
ഫിഫയുടെ വീഡിയോ അസിസ്റ്റന്റ് റഫറീസിനെ (VAR) പിന്തുണച്ച് അർജെന്റിനയുടെ ഇതിഹാസ താരം മറഡോണ രംഗത്തെത്തി. VAR സംവിധാനം പണ്ട് ഉണ്ടായിരുന്നെങ്കിൽ ദൈവത്തിന്റെ കൈ എന്ന് ഫുട്ബോൾ ലോകം വാഴ്ത്തുന്ന തന്റെ ഗോൾ അനുവദിക്കപ്പെടില്ലായിരുന്നെന്നും മറഡോണ കൂട്ടിച്ചേർത്തു. VAR പൂർണമായും നടപ്പിലാക്കണമെന്നും ടെക്നൊളജിക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ തനിക്ക് ആദ്യം ഓർമ്മ വരിക ഇംഗ്ലണ്ടിനെതിരായുള്ള ഗോൾ ആണെന്നും ഫിഫക്ക് വേണ്ടി നടത്തിയ ഇന്റർവ്യൂവിൽ മറഡോണ പറഞ്ഞു.
അർജെന്റിന ലോകകപ്പ് നേടിയ 1986 ലെ ഇംഗ്ലണ്ടിനെതിരായുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ മാച്ചിലാണ് പ്രശസ്തമായ നൂറ്റാണ്ടിലെ ഗോളും ദൈവത്തിന്റെ കൈയും പിറന്നത്. മത്സരത്തിലെ 51 ആം മിനുട്ടിൽ പീറ്റർ ഷിൽട്ടന് മേലെ ഉയർന്ന പന്ത് കൈകൊണ്ട് തട്ടിയാണ് മറഡോണ ഗോളാക്കി മാറ്റിയത്. മത്സരത്തിന് ശേഷം അത് ദൈവത്തിന്റെ കൈ ആയിരുന്നെന്നു മറഡോണ പറഞ്ഞതിന് ശേഷമാണ് “ദൈവത്തിന്റെ കൈ” ഫുട്ബോൾ ലോകത്ത് അവിസ്മരണീയമായത്. അഞ്ചു പ്രതിരോധതാരങ്ങളെ കടന്നു മറഡോണ ആ മത്സരത്തിൽ നേടിയ ഗോൾ നൂറ്റാണ്ടിലെ ഗോൾ ആയും അറിയപ്പെടുന്നു. മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ അർജന്റീന വെസ്റ്റ് ജർമ്മനിയെ തകർത്ത് ലോക ചാമ്പ്യന്മാരായത് ചരിത്രം.
ഒട്ടേറെ മത്സരങ്ങളിൽ ഇപ്പോൾ തന്നെ VAR ഫിഫ ഉപയോഗിച്ച് കഴിഞ്ഞു. റഷ്യയിൽ കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിലും ഫിഫ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചതാണ്. അടുത്ത വര്ഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ VAR ഉപയോഗിക്കാനാണ് ഫിഫയുടെ തീരുമാനം. എന്നാൽ VAR നെതിരെയുള്ള എതിർപ്പും ശക്തമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial