കൊളംബസ് എം എൽ എസ് കപ്പ് ചാമ്പ്യന്മാർ

അമേരിക്കയിൽ എം എൽ എസ് കപ്പ് കൊളംബസ് ക്ര്യൂ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സീറ്റിലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊളംബസ് കിരീടം സ്വന്തമാക്കിയത്. ലൂകാസ് സീലറയന്റെ ഇരട്ട ഗോളുകളാണ് കൊളംബസിനെ ഇന്ന് വിജയത്തിലേക്ക് നയിച്ചത്. കൊളംബസിന്റെ പ്രധാന താരങ്ങളായ ഡാർലിങ്ടൺ നഗ്ബെയും പെഡ്രോ സാന്റോസും ഇല്ലാതെ ആയിരുന്നു ഇന്ന് ഫൈനലിന് ടീം ഇറങ്ങിയത്.

മത്സരത്തിന്റെ 25ആം മിനുട്ടിലും 82ആം മിനുട്ടിലും ആയിരുന്നു സെലറയന്റെ ഗോൾകൾ. 31ആം മിനുട്ടിൽ എറ്റിയെന്നെയും കൊളംബസിനായി ഗോൾ നേടി. കൊളംബസിന്റെ രണ്ടാം എം എൽ എസ് കപ്പ് മാത്രമാണിത്. 2008ൽ ആയിരുന്നു ഇതിനു മുമ്പ് കൊളംബസ് ഈ കിരീടം നേടിയത്. 2015ന് ശേഷം ആദ്യമായി ഇത്തവണ ആണ് കൊളംബസ് ഫൈനലിൽ എത്തുന്നത്.