സിറ്റി പ്രതിരോധത്തിൽ ഇനി മെൻഡിയും

ഏറെ നാൾ പിന്തുടർന്ന ബെഞ്ചമിൻ മെൻഡി ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ എത്തി. പെപ് ഗാർഡിയോള തന്റെ സമ്മറിലെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായിരുന്നു താരത്തെ ലോക റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്.ഒരു ഡിഫെൻഡർക്ക് ലഭിക്കുന്ന റെക്കോർഡ് 52 മില്യൺ പൗണ്ടിനാണ് മൊണാക്കോയിൽ നിന്ന് സിറ്റി മെൻഡിയെ സ്വന്തമാക്കിയത്. ഇതോടെ 50 മില്യൺ പൗണ്ടിന്റെ കരാറിൽ കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ കെയിൽ വാൽകറിന്റെ ട്രാൻസ്ഫർ രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ സീസൺ അവസാനിച്ചപ്പോൾ തന്നെ മോണക്കോയുടെ യുവ നിരയിൽ ഏറെ ശ്രദ്ധേയനായ ബെഞ്ചമിൻ മെൻഡിയെ സിറ്റി ലക്ഷ്യം വച്ചിരുന്നു. എന്നാൽ ട്രാൻസ്ഫർ തുകയിൽ ഇളവ് വരുത്താൻ മൊണാക്കോ വിസമ്മതിച്ചതോടെ ട്രാൻസ്ഫർ നീളുകയായിരുന്നു. മെൻഡിയുടെ വരവോടെ പ്രതിരോധം ശക്തമാകും എന്നു തന്നെയാവും സിറ്റിയുടെ പ്രതീക്ഷ.

ഫ്രാൻസ് ദേശീയ താരം കൂടിയായ മെൻഡി കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിയ മൊണാക്കോ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു. 2016 ഇൽ മാർസെയിൽ നിന്ന് മൊണാക്കോയിൽ എത്തിയ മെൻഡി കഴിഞ്ഞ സീസണിൽ അവർക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 23 വയസ്സ് മാത്രമുള്ള താരം പക്ഷെ ലോകത്തിലെ തന്നെ മികച്ച ഫുൾ ബാക്കുകളിൽ ഒരാളായാണ് അറിയപ്പെടുന്നത്. മെൻഡിയുടെ വരവോടെ സിറ്റിയുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ചിലവ് 200 മില്യൺ കവിഞ്ഞു. നേരത്തെ ഗോൾ കീപ്പർ എഡേഴ്സൻ, മധ്യ നിര താരം ബെർനാടോ സിൽവ, ഡിഫണ്ടർമാരായ വാൾക്കർ, ഡാനിലോ എന്നിവരും സിറ്റിയിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article“ഈ ആരാധകരിൽ അഭിമാനം കൊള്ളുന്നു” ബ്ലാസ്റ്റേഴ്സ് ബോസിന് വൻ വരവേൽപ്പ്
Next article6 വിക്കറ്റ് വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്