‘സ്വപ്ന ഫൈനൽ’; ബ്രസീലിനെ അട്ടിമറിച്ച് ഇന്ത്യ ജേതാക്കൾ

- Advertisement -

കൊണ്ടോട്ടി: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി നാടു നീളെ ‘ബ്രസീൽ’ ‘അർജന്റീന’ സ്വപ്ന ഫൈനലുകൾ സംഘടിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന തിരക്കിനിടയിൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായി ഭാരതീയർ കാണേണ്ട യഥാർത്ഥ ‘സ്വപ്ന ഫൈനൽ’ സംഘടിപ്പിച്ചു കൊണ്ട് മിഷൻ സോക്കർ അക്കാദമി ഇന്ത്യയിലെ ഫുട്‌ബോൾ പ്രേമികൾക്ക് യഥാർത്ഥ മാതൃക സൃഷടിച്ചു.

അരിമ്പ്ര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തി വരുന്ന മിഷൻ സോക്കർ അക്കാദമിയിലെ ഭാവി ഫുട്ബോൾ താരങ്ങൾ തങ്ങളുടെ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ലോക കപ്പ് സ്വപ്ന ഫൈനൽ’ മത്സരത്തിൽ ‘ഇന്ത്യ’യും ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ചാമ്പ്യൻമാരായ ‘ബ്രസീലും’ തമ്മിലാണ് ഏറ്റുമുട്ടിയത് ഇരു ടീമുകളിലും അക്കാദമിയുടെ എൺപതംഗ സമ്മർ കോച്ചിംഗ് ക്യാമ്പിലെ തിരെഞ്ഞെടുക്കപ്പെട്ട മികച്ച പതിനൊന്നു വീതം താരങ്ങളാണ് അണി നിരന്നത്. നല്ല വീറും വാശിയിലും നടന്ന മത്സരത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് ലോക ജേതാക്കളായ ‘ബ്രസീൽ’ ടീമിനെ അട്ടിമറിച്ചു കൊണ്ട് ‘ഇന്ത്യ’ ജേതാക്കളായി.

ഓരോ പത്ത് വർഷത്തിലും മിനിമം ഒരു ഇന്ത്യൻ താരം എന്ന ലക്ഷ്യവുമായി മൂന്നു വർഷമായി പ്രവർത്തിയ്ക്കുന്ന സൗജന്യ നോൺ റെസിഡൻഷ്യൽ അക്കാദമിയായ മിഷൻ സോക്കർ അക്കാദമി ഫുട്ബോൾ പ്രേമികൾക്ക് മാതൃ സൃഷ്ടിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രസ്തുത മത്സരത്തിന് മുഖ്യാതിഥിയായി എത്തിയ ഇന്റർ നാഷണൽ താരം എം.പി സക്കീർ അരീക്കോട് കളിക്കാരുമായി പരിചയപ്പെട്ടു, കുട്ടികളുമായി ഫുട്ബോളിലെ തന്റെ ബാല്യകാലാനുഭവങ്ങളും പുതിയ വീക്ഷണങ്ങളും പങ്കുവച്ചു. ചടങ്ങിൽ അക്കാദമിയിലെ പരിശീലകരും പഴയ കാല ഫുട്ബോൾ താരങ്ങളും രക്ഷിതാക്കളും സംബന്ധിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement