മാഞ്ചസ്റ്റര്‍ യുണെറ്റഡിന്‍റെയും ലിവര്‍പൂളിന്‍റെയും കഥ

liverpool-manutd
- Advertisement -

ഇംഗ്ലീഷ് ഫുട്ബോളിലെ വികാരം അതി ശക്തമാണെന്ന് ഇംഗ്ലീഷ് ഹൂളിഗന്‍സ് അഥവാ തെമ്മാടികൂട്ടങ്ങള്‍ കാണിച്ചുതരും. ഈ കൂട്ടരിലെ വികാരം തലയ്ക്ക് പിടിച്ചവര്‍ സ്വന്തം ടീമിന് വേണ്ടി റോഡിലും ഗ്യാലറിയിലും അടിയുണ്ടാക്കിയിട്ടും മതിയാവാത്തെ മൈതാനത്ത് ഇറങ്ങി ചെന്ന് തല്ലു കൂടി ക്ലബിന് വിലക്കും വാങ്ങി കൊടുത്തേ അടങ്ങാറുള്ളൂ. തൊട്ടടുത്തുള്ള സ്ഥലങ്ങള്‍ തമ്മിലുള്ള മത്സരങ്ങളിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ഫുട്ബോളിലെ ഈ വന്യത കൂടുതല്‍ പുറത്ത് വരുന്നത്. അയല്‍ക്കാരായ പ്രദേശങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ തര്‍ക്കങ്ങളും വാശികളും ഫുട്ബോളിലേക്ക് കലരുമ്പോള്‍ കാണികള്‍ക്കും കളിക്കാര്‍ക്കും ആവേശം കൂടുന്നത് സ്വാഭാവികം മാത്രം. പക്ഷെ ആവേശം പരിധിവിട്ടു “ഫുട്ബോള്‍ ഈ രീതിയിലാണ് നടത്തുന്നതെങ്കില്‍ അധികകാലം നടത്താന്‍ പറ്റില്ലെന്ന്” വരെ ഫുട്ബോള്‍ അന്വേഷണ കമ്മിറ്റിയായ 1985 ലെ Popplewell കമ്മിറ്റിക്ക് പറയേണ്ടി വന്നു. അത്തരത്തിലാണ് ഇംഗ്ലീഷ്ക്കാരുടെ ഫുട്ബോള്‍ വികാരം.

വീറും വാശിയും ചെറിയ ക്ലബുകള്‍ക്കും വലിയ ക്ലബുകള്‍ക്കും ഒരു പോലെ ആണെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ടു വമ്പന്‍ ക്ലബുകളും ഏതാണ്ട് അത്രെതന്നെ പഴക്കമുള്ള അവരുടെ നഗരങ്ങളുടെ മത്സരവുമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പകരം വെക്കാന്‍ ആവാത്ത മാഞ്ചെസ്റ്റര്‍ യുണെറ്റഡ് – ലിവര്‍പൂള്‍ ശത്രുതയെ വ്യതസ്തമാക്കുന്നത്.

ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ നഗരവും തമ്മിലുള്ള വാശി തുടങ്ങുന്നത് ഏകദേശം 122 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കോട്ടണ്‍ വസ്ത്ര നെയ്തുശാലകളിലൂടെ മാഞ്ചെസ്റ്റര്‍ ലോകത്തിലെ മുന്‍നിര വ്യാവസായിക നഗരമായി 19 നൂറ്റാണ്ടില്‍ വളര്‍ന്നിരുന്നു. മാഞ്ചെസ്റ്ററില്‍ നിന്നും വെറും 50 കിലോമീറ്റര്‍ അകലെയുള്ള അക്കാലത്തെ വലിയ തുറമുഖനഗരമായിരുന്നു ലിവര്‍പൂള്‍. സ്വന്തമായി കടല്‍ തീരമില്ലാത്തിരുന്ന മാഞ്ചെസ്റ്റര്‍ 1894 ല്‍ ഒരു കപ്പല്‍ ചാല്‍ നിര്‍മ്മിച്ചു. ഇതോടെ കപ്പലുകള്‍ ലിവര്‍പൂള്‍ തുറമുഖത്ത് കയറാത്തെ നേരിട്ട് മാഞ്ചെസ്റ്ററില്‍ എത്താന്‍ തുടങ്ങി. ഇത് ലിവര്‍പൂളില്‍ തൊഴില്‍ നഷ്ടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. ഇവിടെ നിന്നാണ് ഈ വാശിയുടെ തുടക്കമെന്നാണ് വിശ്വസിക്കപ്പെടുന്നുത്. ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു എവര്‍ട്ടൺ ഫുട്ബോള്‍ ക്ലബുമായി തെറ്റി ലിവര്‍പൂള്‍ സ്വന്തമായി ക്ലബ് ആരംഭിക്കുന്നത്. പുതിയ ടീമായ ലിവര്‍പൂളിന് ഫസ്റ്റ് ഡിവിഷനല്‍ ഫുട്ബോളിലേക്ക് യോഗ്യത നേടാനുള്ള ആദ്യ കളി പിൽ കാലത്ത് മാഞ്ചെസ്റ്റര്‍ യുണെറ്റഡ് ആയി മാറിയ മാഞ്ചസ്റ്ററിന്‍റെ ന്യൂട്ടൺ ഹീത്ത് ടീമുമായിട്ടായിരുന്നു. കളിയില്‍ മാഞ്ചെസ്റ്ററിനെ തോല്‍പ്പിച്ചു ലിവര്‍പൂള്‍ ആദ്യമായി ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷനില്‍ കയറി.

പക്ഷെ അപ്പോള്‍ ഈ മത്സരങ്ങള്‍ക്ക് ഇപ്പോഴുള്ളത്രെ വൈരം കൈവെന്നിട്ടില്ലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടു മുന്‍പ് മാഞ്ചെസ്റ്ററും ലിവര്‍പൂളുമായുള്ള മത്സരത്തില്‍ കളിക്കാര്‍ തമ്മില്‍ ഒത്തുകളിച്ചത് വന്‍ വിവാദത്തിന് ഇടയായിരുന്നു. 1915 ഫുട്ബോള്‍ ബെറ്റിംഗ് സ്കാൻഡൽ ഇന്നറിയപ്പെടുന്ന ഈ ഒത്തുകളി ലോകമഹായുദ്ധത്തിനു മുന്‍പ് മാഞ്ചെസ്റ്റര്‍ തോറ്റ് ലീഗില്‍ നിന്ന് പുറത്ത് പോവാത്തിരിക്കാന്‍ വേണ്ടി ഇരു ടീമിലെയും കളിക്കാര്‍ ഒത്തുകളിച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.

ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം ലോകം കണ്ട ഏറ്റവും പ്രസിദ്ധനായ കോച്ചുകളില്‍ ഒരാളായ സര്‍ മാറ്റ് ബുസ്ബി മാഞ്ചെസ്റ്റര്‍ യുണെറ്റഡിന്‍റെ കോച്ചായി രംഗത്ത് വന്നു. പിന്നീടങ്ങോട്ട് മാഞ്ചെസ്റ്ററിന്റെ പ്രതാപകാലമായിരുന്നു. 1945 മുതല്‍ 1969 വരെ മാനേജരായിരുന്ന ഇദ്ദേഹത്തിന്‍റെ മാഞ്ചെസ്റ്റര്‍ യുണെറ്റഡ് ടീം 13 ട്രോഫികൾ നേടിയെടുത്തു. ഈ കാലഘട്ടത്തില്‍ പക്ഷെ ലിവര്‍പൂള്‍ വളരെ പിന്നോക്കം പോയി. പലപ്പോഴും ഫസ്റ്റ് ഡിവിഷനില്‍ കളിക്കാന്‍ പോലും ലിവര്‍പൂളിനു ആയില്ല. എന്നാല്‍ ബുസ്ബി ബേബ്സ് എന്നറിയപ്പെട്ടിരുന്ന മാഞ്ചെസ്റ്റര്‍ യുണെറ്റഡ് ടീം 1958 ല്‍  മ്യൂണിക്കിൽ വെച്ച് ദാരുണമായ ഒരു വിമാനാപകടത്തില്‍ പെട്ടു. വിമാനം ഉയരുന്നിനിടെ പറ്റിയ ഈ അപകടത്തില്‍ ടീമിലെ 7 കളിക്കാര്‍ മരണമടയുകയും ബുസ്ബി അടക്കം പലര്‍ക്കും സാരമായ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തു.

അറുപതുകളുടെ തുടക്കത്തില്‍ ലിവര്‍പൂള്‍ ബില്‍ ശാങ്ക്ളിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. 1962 ല്‍ ഫസ്റ്റ് ഡിവിഷനല്‍ ഫുട്ബോളില്‍ വീണ്ടും യോഗ്യത നേടിയ ലിവര്‍പൂള്‍ മാഞ്ചെസ്റ്റര്‍ യുണെറ്റെഡിനോളം പോന്ന ഒരു ഫുട്ബോള്‍ ടീമായി അധികം വൈകാതെ ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ ബുസ്ബി തിരിച്ചു യുണെറ്റഡിലെക്ക് തിരിച്ചു വന്നു 63 ലെ FA കപ്പും 65 ലെ ലീഗ് ചാമ്പ്യന്‍ഷിപ്പും 68ലെ യൂറോപ്യന്‍ കപ്പും നേടിയെടുത്തെങ്കിലും 1969 ജനുവരിയില്‍ വിരമിച്ചു. ഇതിനു ശേഷമാണ് മാഞ്ചെസ്റ്ററിന് കപ്പുകള്‍ ഒന്നും കിട്ടാത്ത നീണ്ട ഇരുപതി ആറു വർഷങ്ങൾ ഉണ്ടായത്.

ലിവര്‍പൂള്‍ അപ്പോള്‍ നിരവധി ലീഗ് കപ്പുകളും യൂറോപ്യന്‍ ചാമ്പ്യന്‍മാരുമായി യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഫുട്ബോള്‍ ടീമായി വളരുകയായിരുന്നു. ബില്‍ ശാങ്ക്ളി ലിവര്‍പൂളിനു സ്വന്തമായ ഒരു സംസ്ക്കാരം തന്നെ വളര്‍ത്തിയെടുത്തു. ബൂട്ട് റൂം എന്ന് വിളിപ്പേരുള്ള മുറിയില്‍ വെച്ച് ഫുട്ബോളിന്‍റെ തന്ത്രങ്ങള്‍ മെനഞ്ഞ ഈ കൂട്ടരില്‍ നിന്നായിരുന്നു കുറേക്കാലം ലിവര്‍പൂളിനു പുതിയ കോച്ചുകള്‍ ഉണ്ടായത്. ഈ കാലഘട്ടമെത്തിയപ്പോഴേക്കും ഇരു ടീമുകളും തമ്മിലുള്ള വൈര്യവും നന്നായി കൂടാന്‍ തുടങ്ങിയിരുന്നു. 1964 നു ശേഷം ഈ രണ്ടു കൂട്ടരും തമ്മില്‍ കളിക്കാരെ കൈമാറ്റം ചെയ്തിട്ടില്ല. മാഞ്ചെസ്റ്റര്‍ യുണെറ്റഡിന്‍റെ മാനേജറായിരുന്ന പ്രശസ്ത ഫുട്ബോള്‍ നിരീക്ഷകന്‍ റോൺ അറ്റ്കിൻസൺ തന്‍റെ ലിവര്‍പൂളില്‍ യാത്രയെ ഉപമിച്ചത് വിയറ്റ്നാം യുദ്ധവുമായിട്ടായിരുന്നു. ആ യാത്രയില്‍ കണ്ണീര്‍ വാതക ഷെല്‍ അടക്കം നേരിടേണ്ടി വന്ന അദ്ദേഹം ഉദ്ദേശിച്ചത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ആയിരുന്നു. 74 ല്‍ ശാങ്ക്ളി വിരമിച്ചെങ്കിലും ലിവര്‍പൂള്‍ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്നു.

1985 ഹെയ്സൽ മൈതാനത്ത് വെച്ച് ലിവര്‍പൂള്‍ യുവന്റസ് കളിക്ക് മുന്‍പ് ലിവർപൂളുകാരുണ്ടാക്കിയ അടിയില്‍ പെട്ട് യുവന്റസ് ഭാഗത്തെ മതില്‍ ഇടിയുകയും നിരവധി യുവന്റസ് ആരാധകര്‍ മരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഇംഗ്ലീഷ് ക്ലബുകളെയും യൂറോപ്യന്‍ ഫുട്ബോളില്‍ നിന്ന് വിലക്കി. പിന്നീട് മറ്റു ക്ലബുകള്‍ക്ക് ഈ വിലക്കില്‍ ഇളവു കൊടുത്തെങ്കിലും ലിവര്‍പൂളിന് കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ വിലക്കുണ്ടായിരുന്നു. ഇത് കൂടാതെ 1989 ലെ ഹിൽസ്ബ്രോ മൈതാനത്തു വെച്ച് തിക്കിലും തിരക്കിലും പെട്ടു നിരവധി ലിവര്‍പൂള്‍ ആരാധകര്‍ മരിച്ചതും ലിവര്‍പൂളിനെ ദുഃഖത്തിലാഴ്ത്തി. ഈ സംഭവത്തില്‍ പോലീസിനെ അധികരിച്ച് ബ്രിട്ടനിലെ പ്രശസ്ത പത്രമായ സണ്‍ ന്യൂസ് പേപ്പര്‍ ലിവര്‍പൂള്‍ ആരാധകരെ പഴിച്ച് വാര്‍ത്തകള്‍ എഴുതിവിട്ടു. സണിനെ മൊത്തമായി ബഹിഷ്കരിച്ചായിരുന്നു ലിവര്‍പൂള്‍ ഇതിനു മറുപടി കൊടുത്തത്.

1986 ഇല്‍ സര്‍ അലക്സ്‌ ഫെര്‍ഗൂസന്‍ മാഞ്ചെസ്റ്റര്‍ യുണെറ്റഡിന്‍റെ അമരത്ത് വന്നതോടെ ഇരുവരും തമ്മിലുള്ള പോര് വീണ്ടും ചൂട് പിടിച്ചു. “My greatest challenge was knocking Liverpool right off their fucking perch, and you can print that” എന്ന് തുറന്നു പറഞ്ഞ ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിന്‍റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിച്ചു.

ഹിൽസ്ബ്രോ അപകടം അന്വേഷിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ട് പടി ലിവര്‍പൂളിന്‍റെ ആൻഫീൽഡ് സ്റ്റേഡിയം 1994ല്‍ “ഓള്‍ സീറ്റര്‍ സ്റ്റേഡിയം” ആക്കിയതോടെ ലിവര്‍പൂളിനു കാണികളുടെ എണ്ണം കുറഞ്ഞു. 90 കളില്‍ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ഫുട്ബോളില്‍ നിന്നും ഉണ്ടായ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു പഴയകാല പ്രൌഡിയില്‍ ശോഭിക്കാനായില്ല. 90 കളുടെ അവസാനമാവുമ്പോഴേക്കും ലിവര്‍പൂളിന്റെ തേര്‍വാഴ്ച പതിയെ താഴുകയായിരുന്നു.

എന്നാല്‍ അവിടുന്നങ്ങോട്ട് യുണെറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട കാലം മാനേജറായിരുന്ന ഫെര്‍ഗൂസന്‍റെ സമയമായിരുന്നു. “ലിവര്‍പൂള്‍ എന്നാണ് അവസാനമായി ജയിച്ചത് എന്ന് പോലും നമ്മുടെ യുവതലമുറയ്ക്ക് ഓര്‍മ്മിക്കാന്‍ കഴിയാത്തത് അഭിമാനമാണെന്ന്” വരെ അദ്ദേഹം പറയുഞ്ഞു. ലിവര്‍പൂളിന്റെ കടുത്ത വിമര്‍ശകന്‍ ആയിരുന്ന അദ്ദേഹത്തിന്‍റെ കാലത്ത് ക്ലബുകളുടെ ആരാധകര്‍ ഗ്യാലറിയിലും പുറത്തും രണ്ടു വിഭാഗങ്ങള്‍ ആയി തന്നെ നില കൊണ്ടു. മ്യൂണിക്കിലെയും ഹിൽസ്ബ്രൊയിലെയും ദുരന്തങ്ങള്‍ വരെ ഇരു കൂട്ടരുടെയും ആരാധകര്‍ പരസ്പരം മുറിപ്പെടുത്താനുള്ള ആയുധങ്ങള്‍ ആക്കി എന്നറിയുമ്പോഴാണ് ഈ വികാരത്തിന്‍റ വ്യാപ്തി മനസ്സിലാവുക.

എതിര്‍ ടീമിലെ കളിക്കാര്‍ക്ക് നേരെ 2006 FA കപ്പില്‍ കാണികള്‍ എറിഞ്ഞവയില്‍ അമേദ്യം വരെ പെട്ടു. ഒടുവില്‍ വികാരം പരിധി വിടുന്നു എന്ന് ഫെര്‍ഗൂസന് പോലും പറയേണ്ടി വന്നു. ഫെർഗൂസൺ വിരമിക്കുന്നതിനു മുൻപേ പതിനെട്ടു ലീഗ് കിരീടം എന്ന ലിവർപൂൾ റെക്കോർഡ് തിരുത്തിയെഴുതി. പത്തൊമ്പതാം കിരീടം മാഞ്ചസ്റ്റർ നേടിയപ്പോൾ ലിവർപൂളിനെ കളിയാക്കി നെഞ്ചിലെ രോമത്തിൽ 19 എന്നെഴുതിയ റൂണിയെ എല്ലാവരും ഓർക്കുന്നുണ്ടാകും. ഇരുപതു കിരീടം നേടിയ യുണൈറ്റഡ് ലിവർപൂളിനെ അതു പറഞ്ഞു വാശികൂട്ടുമ്പോൾ അഞ്ചു ചാമ്പ്യൻസ് ലീഗ് നേടിയ വലുപ്പം പറഞ്ഞ് ലിവർപൂളും നിൽക്കും.

ഇന്ന് പോലീസിന്‍റെയും നിയമത്തിന്‍റെയും കാര്‍ക്കശ്യത്തില്‍ സ്ഥിതി കുറച്ചു കൂടെ നിയന്ത്രണവിധേയമാണ്. പക്ഷെ എത്ര നിയന്ത്രിച്ചാലും ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ കുപ്രസിദ്ധമായ മാഞ്ചെസ്റ്റര്‍ ലിവര്‍പൂള്‍ തലമുറകളായി കൈമാറുന്ന വികാരങ്ങളുടെ യുദ്ധഭൂമിയായി മാറും.

Advertisement