ഐ എം വിജയന്റെ പാകിസ്ഥാനെതിരായ ഹാട്രിക്കിന് ഇന്ന് 18 വയസ്സ്

1999 സെപ്റ്റംബർ 26 സാഫ് ഗെയിംസിൽ ഐ എം വിജയന്റെ താണ്ഡവം കണ്ട ദിവസം. നീണ്ട കാലയളവിനു ശേഷം ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് ഒരു ഹാട്രിക്ക് പിറന്നത് അന്നായിരുന്നു. 1980ൽ സേവിയർ പയസ് ശ്രീലങ്കയ്ക്കെതിരെ ഹാട്രിക്ക് നേടിയ ശേഷം രാജ്യാന്തര മത്സരത്തിൽ ഇന്ത്യയ്ക്കായി ഒരു ഹാട്രിക്ക് പിറക്കാൻ 1999 സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വന്നു. സാഫ് ഗെയിംസിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ആയിരുന്നു ഐ എം വിജയന്റെ ആദ്യ ഇന്ത്യ ഹാട്രിക്ക് പിറന്നത്.

രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഇന്ത്യ വിജയിച്ച മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു ഐ എം വിജയൻ പാകിസ്ഥാൻ പ്രതിരോധത്തെ വെള്ളം കുടിപ്പിച്ചത്. 52′ 61′ 73′ മിനുട്ടുകളിലായിരുന്നു വിജയന്റെ ഗോളുകൾ പിറന്നത്. ആൽബർട്ടോയും സബിർ പാഷയുമാണ് അന്ന് ഇന്ത്യയ്ക്കായി വലകുലുക്കിയ ബാക്കി രണ്ടു പേർ.

ആദ്യ ഹാട്രിക്കിൽ നിർത്തിയില്ല ഐ എം വിജയൻ എന്നതും ഒരു കൗതുകമാണ്. രണ്ടു ദിവസം കഴിഞ്ഞ് നടന്ന ഭൂട്ടാനെതിരായ മത്സരത്തിൽ വീണ്ടും ഹാട്രിക്ക് നേടി ഐ എം വിജയൻ ഇന്ത്യൻ ദേശീയ ഫുട്ബോളിൽ ടീമിനു വേണ്ടി രണ്ട് ഹാട്രിക്ക് എന്ന അപൂർവ്വ നേട്ടത്തിലും എത്തി. അന്ന് ഭൂട്ടാനെതിരെ തന്നെയായിരുന്നു ഐ എം വിജയൻ റെക്കോർഡ് ഇട്ട 12ആം സെക്കൻഡിലെ വേഗമേറിയ ഗോളും പിറന്നത്.

ഭൂട്ടാനെ എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെടുത്തിയ ഇന്ത്യ അടുത്ത മത്സരത്തിൽ നേപ്പാളിനെ നാലു ഗോളുകൾക്കും തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ആ സാഫ് ഗെയിംസിൽ സെമിയിലേക്ക് കടന്നു. പക്ഷെ സെമിയിൽ ബംഗ്ലാദേശിന് മുന്നിൽ കാലിടറി വീഴുകയാണ് ഉണ്ടായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ, റയൽ ഡോർട്മുണ്ടിനെതിരെ
Next articleഗുരുവായൂർ സ്പോർട്സ് അക്കാദമി സെലക്ഷൻ സെപ്റ്റംബർ 29ന്