സിറ്റി ആക്രമണത്തെ തടുക്കാൻ നാപോളിക്കുമായില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ ആക്രമണത്തെ തടയാൻ ഇറ്റാലിയൻ കരുത്തുമായെത്തിയ നാപോളിക്കും ആയില്ല. 2-1 ന്റെ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ജൈത്രയാത്ര തുടരുന്നു. നാപോളി രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയത് അവർക്ക് കനത്ത വില നൽകേണ്ടി വന്നു.

4-3-3 ഫോർമേഷനിൽ ടീമിനെ ഇറക്കിയ ഗാർഡിയോള ജിസൂസ്- സ്റ്റെർലിങ്-സാനെ എന്നിവരെയാണ് മുൻ നിരയിൽ അണിനിരത്തിയത്. നാപോളിയും അതേ ഫോർമേഷനിൽ തന്നെയാണ് ടീമിനെ ഇറക്കിയത്. പക്ഷെ സിറ്റിയുടെ വേഗതയേറിയ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ പലപ്പോഴും നാപോളിയുടെ പ്രതിരോധം പാടുപെട്ടു.

9 ആം മിനുട്ടിൽ തന്നെ സിറ്റി സ്വന്തം മൈതാനത്ത് സ്റ്റർലിംഗിലൂടെ ലീഡ് നേടി. ഏറെ വൈകാതെ ഡു ബ്രെയ്‌നയുടെ പാസ്സ് ജിസൂസ് ഗോളാക്കിയതോടെ സിറ്റി 2 ഗോളിന്റെ ലീഡ് നേടി മത്സരത്തിൽ പിടി മുറുക്കി. ലീഡ് വഴങ്ങിയിട്ടും നാപോളിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 38 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഡ്രൈ മെർട്ടൻസ് നഷ്ടപെടുത്തിയത് നാപോളിക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ 10 മിനുറ്റ് കഴിഞ്ഞപ്പോൾ ഇൻസിഗ്‌നേയും പരിക്കേറ്റ് പുറത്തായത് നാപോളിക്ക് വൻ തിരിച്ചടിയായി. രണ്ടാം പകുതിയിൽ സിറ്റിയുടെ ആക്രമണത്തെ പൂർണമായും തടഞ്ഞ നാപോളി മികച്ച അവസരങ്ങളും സൃഷ്ടിച്ചു. 73 ആം മിനുട്ടിൽ നാപോളിക്ക് രണ്ടാം പെനാൽറ്റി ലഭിച്ചു. ഇത്തവണ കിക്കെടുത്ത ഡയവാരക്കു പിഴച്ചില്ല. സ്കോർ 2-1. പിന്നീടും നാപോളി നന്നായി കളിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്കായില്ല.

ജയത്തോടെ സിറ്റിക്ക് 9 പോയിന്റായി. അവർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫെയർനൂഡിനെതിരെ ജയിച്ച ശാക്തർ 6 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ 3 പോയിന്റുള്ള നാപോളി 3 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement