Picsart 23 06 01 17 52 08 358

ശനിയാഴ്ച മെസ്സിയുടെ പി എസ് ജിയിലെ അവസാന മത്സരം

ലയണൽ മെസ്സി പി എസ് ജി വിടും എന്ന് പരിശീലകൻ ഗാൾട്ടിയറും പറഞ്ഞു. ഈ ശനിയാഴ്ച ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ അവസാന മത്സരം നടക്കാൻ പോവുകയാണ്. അതാകും മെസ്സിയുടെ പി എസ് ജിക്ക് ആയുള്ള അവസാന മത്സരം എന്ന് ഗാൽട്ടിയർ പറഞ്ഞു. ലയണൽ മെസ്സി പി എസ് ജിയിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. മെസ്സി അടുത്തതായി ഏത് ക്ലബിലേക്ക് പോകും എന്ന് ഇനിയും വ്യക്തമല്ല.

“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. പാർക് ഡെസ് പ്രിൻസസിലെ മെസ്സിയുടെ അവസാന മത്സരമാകും ഇത്, അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”ഗാൽറ്റിയർ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശനിയാഴ്ച ക്ലർമോണ്ടിനെതിരെ ആണ് പാരീസ് സെന്റ് ജെർമെയ്‌ൻ നേരിടുന്നത്. ശനിയാഴ്ച രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. ഇതിനകം തന്നെ ലീഗ് കിരീടം ഉറപ്പിച്ചതിനാൽ പി എസ് ജിയും മെസ്സിയും സമ്മർദ്ദങ്ങൾ ഏതും ഇല്ലാതെയാകും അവസാന മത്സരത്തിന് ഇറങ്ങുക.

Exit mobile version