മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ താരാദരം അക്ഷരതെറ്റുകളുടെ പൊടി പൂരം

- Advertisement -

മലപ്പുറം. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലയിൽ നിന്നുള്ള പ്രസിദ്ധരായ ഫുട്ബോൾ താരങ്ങളെ ആദരിക്കാനൊരുക്കിയ ചടങ്ങിൽ പ്രധാന താരങ്ങൾക്ക് നൽകിയ ഉപഹാരങ്ങളിൽ അവരുടെ പേര് പോലും തെറ്റായ രീതിയിൽ രേഖപ്പെടുത്തിയത് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ അനാസ്ഥയുടെയും താരങ്ങളോടുള്ള അനാദരവിന്റെയും അവസാനത്തെ ഉദാഹരമാണെന്ന് ഫുട്ബോൾ പ്രേമികൾ വിലയിരുത്തുന്നു.

കാൽ നൂറ്റാണ്ടിന് ശേഷം മലപ്പുറത്ത് നിന്ന് ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതിയും നേടിയ അനസ് എടത്തൊടികക്കും, എഴുപത്തൊന്ന് വർഷത്തെ സന്തോഷ് ട്രോഫി ചരിത്രത്തിൽ മലപ്പുറത്ത് നിന്ന് കേരളാ ടീമിന്റെ ക്യാപ്റ്റൻമാരായ നാലേ നാല് പേരിൽ ഒരാളായ പി. ഉസ്മാനെയും മറ്റു സംസ്ഥാന താരങ്ങളെയുമാണ് മലപ്പുറം ഡി.എഫ്.എ ചടങ്ങിന് ക്ഷണിച്ചു വരുത്തിയിരുന്നത്.

എന്നാൽ അനസ് എടത്തൊടികയുടെ പേരിന് മുമ്പിൽ ഡി.എഫ്.എ യുടെ വകയായി മുഹമ്മദും, ഉസ്മാന് ഡി.എഫ്.എയുടെ ബെസ്റ്റ് പ്ലയർ ഉപഹാരത്തിൽ പി.ഉസ്മാൻ എന്നതിന് പകരം ടി. ഉസ്മാൻ എന്നെഴുതിയും, രണ്ടാമത്തെ ഉപഹാരത്തിൽ സന്തോഷ് ട്രോഫി കേരളാ ടീം ക്യാപ്റ്റൻ എന്നു പോലും മെൻഷൻ ചെയ്യാതെയും ഒരു ഫോട്ടോ കൂടി പതിക്കാതെയും നൽകിയിരിക്കുന്നു.

അതു പോലെ ഏഷ്യൻ ഫുട്ബോൾ അസോസിയേഷന്റെ കോച്ചിംഗിനുള്ള B ലൈസൻസ് – നേടിയ മലപ്പുറം ജില്ലയിലെ ഒരേ ഒരു കോച്ച് അരീക്കോട്ടുകാരൻ സി. ഷമീലിന് നൽകിയ ഉപഹാരത്തിലും കാതലായ തെറ്റു വന്നിരിക്കുന്നു.

 

ഇത് വെറും അക്ഷര തെറ്റുകളായി വിലയിരുത്താൻ മലപ്പുറത്തെ ഫുട്ബോൾ താരങ്ങൾ ഒരുക്കമല്ല എന്ന രീതിയിലാണ് ഇന്നലെ പ്രസ്തുത ചടങ്ങിന് ശേഷം സമൂഹ മാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ. താങ്ങൾക്കും പരിശിലകർക്കും ഫുട്ബോൾ അധികാരികൾ ഒട്ടും വില കൽപ്പിക്കുന്നില്ല മറിച്ച് അവരുടെ സ്വന്തം താൽപ്പര്യങ്ങളും സ്ഥാനമാനങ്ങളും സംരക്ഷിക്കുന്നതിൽ മാത്രമാണവരുടെ ശ്രദ്ധ എന്നതാണ് മിക്ക പ്രതികരണങ്ങളുടെയും ഉള്ളടക്കം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement