പെനാൽറ്റിയിൽ ജയിച്ച് കയറി റയൽ, രക്ഷകനായത് സിദാന്റെ മകൻ

MLS ഓൾ സ്റ്റാർസുമായുള്ള മൽസരത്തിൽ റയൽ മാഡ്രിഡിന് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനില നേടിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ലോസ് ബ്ലാങ്കോസ് വിജയം കരസ്ഥമാക്കുകയായിരുന്നു. റയലിന്റെ മാനേജർ സിനദിൻ സിദാന്റെ മകൻ ലൂക്കാ സിദാന്റെ തകർപ്പൻ പ്രകടനമാണ് റയലിന് വിജയം നേടിക്കൊടുത്തത്. റയലിന് വേണ്ടി ബോർഹ മയോരാളും MLS ഓൾ സ്റ്റാർസിന് വേണ്ടി ഡോം ഡ്വെയറും നിശ്ചിത സമയത്ത് ഗോളുകൾ നേടി.

ജർമ്മൻ ഇതിഹാസം ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറുടെ നേതൃത്വത്തിൽ ആണ് MLS ഓൾ സ്റ്റാർ ടീം റയലിനെതിരെ ഇറങ്ങിയത്. സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയ്യയും ബ്രസീലിയൻ താരവും മുൻ റയൽ മാഡ്രിഡ് താരവുമായ കാകയും MLS ഓൾ സ്റ്റാർ ടീമിൽ അംഗങ്ങളാണ്‌. ചിക്കാഗോയിലെ സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ ജയിക്കാൻ വേണ്ടി തന്നെയാണ് വെറ്ററന്മാരുടെ ടീമും ഇറങ്ങിയത്.

ആദ്യപകുതിയിൽ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കിമാറ്റാൻ റയലിന് സാധിച്ചില്ല. ഗോളാകുമെന്ന് കരുതിയ ഡേവിഡ് വിയ്യയുടെ തകർപ്പൻ ഷോട്ട് നവാസ് തടഞ്ഞു. റയൽ 19 ഷോട്ടുതിർത്തെങ്കിലും ഒന്നുപോലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച റയൽ 59 ആം മിനുറ്റിൽ ബോർഹ മയോറാളിലൂടെ ലീഡ് നേടി. U21 സ്പാനിഷ് ടീമിൽ അംഗമായ മയോറാൾ അഞ്ച് മൽസരങ്ങൾ റയലിന് വേണ്ടി കളിച്ചിട്ടുണ്ട്. കാര്യങ്ങൾ റയലിനനുകൂലമായി പോകുമ്പോളാണ് ഡോം ഡ്വെയർ MLS ഓൾ സ്റ്റാർസിന് വേണ്ടി ഗോൾ നേടുന്നത്.

19 കാരനായ ലൂക്കാ സിദാൻ പെനാൽറ്റി ഷൂട്ടൗട്ടിൽ റയലിന്റെ ഹീറോയായി. ഡോം ഡ്വെയർ എടുത്ത ആദ്യ പെനാൽറ്റി തടഞ്ഞ ലൂക്കാ സിദാൻ മൽസരം റയലിനനുകൂലമാക്കി. MLSന്റെ ദോസ് സാന്റോസ് എടുത്ത ഷോട്ട് ബാറിൽ തട്ടി അകന്നപ്പോൾ ബെയിലും മാർസല്ലോയും കൂട്ടരും ലക്ഷ്യം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial