യൂറോപ്പിൽ ബാഴ്‌സലോണക്കല്ലാതെ വേറെ ടീമിന് വേണ്ടി കളിക്കില്ലെന്ന് മെസ്സി

- Advertisement -

യൂറോപ്പിൽ ബാഴ്‌സലോണക്ക് വേണ്ടിയല്ലാതെ മറ്റൊരു ടീമിന് വേണ്ടി ബൂട്ട് കെട്ടാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ബാഴ്‌സലോണയുടെയും അർജന്റീനയുടെയും സൂപ്പർ താരം ലിയോണൽ മെസ്സി. ബാഴ്‌സലോണയിൽ കളി മതിയാക്കിയതിനു ശേഷം അർജന്റീനയിലുള്ള ക്ലബായ ന്യൂവൽ ഓൾഡ് ബോയ്സിന് വേണ്ടി കളിയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും മെസ്സി പറഞ്ഞു. അർജന്റീനൻ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് മെസ്സി തന്റെ ഭാവിയെ പറ്റി മനസ്സ് തുറന്നത്. 30കാരനായ മെസ്സി ബാഴ്‌സലോണയുടെ ബി, സി ടീമുകളിലൂടെയാണ് സീനിയർ ടീമിലെത്തിയത്.

“ഞാൻ എപ്പോഴും പറയുന്നതാണ് ഒരു ദിവസം എനിക്ക് അർജന്റീനയിൽ പന്ത് തട്ടണം.  അത് സംഭവിക്കുമോ ഇല്ലയോ എന്നറിയില്ല പക്ഷെ അതെന്റെ മനസ്സിലുണ്ട്.  അത് സംഭവിക്കുകയാണെങ്കിൽ അത് ന്യൂവൽ ഓൾഡ് ബോയ്സിന് വേണ്ടിയാകും. അത് ആറ് മാസത്തേക്ക് ആണെങ്കിലും കളിക്കണം എന്നാണ് ആഗ്രഹവും. പക്ഷെ ഫുട്ബോളിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല” മെസ്സി പറഞ്ഞു.

“ചെറുപ്പത്തിൽ ന്യൂവൽ ഓൾഡ് ബോയ്സിന് വേണ്ടി കളിക്കാനായിരുന്നു താല്പര്യം. അച്ഛന്റെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും കൂടെ കളി കാണാൻ പോവാറുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ജീവിത സാഹചര്യങ്ങൾ എന്നെ വേറെ ഒരു സ്ഥലതെത്തിച്ചു.” മെസ്സി കൂട്ടിച്ചേർത്തു.

സ്പെയിനിനു പകരം രാജ്യാന്തര തരത്തിൽ അർജന്റീനയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മെസ്സി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement