Site icon Fanport

കൊറോണ കാരണം ലീഗ് നിർത്തണം എന്ന് പറഞ്ഞ ജോൺ ഒബി മികേലിനെ ക്ലബ് പുറത്താക്കി

തുർക്കിഷ് ലീഗ് അധികൃതരെ വിമർശിച്ചതിന് മുൻ ചെൽസി താരം ജോൺ ഒബി മികേലിനെ തുർക്കിഷ് ട്രാബ്സോൺസ്പോർ പുറത്താക്കി. കൊറോണ വ്യാപിക്കുന്ന ഘട്ടത്തിലും തുർക്കിയിൽ കളി തുടരുന്നതിനെ കഴിഞ്ഞ ദിവസം ഒബി മികേൽ വിമർശിച്ചിരുന്നു‌. ഇതിനു പിന്നാലെയാണ് താരത്തിന്റെ കരാർ റദ്ദാക്കുന്നതായി ക്ലബ് അറിയിച്ചത്.

ലോക ഫുട്ബോൾ ആകെ നിർത്തിവെക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയെ ഓർത്തായിരുന്നു മികേൽ ഈ വിമർശനം ഉയർത്തിയത്. ഈ സീസൺ തുടക്കത്തിൽ രണ്ട് വർഷത്തെ കരാറിലാണ് മികേൽ തുർക്കിയിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലീഷ് ക്ലബായ മിഡിൽസ്ബ്രോയിൽ ആയിരുന്നു മികേൽ കളിച്ചിരുന്നത്. കരാർ റദ്ദായതോടെ മികേൽ വീണ്ടും ഫ്രീ ഏജന്റായി.

ചെൽസിയിൽ 11 വർഷങ്ങളോളം കളിച്ച താരമാണ് മികേൽ. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം ഒമ്പതു കിരീടങ്ങൾ മികേൽ നേടിയിരുന്നു. ചെൽസി വിട്ട ശേഷം ചൈനീസ് ക്ലബായ ടിയാൻജിനു വേണ്ടിയും മികേൽ കളിച്ചിരുന്നു. നൈജീരിയക്കായി 85ൽ അധികം മത്സരങ്ങൾ കളിച്ച താരം കൂടിയാണ് ജോൺ ഒബി മികേൽ.,

Exit mobile version