതയും സ്പെയിനിൽ എത്തിയിരുന്നു എങ്കിലും ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ അക്കാദമി താരത്തെ യൂറോപ്യൻ ക്ലബ് വാങ്ങുന്നത്. ഇന്ത്യൻ അണ്ടർ 19, 18 ടീമുകളിൽ തിളങ്ങി വാർത്തയിൽ മുന്നേയിടം പിടിച്ചിരുന്ന ആഷിഖിന് ഇത് അർഹിച്ച അംഗീകാരമാവുകയാണ്. 2014-15 സീസണിൽ അണ്ടർ 19 ഐ ലീഗ് റണ്ണേഴ്സ് അപ്പായ പൂനെ ടീമിലെ മികച്ച താരവും ഈ‌ മലപ്പുറംകാരൻ തന്നെയായിരുന്നു.വിയ്യാറയലിന്റെ മൂന്നാം ഡിവിഷൻ ക്ലബിലാകും ആഷിഖ് ആദ്യം കളിച്ചു തുടങ്ങുക. സ്പെയിനിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്ന കേരളത്തിന്റെ അഭിമാനമായ ആഷിഖ് ആദ്യമായി നൽകുന്ന അഭിമുഖത്തിലൂടെ ഫാൻപോർട്ടുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ്‌.

img-20161027-wa0040


ആഷിഖ് ആദ്യം തന്നെ അഭിനന്ദനങ്ങൾ. വിയ്യാറയൽ, വലിയ ക്ലബ്, വലിയ അവസരം എങ്ങനെ  കാണുന്നു ഈ അവസരത്തെ?

ഇങ്ങനെ ഒരു അവസരം കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു. കാരണം, ഇന്ത്യയിൽ നിന്ന് രണ്ടാമത്തെ‌ മാത്രം ആളാണ് സ്പെയിനിലേക്ക് ഇങ്ങനെയൊരവസരം കിട്ടി പോകുന്നത്. ഇത്ര വലിയ ക്ലബിന്റെയും കളിക്കാരുടേയും കോച്ചുകളുടേയും  കൂടെ പരിശീലിക്കാൻ കഴിയുന്നത് തന്നെ വലിയ അവസരമാണ്. വലിയ ഭാഗ്യമായി തന്നെ കാണുന്നു ഇതിനെ.


എം എസ്‌ പി മുതൽ വിയ്യാറയൽ വരെ എത്ര ക്ലബുകളുടെ ഭാഗമായി ആഷിഖ് ഇതുവരെ?

എം എസ്‌ പി, പൂനെ പിന്നെ സെയിൽ അക്കാദമി. പിന്നെ ഒരു രണ്ടു മാസത്തോളം ഡൽഹിയിൽ ഒരു സെക്കൻഡ് ഡിവിഷൻ ക്ലബിനു വേണ്ടിയും കളിച്ചിരുന്നു.

വിഷൻ ഇന്ത്യാ ക്യാമ്പിൽ നിന്നല്ലേ ഫുട്ബോൾ യാത്ര തുടങ്ങുന്നത്, അവിടെ നിന്ന് ഇതുവരെയുള്ള യാത്രയെ കുറിച്ച്?

വിഷൻ ഇന്ത്യാ എന്ന ക്യാമ്പിലായിരുന്നു തുടക്കം. അവിടെ മലപ്പുറത്ത് സാജിറുദ്ദീൻ എന്ന കോച്ചിന്റെ കീഴിലായിരുന്നു മൂന്നു വർഷം. അവിടെ‌ നിന്ന് എം എസ്‌ പിയിൽ എത്തി. എം എസ്‌ പിയിൽ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ കേരളാ ടീമിനു വേണ്ടി കളിച്ചു. ജാർക്കണ്ഡിലായിരുന്നു മത്സരം. മത്സരം നടന്നത് സെയിൽ അക്കാദമി എന്ന അക്കാദമി ഗ്രൗണ്ടിലായിരുന്നു. അന്ന് കളി കണ്ട് സെയിൽ അക്കാദമി വിളിക്കുകയായിരുന്നു. നാലു മാസം സെയിൽ അക്കാദമിയിൽ ആയിരുന്നു. അവിടുന്ന് പൂനെ എഫ് സി ട്രയൽസിനെത്തി. പൂനെയിൽ കളിച്ചു കൊണ്ടിരിക്കെയാണ് ഇന്ത്യൻ ടീമിലേക്ക് ക്ഷണം കിട്ടുന്നത്. ഇന്ത്യയ്ക്കു വേണ്ടി പാലസ്തീനിലൊക്കെ ചെന്നു കളിച്ചു. പൂനെ എഫ് സി ക്ലബ് പിരിച്ചു വിട്ടതോടെ ഐഎസ്എല്ലിലേക്ക് വരികയായിരുന്നു. ഇപ്പോ അടുത്ത പടിയായി വിയ്യാറയൽ.

സ്പെയിനിൽ ഇന്ത്യയേക്കാൾ വലിയ  താരങ്ങളാണ് എതിരായി ഉണ്ടാവുക, ഇന്ത്യൻ അണ്ടർ 19നു വേണ്ടി പലസ്തീനിലും മറ്റു വിദേശ രാജ്യങ്ങളിലും പോയി കളിച്ചത് സ്പെയിനിൽ ഉപകാരപ്പെടും എന്നു തോന്നുന്നുണ്ടോ?

തീർച്ചയായും. കാരണം പുറത്തുള്ള കളിക്കാരുമായി കളിക്കുമ്പോൾ ഇവിടെ കളിക്കുന്നത് പോലെയല്ല, ഭയങ്കര ടഫ് ആയിരിക്കും. ഫിസിക്കലി ഭയങ്കര ഫിറ്റും നല്ല വേഗതയുമുള്ള കളിക്കാരായിരിക്കും. അവരുടെ കൂടെ കളിച്ചത് തീർച്ചയായും ഉപകാരപ്പെടും.

വിയ്യാറയൽ വരെയെത്തി, ആഷിഖിന്റെ സ്വപ്ന ക്ലബും സ്പെയിനിൽ തന്നെയാണ് എന്നു കേട്ടിട്ടുണ്ട്?

ബാഴ്സലോണയാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്ലബ്. ഞാൻ മെസ്സിയുടെ വലിയ ആരാധകനാണ്. സ്പെയിനിൽ പോകുമ്പോൾ മെസ്സിയേയും ബാഴ്സലോണയുടെ കളിയും നേരിട്ടു കാണാനാകുമെന്നാണ് പ്രതീക്ഷ. നോക്കാം…


വിങ്ങിലും സ്ട്രൈക്കറായും ഒരേപോലെ മികവു തെളിയിച്ചിട്ടുണ്ട് ആഷിഖ്. എങ്കിലും ഏതു പൊസിഷനാണ് കൂടുതൽ താല്പര്യം?

എനിക്ക് വിങ്ങർ ആകാനാണ് ഇഷ്ടം. കഴിഞ്ഞ വർഷം കോച്ച് എന്നെ വിങ്ങിനേക്കാൾ സ്ട്രൈക്കറായി ആയിരുന്നു ഇറക്കിയത്. അങ്ങനെയാണ് സ്ട്രൈക്കർ റോളിൽ കളിച്ചു തുടങ്ങുന്നത്. ഇപ്പോൾ രണ്ടു പൊസിഷനിലും കളിക്കാറുണ്ട്. എങ്കിലും മികച്ച വിങ്ങർ ആകണം എന്നു തന്നെയാണ് സ്വപ്നം.


ഇത്രയും വലിയ നേട്ടത്തിലെത്തി, ആരോടൊക്കെയാണ് കടപ്പാട് തോന്നുന്നത് ആഷിഖിന്?

കടപ്പാട് കുറേപേരോടുണ്ട്. കുടുംബത്തോടു തന്നെ ആദ്യം. വീട്ടിൽ പല ബുദ്ധിമുട്ടുണ്ടായിരുന്നു, കളിച്ചു തുടങ്ങിയ സമയത്ത്. എന്നിട്ടും എല്ലാവരും മികച്ച പിന്തുണ തന്നെ തന്നു എല്ലായിപ്പോഴും. പിന്നെ പഠിച്ചിരുന്ന യുപി സ്കൂൾ പിടി മാഷ് റഫീഖ് സാറിനോടാണ്. അദ്ദേഹമാണ് വിഷൻ ഇന്ത്യാ ക്യാമ്പിൽ എന്നെ എത്തിക്കുന്നതു തന്നെ. വിഷൻ ഇന്ത്യാ ക്യാമ്പിൽ മൂന്നു വർഷം എന്റെ കോച്ചായിരുന്നു സാജിറുദ്ദീൻ സാർ. അദ്ദേഹം ക്യാമ്പിലുള്ള കുട്ടികൾക്ക് ക്യാമ്പിനു വരാൻ കാശില്ലായെങ്കിൽ സ്വന്തം കൈയ്യിൽ നിന്നെടുത്ത് കൊടുക്കുമായിരുന്നു. പിന്നെ എം എസ്‌ പി.

img-20161027-wa0041

പിന്നെ ഞാൻ ഇങ്ങനെ എന്തെങ്കിലും ആവുന്നതിനു കുറേ മുമ്പേ ഞാൻ ഒരു കളിക്കാരൻ ആവട്ടെ എന്നു പറഞ്ഞ് എന്നെ സഹായിക്കാൻ തുടങ്ങിയ ഒരാളുണ്ട്. ഞാൻ സെവൻസ് കളിക്കാൻ പോയിരുന്നു കണ്ണൂരിൽ, ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ. അവിടെയുള്ള ഒരു ടീമിനു വേണ്ടി കളിക്കാൻ പോയതായിരുന്നു. അന്ന് ആ ടീമിന്റെ മാനേജറായ  അദ്ദേഹം കളി ഇഷ്ടായിട്ട് കളിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാം എന്നു പറഞ്ഞു. അന്നു മുതൽ ഇപ്പോ നാലു വർഷമായിട്ട് കളിക്കാനുള്ള ബൂട്ടു മുതൽ എല്ലാം നൽകുന്നുണ്ട് അദ്ദേഹം. പ്രിയേഷ് രാഗവ് എന്നാണ് അദ്ദേഹത്തിന്റേ പേര്. പറഞ്ഞറിയിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അതൊക്കെ.

ഫുട്ബോൾ വിട്ട് ചോദിക്കാം. ഇപ്പോ പഠിക്കുന്നത്?

ഇപ്പോൾ മഞ്ചേരി എൻ എസ്‌ എസ്‌ കോളേജിലാണ് പഠിക്കുന്നത്. ബി എ ഹിസ്റ്ററി ആദ്യ വർഷമാണ്.

വീട്ടുകാരെ കുറിച്ച്?

വീട്ടിൽ ഉമ്മ, ഉപ്പ, രണ്ടു ചേട്ടന്മാർ, രണ്ടു ചേച്ചിമാരാണ്. എല്ലാവരും നല്ല സപ്പോർട്ടാണ്.

fb_img_1477635473242വീട്ടുകാരുടെ പ്രാർത്ഥനയും നാട്ടുകാരുടെയൊക്കെ അഭിനന്ദനങ്ങളുമായി വരുന്ന നവംബർ ഏഴിനു ആഷിഖ് സ്പെയിനിലേക്ക് പറന്നു വിയ്യാറയലിന്റെ ഭാഗമാകും. വിയ്യാറയലിന്റെ വിങ്ങുകളിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കൊണ്ട് മുഹമ്മദ് ആഷിഖ് കുരുണിയൻ കുതിക്കും.