റയലിനെ നേരിടാൻ ഷ്വെയിൻസ്റ്റൈഗറും ഡേവിഡ് വിയ്യയും ഇറങ്ങും

- Advertisement -

ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറും ഡേവിഡ് വിയ്യയും റയൽ മാഡ്രിഡിനെതിരെയുള്ള മൽസരത്തിൽ മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമിനു വേണ്ടിയിറങ്ങും. ഓഗസ്റ്റ് 2 ആണ് മൽസരം നടക്കുക. മേജർ ലീഗ് സോക്കറിലെ മികച്ച താരങ്ങളാണ് യൂറോപ്പിലെ ചാമ്പ്യന്മാരുമായി ഏറ്റുമുട്ടുക. കാകയും മൈക്കൽ ബ്രാഡ്ലിയും ഗോൾ കീപ്പർ ടിം ഹോവാർഡും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ചിക്കാഗോ ഫയറിനെ പോയന്റ് നിലയിൽ ഒന്നാമതെത്തിച്ച ജർമ്മൻ ഇതിഹാസത്തിന്റെ പ്രകടനമാണ് ഓൾ സ്റ്റാർ ടീമിൽ ഇടം നേടിക്കൊടുത്തത്. തുടർച്ചയായ ഒൻപത് കളികളിൽ പരാജയമറിയാതെ കുതിക്കുകയാണ് ചിക്കാഗോ ഫയർ. യുണൈറ്റഡിൽ നിന്നും ഫയറിൽ എത്തിയ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ 2 ഗോളുകളും MLS ൽ നേടി. മുൻ ബയേൺ താരത്തോടൊപ്പം ചിക്കാഗോ ഫയറിലെ ടീംമേറ്റ് നെമാഞ നിക്കോലികും ഇടം പിടിച്ചു.

സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യ ന്യൂയോർക്ക് സിറ്റി എഫ്സിക്ക് വേണ്ടിയാണ് MLS ൽ ഇറങ്ങുന്നത്. സ്പെയിൻ നാഷണൽ ടീമിന് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയത് 35 കാരനായ ഡേവിഡ് വിയ്യയാണ്. വലൻസിയക്കും ബാഴ്സയ്ക്കും അത്ലെറ്റിക്കോ മാഡ്രിഡിനും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ഡേവിഡ് വിയ്യ തന്റെ കരിയറിൽ ഏറ്റവും അധികം തവണ ഏറ്റുമുട്ടിയിട്ടുള്ളത് റയൽ മാഡ്രിഡിനോടാണ്. 28 തവണ ഏറ്റുമുട്ടിയപ്പോൾ 10 തവണ വിജയം 10 ഗോളുകൾ നേടിയ വിയ്യയുടെ ടീമിനൊപ്പമായിരുന്നു.

തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ സിദാനും റയലും തികഞ്ഞ ആത്മ വിശ്വാസത്തോടെയായിരിക്കും അമേരിക്കയിലേക്ക് പറക്കുക. എന്നാൽ അവരെ നേരിടാൻ ലോകകപ്പ് ചാമ്പ്യന്മാരായ കാകയും വിയ്യയും ഷ്വെയിൻസ്റ്റൈഗറും കാത്തിരിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement