മെസ്സി മാജിക്കിൽ അർജന്റീന, ബ്രസീലിനും ചിലിക്കും വിജയം.

- Advertisement -

തുടർച്ചയായ പരാജയങ്ങളിൽ പെട്ട് 2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പുറകോട്ട് പോയിരുന്ന അർജന്റീന ലയണൽ മെസ്സിയുടെ മാസ്മരിക പ്രകടനം കൊണ്ട് കൊളംബിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോൽപ്പിച്ച് യോഗ്യതാ വഴിയിൽ തിരിച്ചെത്തി.
messi-kiccc
സാൻ യുവാനിൽ നടന്ന മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ മികച്ചൊരു ഫ്രീ കിക്കിലൂടെ മെസ്സി അർജന്റീനയെ മുന്നിൽ എത്തിച്ചു. തുടർന്ന് 22ആം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ഹിഗ്വേയിന് പകരം ടീമിൽ എത്തിയ ലൂക്കസ് പ്രറ്റോയിലൂടെ അർജന്റീന ലീഡ് ഉയർത്തി. തുടർന്നങ്ങോട്ട് നിരവധി തവണ കൊളംബിയൻ ബോക്സിലേക്ക് ഡ്രിബിൾ ചെയ്ത് മെസ്സി മുന്നേറിയെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രം അതൊന്നും ഗോൾ ആക്കാനാവാതെ പോവുകയായിരുന്നു. രണ്ടാം പകുതിയിലും മെസ്സിയുടെ നേതൃത്വത്തിൽ മുന്നേറിയ അർജന്റീനക്ക് മൂന്നാം ഗോൾ കണ്ടെത്താൻ 83ആം മിനിറ്റ് വരെ കാത്തിരിയ്‌ക്കേണ്ടി വന്നു. ഒറ്റക്ക് മുന്നേറിയ മെസ്സി സ്വപ്നതുല്യമായ ഒരു പാസിലൂടെ ഡി മരിയക്ക് പന്ത് കൈമാറിയപ്പോൾ ഹെഡ് ചെയ്ത് പന്ത് വലയിലാക്കി അർജന്റീനയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

മറ്റൊരു മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ വിജയകുതിപ്പ് തുടരുകയാണ്. സാവധാനം കളിച്ചു തുടങ്ങിയ ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ ഒന്നും നേടാനായില്ല. അൻപത്തിയേഴാം മിനിറ്റിൽ ഗബ്രിയല്‍ ജീസസും എഴുപത്തിയെട്ടാം മിനിറ്റില്‍ റെനറ്റൊ അഗസ്‌റ്റോയും നേടിയ ഗോളുകളാണ് ബ്രസീലിനു വിജയം സമ്മാനിച്ചത്. സൂപ്പർ താരം നെയ്മർ ഫോം കണ്ടെത്താൻ വിഷമിച്ചു എങ്കിലും വിജയം നേടാനായത് ആരാധകർക്ക് ആശ്വാസമായി.

മറ്റൊരു പ്രധാന മത്സരത്തിൽ ഉറുഗ്വേയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ചിലി പരാജയപ്പെടുത്തി. എഡിസൺ കവാനിയിലൂടെ ഉറുഗ്വേ പതിനാറാം മിനിറ്റിൽ മുന്നിൽ എത്തിയെങ്കിലും ഒന്നാം പകുതിയുടെ അവസാന സമയത്ത് വർഗാസിലൂടെ ചിലി ഒപ്പമെത്തി. തുടർന്ന് ആക്രമിച്ചു കളിച്ച ചിലിക്ക് വേണ്ടി അറുപതാം മിനിറ്റിലും എഴുപത്തഞ്ചാം മിനിറ്റിലും സാഞ്ചസ് വല കുലുക്കിയപ്പോൾ വിജയം ചിലിക്കൊപ്പം നിന്നു.

യോഗ്യത റൗണ്ടിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 27 പോയിന്റുള്ള ബ്രസീൽ ആണ് ഒന്നാമത്. 23 പോയിന്റുമായി ഉറുഗ്വേ രണ്ടാമതും 20 പോയിന്റുമായി ഇക്വഡോർ, ചിലി ടീമുകൾ മൂന്നും നാലും സ്ഥാനത്താണ്. 19 പോയിന്റുമായി അർജന്റീന അഞ്ചാം സ്ഥാനത്താണ്. ഇനി മാർച്ചിൽ മാത്രമേ യോഗ്യതാ മത്സരങ്ങൾ നടക്കുകയുള്ളൂ.

Advertisement