
വിജയം അനിവാര്യമായ മത്സരത്തിൽ സ്പർസിനെ തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ യുനൈറ്റഡ് സ്പർസിനെ തോൽപിച്ചത്. ടോട്ടൻഹാമിന്റെ സീസണിലെ ആദ്യ എവേ തോൽവിയാണ് സ്പർസ് ഓൾഡ് ട്രാഫോഡിൽ വഴങ്ങിയത്. പകരക്കാരനായി ഇറങ്ങിയ മാർഷിയാലാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.
പരിക്കേറ്റ ഹാരി കെയ്നിന് പകരം ഹ്യുങ് മിൻ സോണിനെ സ്ട്രൈക്കർ റോളിൽ കളിപ്പിച്ച പോചെട്ടിനോ ഇത്തവണയും മധ്യനിര താരം ഹാരി വിങ്ക്സിന് അവസരം നൽകി. മാഞ്ചസ്റ്റർ ആക്രമണ നിരയിൽ ലുകാക്കു, രാഷ്ഫോഡ്, മികിതാര്യൻ സഘ്യം തന്നെയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് പിന്മാറിയ ഫിൽ ജോണ്സ് എറിക് ബായിക്കൊപ്പം പ്രതിരോധനിരയിൽ തിരിച്ചെത്തി. ആദ്യ പകുതിയുടെ തുടക്കത്തിൽ എത്താനും മിനിറ്റുകൾ യുനൈറ്റഡ് ആധിപത്യം നില നിർത്തിയെങ്കികും സ്പർസ് പതുക്കെ താളം കണ്ടെത്തിയതോടെ മത്സരം ആവേശകരമായി. എന്നാലും ലുകാകുവും രാഷ്ഫോഡിനും കാര്യമായി ഒന്നും ചെയ്യാൻ സ്പർസ് പ്രതിരോധം അനുവദിച്ചില്ല. സ്പർസും ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവർക്കും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നുമില്ലാതെ ഇരു ടീമുകളും ഇറങ്ങിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ സോണിനെയും സിസോകോയെയും പിൻവലിച്ച പോചെട്ടിനോ ദമ്പലെയും യൂറന്റെയെയും ഇറക്കി. യുനൈറ്റഡ് 65 ആം മിനുട്ടിൽ ജെസെ ലിംഗാർഡിനെയും 70 ആം മിനുട്ടിൽ മാർഷിയാലിനെയും ഇറക്കി. 81 ആം മിനുട്ടിലാണ് യുണൈറ്റഡിന്റെ വിജയ ഗോൾ പിറന്നത്. ലുകാക്കു ബോക്സിലേക് ഹെഡ് ചെയ്ത് നൽകിയ പാസ്സ് സ്വീകരിച്ച മാർശിയാൽ പിഴവൊന്നും കൂടാതെ പന്ത് വലയിലാക്കിയതോടെ ഓൾഡ് ട്രാഫോഡ് ഇളകി മറിഞ്ഞു. പിന്നീടുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യമായി ഒന്നും ചെയാനാവാതെ സ്പർസ് പരാജയം സമ്മതിക്കുകയായിരുന്നു.
ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 23 പോയിന്റുമായി രണ്ടാം സ്ഥാനത് തന്നെയാണ്. 20 പോയിന്റുള്ള സ്പർസ് മൂന്നാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial