ഹാട്രിക് നേടി ഇക്കാർഡി, മിലാൻ ഡർബിയിൽ ഇന്ററിന് ജയം

- Advertisement -

ഡർബിയുടെ സകല ആവേശവും നിറഞ്ഞ മത്സരത്തിൽ മിലാൻ ഡർബിയിൽ ഇന്ററിന് ജയം. ക്യാപ്റ്റൻ മൗറോ ഇക്കാർഡിയുടെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് ഇന്റർ സാൻസിറോയിൽ മിലാന്റെ രാജകന്മാരായത്. രണ്ടു തവണ പിന്നിൽ പോയ ശേഷം സമനില പിടിച്ച മിലാൻ 90 ആം മിനുട്ടിൽ വഴങ്ങിയ പെനാൽറ്റിയിലാണ് തോൽവി വഴങ്ങിയത്.

ആദ്യപകുതിയിൽ ഇന്ററിന്റെ വ്യക്തമായ ആധിപത്യമാണ് സാൻ സിറോയിൽ കണ്ടത്. 3-5-2 ഫോർമേഷനിൽ ഇറങ്ങിയ മിലാൻ ഇന്റർ ആക്രമണ നിരയിലെ പ്രമുഖരായ കേന്ദ്രേവ- പെരിസിച്-ഇക്കാർഡി സഘ്യത്തിന് മുന്നിൽ കഷ്ടപെടുന്ന കാഴ്ചയാണ് കണ്ടത്. പക്ഷെ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാതിരുന്ന ഇന്റർ 28 ആം മിനുട്ടിൽ മുന്നിലെത്തി. വലത് വിങ്ങിൽ നിന്ന് കന്ദ്രേവയുടെ മികച്ച പാസ്സ് ഗോളാക്കി ക്യാപ്റ്റൻ ഇക്കാർഡി സാൻസിറോയിൽ ഇന്ററിന് ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയിൽ പക്ഷെ മിലാന്റെ ആക്രമണ നിര ഉണർന്നപ്പോൾ ഇന്റർ പ്രതിരോധകാർക്ക് ജോലി കൂടി. 49 ആം മിനുട്ടിൽ മിലാൻ സ്ട്രൈക്കർ ആന്ദ്രെ സിൽവയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് റീബൗണ്ടിൽ ബിലിയ ഗോളാക്കിയെങ്കിലും ലൈൻസ്മാൻ ഓഫ് സൈഡ് വിളിച്ചിരുന്നു. പക്ഷെ ഏറെ വൈകാതെ മിലാൻ അർഹിച്ച സമനില ഗോൾ നേടി. സുസോയുടെ പിൻ പോയിന്റ് ഷോട്ട് ഇന്റർ വലയുടെ വലതുമൂലയിൽ പതിച്ചതോടെ മത്സരം കൂടുതൽ ആവേഷകരമായി. ലീഡ് നേടാൻ മിലാൻ ശ്രമിക്കുന്നിടയിൽ ലഭിച്ച പ്രത്യാക്രമണത്തിൽ പക്ഷെ 63 ആം മിനുട്ടിൽ ഇന്റർ വീണ്ടും ലീഡ് നേടി. പെരിസിചിന്റെ പാസ്സ് വലയിലാക്കി ഇക്കാർഡി തന്റെ രണ്ടാം ഗോൾ നേടി. സീസണിലെ 8 ആം ഗോൾ. പക്ഷെ പ്രതീക്ഷ കൈവിടാതെ കളിച്ച മിലാൻ വീണ്ടും സമനില ഗോൾ നേടി. 81 ആം മിനുട്ടിൽ ഫാബിയോ ബോറിനിയുടെ പാസ്സ് ബോനാവെണ്ട്യൂറയുടെ ഹെഡ്ഡർ ഇന്റർ ഗോളി തടുത്തെങ്കിലും പന്ത് ഗോൾ ലൈൻ കടന്നിരുന്നു. സ്കോർ 2-2. പിന്നീട് 87 ആം മിനുട്ടിൽ ഈഡറിന്റെ ഷോട്ട് റോഡ്രിഗസ് തടുത്തെങ്കിലും തുടർന്നുള്ള കോർണറിൽ റോഡ്രിഗസ് ഇന്ററിന് പെനാൽറ്റി സമ്മാനിച്ചു. കിക്കെടുത്ത ഇക്കാർഡി പിഴവൊന്നും കൂടാതെ ഡോണാറുമ്മയെ മറികടന്ന് ഇന്ററിന്റെ വിജയ ഗോളും ഹാട്രിക്കും പൂർത്തിയാക്കി. സ്കോർ 3-2. രണ്ടാം പകുതിയിലെ മിലാന്റെ മികച്ച പ്രകടനം അങ്ങനെ ഫലമില്ലാതെ പോയി.

ജയത്തോടെ 8 കളികളിൽ നിന്നുള്ള 22 പോയിന്റോടെ ഇന്റർ ഒന്നാം സ്ഥാനതുള്ള നാപോളിയുമായുള്ള അകലം 2 പോയിന്റായി കുറച്ചു. 12 പോയിന്റ് മാത്രമുള്ള മിലാൻ 10 സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement