എതിർ ഗോൾകീപ്പറുടെ കഴുത്ത് ഞെരിച്ചു, ഇബ്രാഹിമോവിചിന് അമേരിക്കയിൽ വിലക്ക്

സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിചിന് വിലക്ക്. അമേരിക്കൻ ലീഗിൽ മത്സരത്തിനിടെ എതിർ ഗോൾകീപ്പറുടെ കഴുത്ത് ഞെരിച്ചതിനാണ് ഇബ്രാഹിമോവിചിന് വിലക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഗാലക്സിയും ന്യൂയോർക്ക് സിറ്റിയും തമ്മിലുള്ള മത്സരത്തിലായിരുന്നു ഇബ്ര ന്യൂയോർക്ക് ഗോൾകീപ്പർ സീൻ ജോൺസനുമായി ഉടക്കിയത്.

ഇരു താരങ്ങൾക്കും മത്സരത്തിനിടെയിൽ തന്നെ മഞ്ഞക്കാർഡുകൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് റീപ്ലേകളിൽ സ്ലാട്ടനാണ് തെറ്റുകാരൻ എന്ന് തെളിഞ്ഞു. തുടർന്നാണ് നടപടി. രണ്ട് മത്സരങ്ങളിലാണ് ഇബ്രയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. മത്സരം പരാജയപ്പെടുന്നതിന്റെ ദേഷ്യമാണ് സ്ലാട്ടാൻ സീൻ ജോൺസനു മേൽ കാണിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗാലക്സി മത്സരം പരാജയപ്പെട്ടു.

വീണ്ടും ഇബ്രാഹിമോവിചിന് ഗോൾ, വിജയം തുടർന്ന് ഗാലക്സി

എം എൽ എസിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ് എൽ എ ഗാലക്സി. ഇന്ന് നടന്ന മത്സരത്തിൽ ഹൗസറ്റൺ ഡൈനാമോയെ ഒന്നിനെതിഫെ രണ്ടു ഗോളുകൾക്കാണ് ഗാലക്സി പരാജയപ്പെടുത്തിയത്. കളിയുടെ അവസാന മിനുട്ടിൽ പൊലെന്റ നേടിയ ഗോളാണ് ഗാലക്സിക്ക് വിജയം ഉറപ്പിച്ച് കൊടുത്തത്‌. ആദ്യ പകുതിയിൽ സൂപ്പർ താരം ഇബ്രാഹിമോവിച് നേടിയ ഗോളിൽ ഗാലക്സി മുന്നിൽ എത്തിയത് ആയിരുന്നു.

എന്നാൽ കളിയുടെ 53ആം മിനുട്ടിൽ എലിസിലൂടെ ഹൗസ്റ്റൺ സമനില പിടിച്ചു. പിന്നീടായിരുന്നു അവസാന നിമിഷം വിജയ ഗോൾ വന്നത്. സ്ലാട്ടാന് ഇന്നത്തെ ഗോളോടെ ലീഗിൽ ഏഴു ഗോളുകളായി. ഏഴു മത്സരങ്ങളിൽ ആറും വിജയിച്ച് ഗാലക്സി ഇപ്പോൾ ഗംഭീര ഫോമിലാണ്. 2019ൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡും ഗാലക്സി ഇന്ന് നിലനിർത്തി. 18 പോയന്റുള്ള ഗാലക്സി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്‌.

അമേരിക്കയിൽ ലീഗിന്റെ വലുപ്പം വീണ്ടും കൂട്ടുന്നു, 30 ടീമുകൾ ആവും

ഇന്ത്യയിൽ ലീഗിൽ ടീമുകളുടെ എണ്ണം കുറവാണെങ്കിൽ അമേരിക്കയിൽ ടീം കൂടുന്നതാണ് പ്രശ്നം. അമേരിക്കയിലെ ലീഗായ മേജർ ലീഗ് സോക്കറാണ് വലുതാക്കാൻ അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ആലോചിക്കുന്നത്. 2021 സീസൺ മുതൽ ലീഗിൽ 30 ടീമുകൾ ആക്കാനാണ് തീരുമാനിക്കുന്നത്. ഇതിനായുള്ള നടപടികൾ തുടങ്ങി.

ഇപ്പോൾ അമേരിക്കയിൽ 24 ടീമുകളാണ് ലീഗിൽ ഉള്ളത്. 12 ടീമുകൾ ഉള്ള രണ്ട് സോണുകളിലായാണ് ഇപ്പോൾ മത്സരം നടക്കുന്നത്. പ്രൊമോഷനോ റിലഗേഷനോ ഇല്ലാത്തതിനാൽ ഒരുപാട് വിമർശനങ്ങൾ നേരിടുന്ന എം എൽ എസ് ടീമുകളുടെ എണ്ണം കൂടെ വർധിപ്പിക്കുന്നതോടെ വലിയ പ്രതിസന്ധിയിൽ ആയേക്കും. ഇത്രയും ടീമുകൾ ഉണ്ടെങ്കിൽ സെക്കൻഡ് ഡിവിഷൻ തുടങ്ങി പ്രൊമോഷനും റിലഗേഷനും തുടങ്ങിക്കൂടെ എന്നാണ് ഫുട്ബോൾ പ്രേമികൾ അമേരിക്കയിൽ ചോദിക്കുന്നത്.

ഈ സീസണിൽ എഫ് സി സിൻസിനാറ്റി എന്ന ക്ലബ് പുതുതായി ലീഗിൽ എത്തിയിരുന്നു. ആഷ്വില്ലെ, ഇന്റർ മിയാമി എന്നീ ടീമുകൾ അടുത്ത സീസണിൽ പുതുതായി വരാനുമുണ്ട്.

ഇബ്രാഹിമോവിചിന് ഇരട്ട ഗോൾ, വിജയം തുടർന്ന് ഗാലക്സി

എം എൽ എസിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ് എൽ എ ഗാലക്സി. ഇന്ന് നടന്ന മത്സരത്തിൽ ഫിലാഡെൽഫിയ യൂണിയനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗാലക്സി പരാജയപ്പെടുത്തിയത്. രണ്ടു ഗോളും നേടിയത് സൂപ്പർ താരം ഇബ്രാഹിമോവിച് ആയിരുന്നു. കളിയുടെ 27ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആയിരുന്നു ആദ്യ ഗോൾ. പിന്നീട് പെനാൾട്ടിയിലൂടെ സ്ലാട്ടാൻ തന്റെ രണ്ടാം ഗോളും നേടി.

സ്ലാട്ടാന് ഇതോടെ ലീഗിൽ നാലു ഗോളുകളായി. ആറു മത്സരങ്ങളിൽ അഞ്ചു വിജയിച്ച് ഗാലക്സി ഇപ്പോൾ ഗംഭീര ഫോമിലാണ്. 2019ൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡും ഗാലക്സി ഇന്ന് നിലനിർത്തി. 15 പോയന്റുള്ള ഗാലക്സി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്‌.

റൂണിക്ക് എം.എൽ.എസ് സീസണിലെ ആദ്യ ചുവപ്പ് കാർഡ്

എം.എൽ.എസ് സീസണിലെ ആദ്യ ചുവപ്പ് കാർഡ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിക്ക്. ലോസ് ആഞ്ചേലസ് താരം ഡിയേഗോ റോസിയെ ഫൗൾ ചെയ്തതിനാണ് റഫറി റൂണിക്ക് ചുവപ്പ് കാർഡ് നൽകിയത്. കടുത്ത ഫൗൾ ആയിരുന്നിട്ടുകൂടി റഫറി ആദ്യം മഞ്ഞ കാർഡ് ആണ് നൽകിയിരുന്നത്. തുടർന്ന് വാറിന്റെ ഇടപെടൽ മൂലമാണ് റൂണിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.

2014ൽ വെസ്റ്റ് ഹാമിനെതിരെ ലഭിച്ച ചുവപ്പ് കാർഡിന് ശേഷം ആദ്യമായിട്ടാണ് റൂണിക്ക് ചുവപ്പ് കാർഡ് ലഭിക്കുന്നത്. മത്സരത്തിൽ റൂണിയുടെ ടീമായ ഡി.സി യുണൈറ്റഡ് മൂന്ന് ഗോളിന് പിറകിൽ നിൽക്കുന്ന സമയത്താണ് റൂണിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. ശേഷം ഒരു ഗോൾ കൂടി അടിച്ച ലോസ് ആഞ്ചേലസ്  ഏകപക്ഷീയമായ നാല് ഗോളുകൾക്ക് മത്സരം ജയിച്ചിരുന്നു. ഡി.സി യുണൈറ്റഡിന്റെ സീസണിലെ ആദ്യ പരാജയം കൂടിയായിരുന്നു ഇത്.

ചുവപ്പ് കാർഡ് താൻ അർഹിച്ചത് തന്നെയാണെന്ന് മത്സരം ശേഷം റൂണി പറഞ്ഞു. എന്നാൽ എതിരാളിയെ പരിക്കേൽക്കിപ്പിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും റൂണി പറഞ്ഞു. ഇന്നത്തെ ചുവപ്പ് കാർഡോടെ മോൺറിയൽ ഇമ്പാക്ടിനെതിരായ മത്സരം റൂണിക്ക് നഷ്ട്ടമാകും.

എം.എൽ.എസ്സിൽ വീണ്ടും റൂണിയുടെ മാജിക് ഗോൾ – വീഡിയോ

മേജർ ലീഗ് സോക്കറിൽ വീണ്ടും വെയ്ൻ റൂണി മാജിക്. ഇന്നലെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനിയുടെ ഒർലാണ്ടോ സിറ്റിക്കെതിരേയുള്ള മത്സരത്തിൽ അസാധ്യമായ ആംഗിളിൽ നിന്ന് ഗോൾ നേടിയാണ് റൂണി ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിൽ റൂണിയുടെ ഗോളിൽ 2-1ന് ഒർലാണ്ടോ സിറ്റിയെ തോൽപിച്ച് ഡി.സി യുണൈറ്റഡ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഈ സീസണിൽ റൂണിയുടെ നാലാമത്തെ ഗോളായിരുന്നു ഇത്. മത്സരത്തിൽ ആദ്യ ഗോളിന് വഴി ഒരുക്കിയതും റൂണി തന്നെയായിരുന്നു.

മത്സരത്തിന്റെ ഗോൾ നേടി ഡി.സി യുണൈറ്റഡ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. സ്റ്റീവ് ബിർൺബാം ആണ് ഗോൾ നേടിയത്. തുടർന്നാണ് ലോകകപ്പിൽ ജർമൻ താരം ടോണി ക്രൂസ് നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ റൂണി അസാധ്യമായ ആംഗിളിൽ നിന്ന് ഗോൾ നേടി ഡി.സി യുണൈറ്റഡിന്റെ ലീഡ് ഉയർത്തിയത്. രണ്ടാം പകുതിയിൽ ഡോം ഡോയർ ഒരു ഗോൾ മടക്കിയെങ്കിലും ഡി.സി യുണൈറ്റഡ് അനായാസം ജയിക്കുകയായിരുന്നു.

“പോഗ്ബ അമേരിക്കയിൽ വരണം” – റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ഇംഗ്ലീഷ് ഇതിഹാസം വെയ്ൻ റൂണി. മേജർ ലീഗ് സോക്കറിൽ പോൾ പോഗ്ബയെ പോലെ ഒരു താരത്തിന് വലിയ ഉയരങ്ങളിൽ എത്താൻ ആകും എന്ന് റൂണി പറഞ്ഞു. ക്ലബുകളും പോഗ്ബയെ പോലൊരു താരത്തെ കാത്തിരിക്കുകയാണ്. പോഗ്ബയ്ക്ക് അമേരിക്ക ഇഷ്ടമാണെന്ന് തനിക്ക് അറിയാം. പോഗ്ബയുടെ സഹോദരനും ഇപ്പോൾ അമേരിക്കയിൽ കളിക്കുന്നുണ്ട് എന്നും റൂണി പറഞ്ഞു.

പോഗ്ബ മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റാഷ്ഫോർഡിനും അമേരിക്കൻ ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കാൻ ആകുമെന്ന് റൂണി പറഞ്ഞു. കഴിഞ്ഞ സീസണിലാണ് ഇംഗ്ലണ്ട് വിട്ട് വെയ്ൻ റൂണി അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡിൽ ചേർന്നത്. അവിടെ മികച്ച ഫോമിൽ ഉള്ള റൂണി ക്ലബിന്റെ ഇപ്പോഴത്തെ പ്രധാന താരമാണ്. ഇംഗ്ലണ്ടിൽ നിന്ന് ഭാവിയിൽ കുറെ താരങ്ങൾ അമേരിക്കൻ ലീഗിൽ വരും എന്നാണ് റൂണി വിശ്വസിക്കുന്നത്.

റിലഗേഷനും പ്രൊമോഷനും ഇല്ലാതെ കളിക്കണ്ട, ഫിഫയ്ക്ക് പരാതിയുമായി ക്ലബുകൾ

അമേരിക്കയിൽ ഏറ്റവും വലിയ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിന്റെ അടഞ്ഞ ഘടന മാറണം എന്ന പരാതിയുമായി അമേരിക്കൻ ക്ലബുകൾ രംഗത്ത്. ഇപ്പോൾ റിലഗേഷനും പ്രൊമോഷനും ഇല്ലാതെയാണ് മേജർ ലീഗ് സോക്കർ മുന്നോട്ട് പോകുന്നത്. എന്നാൽ ഇത് ഫിഫയുടെ നിയമങ്ങൾക്ക് എതിരാണെന്ന് ലോവർ ഡിവിഷനിലെ ക്ലബുകൾ ഫിഫയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.

രാജ്യത്തെ ഫുട്ബോളിന്റെ വളർച്ച താഴോട്ട് പോകാൻ ഇത് കാരണമാകുന്നു. എത്ര തോറ്റാലും ക്ലബിന് ഒന്നും സംഭവിക്കില്ല എന്നതു കൊണ്ട് താരങ്ങൾ അവരുടെ കഴിവിനൊത്ത് അമേരിക്കയിൽ കളിക്കുന്നില്ല എന്നും പരാതിയിൽ പറയുന്നു. പ്രൊമോഷനും റിലഗേഷനും ഇല്ലാത്തത് അമേരിക്കൻ ഫുട്ബോളിനെ പിറകോട്ട് വലിച്ചു എന്ന് നേരത്തെ തന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ വരെ അമേരിക്കയ്ക്ക് ആയിരുന്നില്ല.

ഫിഫയുടെ പ്രത്യേക അനുമതിയിൽ ആണ് പ്രൊമോഷനും റിലഗേഷനും ഇല്ലാതെ ഒന്നാം ഡിവിഷൻ നടത്താൻ അമേരിക്കയ്ക്ക് കഴിയുന്നത്. ഇന്ത്യയിലും സമാനമായ രീതിയിലാണ് ഐ എസ് എല്ലും നടക്കുന്നത്. എന്തായാലും ഈ പരാതികൾ ഫിഫ കാര്യമായി പരിഗണിച്ചേക്കില്ല. പണം മുടക്കി കൂടുതൽ ക്ലബുകൾ മേജർ ലീഗ് സോക്കറിന്റെ ഭാഗമാകാൻ ഇരിക്കെ പ്രൊമോഷനും റിലഗേഷനും നടത്താൻ അമേരിക്കൻ ഫുട്ബോൾ അസോസിയേഷനും ഒരുങ്ങില്ല.

അമേരിക്കൻ ലീഗ് തുടങ്ങി, ഇബ്രാഹിമോവിചും

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിന് ഇന്ന് തുടക്കമായി. ആദ്യ ദിവസത്തെ മത്സരത്തിൽ തന്നെ സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിച് താരമായി മാറി. ഇന്ന് ചികാഗോ ഫയറിനെ നേരിട്ട ഇബ്രാഹിബോവിചിന്റെ ടീമായ എൽ എ ഗാലക്സി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി.

തുടക്കത്തിൽ സാപോങിന്റെ ഗോളിൽ പിറകിൽ പോയ ഗാലക്സി തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. 68ആം മിനുട്ടിൽ സ്റ്റെരസിലൂടെ സമനില നേടിയ ഗാലക്സിക്ക് വിജയം നേടിക്കൊടുത്തത് ഇബ്രാഹിമോവിചായിരുന്നു. 80ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആയിരുന്നു ഇബ്ര വിജയ ഗോൾ നേടിയത്. കഴിഞ്ഞ സീസണിൽ എൽ എ ഗാലക്സിയുടെ ടോപ് സ്കോറർ ആയിരുന്നു ഇബ്രാഹിമോവിച്.

ഗാലക്സിയുടെ സ്റ്റേഡിയത്തിനു മുന്നിൽ ഇനി എന്നും ഡേവിഡ് ബെക്കാം

ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിനെ അമേരിക്കൻ ക്ലബായ എൽ എ ഗാലക്സി ആദരിച്ചു. ബെക്കാമിന്റെ പ്രതിമ എൽ എ ഗാലക്സിയുടെ സ്റ്റേഡിയത്തിൽ ഇന്ന് അനാച്ഛാദനം ചെയ്തു. ബെക്കാമിന്റെ മുൻ ക്ലബായ എൽ എ ഗാലക്സി നേരത്തെ തന്നെ ബെക്കാമിനെ ആദരിക്കുമെന്ന് അറിയിച്ചിരുന്നു.

എൽ എ ഗാലകസിയുടെ ഹോം സ്റ്റേഡിയത്തിൽ ഇന്ന് നടന്ന സീസണിലെ ആദ്യ മത്സരത്തിനു മുമ്പായിരുന്നു പ്രതിമ പ്രകാശനം ചെയ്തത്. ഡേവിഡ് ബെക്കാമും ചടങ്ങിൽ പങ്കെടുത്തു.

2007ൽ ഗാലക്സിയിൽ എത്തിയ ഡേവിഡ് ബെക്കാം 6 വർഷത്തോളം അവിടെ കളിച്ചിരുന്നു. രണ്ട് തവണ ഗാലക്സിയെ എം എൽ എസ് ചാമ്പ്യന്മാരാക്കാനും ബെക്കാമിനായിരുന്നു. അമേരിക്കൻ ഫുട്ബോളിനെ ലോക ശ്രദ്ധയിൽ എത്തിക്കുന്നതിൽ ബെക്കാം വലിയ പങ്കുവഹിച്ചിരുന്നു എന്നും അതാണ് ഈ പ്രതിമയ്ക്ക് കാരണം എന്നും ക്ലബ് അറിയിച്ചു.

അമേരിക്കൻ ഫുട്ബോൾ ആരവം ഇന്ന് മുതൽ

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിന് ഇന്ന് മുതൽ തുടക്കമാകും. 24 ടീമുകളാണ് ഇത്തവണ എം എൽ എസിൽ ഉള്ളത്. എഫ് സി സിൻസിനാട്ടി ആണ് പുതുതായി എം എൽ എസിൽ ഉള്ളത്. ഈസ്റ്റേൺ കോൺഫറൻസിൽ ആകും സിൻസിനാട്ടി കളിക്കുക. രണ്ട് കോൺഫറൻസിലും സിൻസിനാട്ടി വന്നതോടെ 12 ടീമുകൾ വീതമായി.

നിലവിലെ ചാമ്പ്യന്മാരായ അറ്റ്ലാന്റ, കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ന്യൂയോർക്ക് റെഡ് ബുൾ എന്നിവർ ഈ സീസണിലും കിരീടത്തിനായി മുന്നിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. ഒപ്പം ഇബ്രാഹിമോവിചിന്റെ ടീമായ എൽ എ ഗാലക്സി, വെയ്ൻ റൂണിയുടെ ടീമായ ഡി സി യുണൈറ്റഡ് എന്നിവരും വലിയ പ്രതീക്ഷകൾ ഈ സീസണിൽ വെച്ച് പുലർത്തുന്നു.

ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ ഫിലാഡെൽഫിയ യൂണിയനും ടൊറന്റോയുമാണ് ഏറ്റുമുട്ടുന്നത്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂയിസ് നാനി ഇനി അമേരിക്കയിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂയിസ് നാനി ഇനി അമേരിക്കയിൽ കളിക്കും. മേജർ ലീഗ് സോക്ജർ ക്ലബായ ഒർലാണ്ടോ സിറ്റിയാണ് നാനിയെ സൈൻ ചെയ്തിരിക്കുന്നത്. ഈ സീസൺ ആരംഭത്തിൽ തന്റെ ആദ്യ കാല ക്ലബായ സ്പോർടിംഗ് ലിസ്ബണിൽ നാനി തിരിച്ചെത്തിയിരുന്നു‌. സ്പോർടിംഗിൽ നാനി വിരമിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ നാനി അമേരിക്കയിലേക്ക് പോകാൻ തീരുമാനിക്കുകയായുരുന്നു.

മുമ്പ് 2000 മുതൽ 2007 വരെ സ്പോർടിംഗിനൊപ്പം ഉണ്ടായിരുന്ന താരമാണ് നാനി. അവിടെ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ നാനി എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കാലഘട്ടത്തിൽ നാലു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും നാനി നേടിയിട്ടുണ്ട്. പോർച്ചുഗലിന്റെ അവസാന യൂറോ കപ്പ് വിജയത്തിലും നാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൂണിയും ഇപ്പോൾ അമേരിക്കയിൽ ഉണ്ട്‌.

Exit mobile version