ജയമില്ലാതെ ആറു മത്സരങ്ങൾ, ഗാലക്സിയുടെ പരിശീലകൻ രാജിവെച്ചു

മോശം ഫോമിൽ കഷ്ടപ്പെടുന്ന എൽ എ ഗാലക്സിയുടെ പരിശീലകൻ സിഗി ഷിമിഡ് പരിശീലക സ്ഥാനം രാജിവെച്ചു. ലീഗിൽ വെറും ആറു മത്സരങ്ങൾ മാത്രം ശേഷിക്കെ ആണ് ഷിമിഡിന്റെ രാജി. പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാൻ തനിക്ക് ആകില്ല എന്ന തോന്നൽ വന്നതുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത്. പ്ലേ ഓഫ് യോഗ്യതക്ക് മൂന്ന് പോയന്റ് അകലെയാണ് ഇപ്പോൾ ഗാലക്സി.

അവസാന ആറു മത്സരങ്ങളിലും ഗാലക്സിക്ക് വിജയിക്കാനായിട്ടില്ല. അവസാന മത്സരത്തിൽ 6-2ന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെയാണ് ഷിമിഡ് രാജി തീരുമാനവുമായി മുന്നോട്ട് പോയത്. ഇബ്രാഹിമോവിച് എന്ന സൂപ്പർ താരം എത്തിയിട്ട് വരെ ക്ലബിന് ജയിക്കാൻ കഴിയാത്തത് ആരാധകരെയും രോഷാകുലരാക്കിയിട്ടുണ്ട്.

സഹപരിശീലകൻ ഡൊമിനിക് കിന്നിയറാകും ഇനി സീസൺ അവസാനിക്കുന്നത് വരെ ഗാലക്സിയുടെ താൽക്കാലിക പരിശീലകൻ.

Exit mobile version