മെസി ബാഴ്‌സലോണയിലേക്ക് മടങ്ങി

- Advertisement -

അർജന്റീനയുടെ സൂപ്പർ താരം ബാഴ്‌സലോണയിലേക്ക് മടങ്ങി. റഷ്യയുമായുള്ള സൗഹൃദ മത്സരത്തിന് ശേഷമാണ് മെസി അർജന്റീനയുടെ സ്‌ക്വാഡ് വിട്ട് ബാഴ്‌സലോണയിലേക്ക് തിരിച്ചത്. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന നൈജീരിയയ്‌ക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനയ്ക്കായി മെസി ഇറങ്ങില്ല എന്നത് ഉറപ്പായി. വിശ്രമത്തിനു വേണ്ടിയാണ് ബാഴ്‌സയുടെ സൂപ്പർതാരം തിരികെ സ്പെയിനിലേക്ക് മടങ്ങിയത്. തുടർച്ചയായ മത്സരങ്ങൾ മൂലമുണ്ടാകുന്ന പരിക്കിന്റെ ഭീഷണിയെ മറികടക്കാനും ലോകകപ്പിനായി ശക്തിയോടെ തിരിച്ചു വരാനാണ് മെസി വിശ്രമം ആവശ്യപ്പെട്ടതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുപ്പത്തുകാരനായ ലയണൽ മെസി അർജന്റീനയുടെയും ബാഴ്‍സയുടെയും പ്രധാനതാരമാണ്. ഈ സീസണിൽ കാറ്റലൻ ക്ലബ്ബിനു വേണ്ടി 16 ഗോളാണ് മെസി അടിച്ചു കൂട്ടിയത്. ഇരു ടീമിന്റെയും വിജയത്തിന്റെ ചുക്കാൻ പിടിക്കുന്നത് മെസിയാണ്. നൂറു ശതമാനം ഫിറ്റ്നസ് നിലനിർത്തികൊണ്ട് മെസിയെ റഷ്യയിൽ കാണാനാവും അർജന്റീന ആഗ്രഹിക്കുക. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയോടേറ്റ ഒരു ഗോൾ പരാജയം മറക്കാനിടയില്ലാത്ത ടീം അർജന്റീന ഇത്തവണ കപ്പ് ലക്ഷ്യം വെച്ചാവും ഇറങ്ങുക. റഷ്യക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരം അഗുറോയുടെ ഗോളിലാണ് വിജയം നേടിയത്. ഈ ഗോളോട് കൂടി അർജന്റീനയുടെ ഇതിഹാസതാരം മറഡോണയുടെ റെക്കോർഡ് അഗുറോ(35) മറികടന്നു. 61 ഗോളുകളുമായി ലയണൽ മെസിയാണ് അർജന്റീനയുടെ എക്കാലത്തെയും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement