ആദ്യ സീസണിന് പിന്നാലെ കോച്ചുമായി പിരിഞ്ഞ് ഇന്റർ മിയാമി

ആദ്യ സീസണിന് പിന്നാലെ കോച്ചുമായി പിരിഞ്ഞ് ഇന്റർ മിയാമി. ഇന്റർ മിയാമി പരിശിലകൻ ഡിയാഗോ അലോൺസോയുമായിട്ടാണ് ക്ലബ്ബ് വേർപിരിഞ്ഞത്. ഫ്ലോറിഡയിലെ ക്ലബ്ബായ ഇന്റർ മിയാമി കന്നി സീസണിൽ 23 മത്സരങ്ങളിൽ 7 ജയവും 3 സമനിലയും 13 പരാജയങ്ങളുമായാണ് സീസൺ അവസാനിപ്പിച്ചത്. ഈസ്റ്റേൺ കോൻഫെറൻസിൽ പത്താം സ്ഥാനം നേടിയ ഇന്റർ മിയാമി പ്ലേ ഓഫ് ബർത്തും ഉറപ്പിച്ചിരുന്നു.

ഏറെ പ്രതീക്ഷകളുമായി എത്തിയ ഇന്റർ മിയാമി പ്ലേ ഓഫിൽ നാഷ്വിലിനോട് പരാജയപ്പെടുകയായിരുന്നു. അതേ സമയം ഇന്റർ മിയാമിയുടെ ഉടമയായ ഡേവിഡ് ബെക്കാം ക്ലബ്ബിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുൻ പാചുക, മോണ്ടെറി പരിശീലകനായ ഡിയാഗോ അലോൺസോ ഏറെ പ്രതീക്ഷകളുമായിട്ടാണ് മേജർ ലീഗ് സോക്കറിലെത്തിയത്. ഇംഗ്ലണ്ട് വനിത ദേശീയ ടീം മാനേജർ ഫിൽ നെവില്ലെയെ ടീമിലെത്തിക്കാനാണ് ഇന്റർ മിയാമി ശ്രമിക്കുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.