വീണ്ടും ബെക്കാമിനൊപ്പം ഫിൽ നെവിൽ, ഇന്റർ മിയാമിയുടെ പുതിയ പരിശീലകൻ

വീണ്ടും ഡേവിഡ് ബെക്കാമും ഫിൽ നെവിലും ഒരുമിക്കുന്നു. ഇത്തവണ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയുടെ പുതിയ പരിശീലകനായാണ് ഫിൽ നെവിൽ എത്തുന്നത്. മേജർ ലീഗ് സോക്കറിലാണ് മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഒന്നിക്കുന്നത്. ഇംഗ്ലണ്ട് വനിത ദേശീയ ടീം മാനേജർ സ്ഥാനം രാജിവെച്ചാണ് ഫിൽ നെവിൽ മേജർ ലീഗ് സോക്കറിൽ എത്തുന്നത്.

ആദ്യ സീസണിന് പിന്നാലെ കോച്ചുമായി പിരിഞ്ഞിരുന്നു ഇന്റർ മിയാമി. പരിശിലകൻ ഡിയാഗോ അലോൺസോയുമായിട്ടാണ് ഇന്റർ മിയാമി വേർപിരിഞ്ഞത്. ഫ്ലോറിഡയിലെ ക്ലബ്ബായ ഇന്റർ മിയാമി കന്നി സീസണിൽ 23 മത്സരങ്ങളിൽ 7 ജയവും 3 സമനിലയും 13 പരാജയങ്ങളുമായാണ് സീസൺ അവസാനിപ്പിച്ചത്. എന്നാൽ ഏറെ പ്രതീക്ഷകളുമായി എത്തിയ ഇന്റർ മിയാമി പ്ലേ ഓഫിൽ നാഷ്വിലിനോട് പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് കോച്ചിന് സ്ഥാനം രാജിവെക്കേണ്ടി വന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ 9 വർഷം നെവിലും ബെക്കാമും ഒന്നിച്ച് കളിച്ചിട്ടുണ്ട്. 6 പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും അടക്കം 12 കിരീടങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ഇരു താരങ്ങളും നേടി. 43കാരനായ ഫിൽ നെവിൽ ഇംഗ്ലണ്ട് വുമൺസ് ടീമിനെ 2019 ലോകകപ്പിന്റെ സെമി ഫൈനൽ വരെ എത്തിച്ചിട്ടുണ്ട്.