റയലിനെതിരെ ഷ്വെയിൻസ്റ്റൈഗർ പടനയിക്കും

റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമിനെ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ നയിക്കും. ഓഗസ്റ് 3ന് സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡുമായി MLS ഓൾ സ്റ്റാർ ടീമിന്റെ മത്സരം. മേജർ ലീഗ് സോക്കർ ആരാധകരാണ് ഓൾ സ്റ്റാർ ടീമിന്റെ ക്യാപ്റ്റനായി ഷ്വെയിൻസ്റ്റൈഗറിനെ തിരഞ്ഞെടുത്തത്. ചിക്കാഗോ ഫയറിന്റെ താരമായ ഷ്വെയിൻസ്റ്റൈഗർ ഈ വർഷമാണ് പ്രീമിയർ ലീഗിൽ നിന്നും മേജർ ലീഗ് സോക്കറിലെത്തിയത്.

ജർമ്മൻ ഇതിഹാസത്തിനോടൊപ്പം ഒർലാണ്ടോ സിറ്റിയുടെ കാക, ന്യൂ യോർക്ക് സിറ്റി എഫ്സിയുടെ ഡേവിഡ് വിയ്യ, ടൊറേന്റോ എഫ്സിയുടെ മൈക്കൽ ബ്രാഡ്‌ലി, കൊളറാഡോ എഫ്സിയുടെ ഗോൾകീപ്പർ ടിം ഹൊവാർഡും ഉണ്ടാകും. ഫുട്ബാൾ ഇതിഹാസങ്ങൾ റയൽ മാഡ്രിഡുമായി  ഏറ്റുമുട്ടുമ്പോൾ തകർപ്പൻ ഒരു മത്സരം ആരാധകർക്ക് പ്രതീക്ഷിക്കാം.

MLS ൽ പതിനാറു മത്സരങ്ങളിൽ അഞ്ച് അസിസ്റ്റും രണ്ടു ഗോളും അടിച്ച ഷ്വെയിൻസ്റ്റൈഗർ ക്യാപ്റ്റനായി തിരഞ്ഞെടുത്തതിലുള്ള സന്തോഷം മറച്ചു വെച്ചില്ല. ആരാധകർക്ക് നന്ദി പറഞ്ഞു കൊണ്ട് ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. മാഞ്ചസ്റ്റർ യൂണൈറ്റഡുമായും ബാഴ്സലോണയുമായും സിറ്റിയുമായുള്ള മത്സരങ്ങൾക്ക് ഒടുവിൽ   ഇന്റർനാഷണൽ സൂപ്പർ കപ്പിനും ശേഷമാണ് റയൽ മാഡ്രിഡ് ചിക്കാഗോയിലേക്കെത്തുന്നത്. എന്തായാലും അമേരിക്കയിലെ ഫുട്ബോൾ ആരാധകർക്കൊരു വിരുന്നായിരിക്കും മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial