Local Sports News in Malayalam

മഞ്ഞപ്പടയുടെ എറണാകുളം പ്രീമിയർ ലീഗ് നാളെ

മഞ്ഞപ്പട എന്ന പേരിന് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. ലോകത്തെ ഏതു ആരാധക വലയത്തോടും കിടപിടിക്കാൻ പാകത്തിൽ വളർന്നു പന്തലിച്ചു കിടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ശ്വാസമായ മഞ്ഞപ്പട. ആ‌ മഞ്ഞപ്പടയുടെ എറണാകുളം വിംഗ് നടത്തുന്ന മഞ്ഞപ്പട എറണാകുളം പ്രീമിയർ ലീഗ് നാളെ അരങ്ങേറും.

ഞായറാഴ്ച രാവിലെ മുതൽ തൃപ്പൂണിത്തുറ സ്റ്റേഡിയത്തിലാണ് എറണാകുളം പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കാൻ പോകുന്നത്. അഞ്ചു ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ ടീമുകളുടെ പേരുകളും കേരള ബ്ലാസ്റ്റേഴ്സിനോടുള്ള ആരാധനയെയാണ് സൂചിപ്പിക്കുന്നത്. മഞ്ഞ കൊമ്പൻസ്, ഹോസു ഹീറോസ്, ബെൽഫോർട്ട് ബ്രദേഴ്സ്, കോപ്പൽ ആശാൻസ് ഫൈവ്സ്, ജിംഗൻ ബോയ്സ് എന്നീ ടീമുകളാണ് നാളെ എറണാകുളത്തിന്റെ ചാമ്പ്യന്മാരാകൻ ഇറങ്ങുന്നത്.
ഒരോ പ്രദേശങ്ങളിലേയും യുവ പ്രതിഭകൾക്ക് വളരാൻ അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ലീഗ് എറണാകുളത്ത് മാത്രല്ല കൊല്ലം, ബാംഗ്ലൂർ മഞ്ഞപ്പട വിങ്ങുകളും ഏറ്റെടുത്തു നടത്തുന്നുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പരസ്പരം അടുത്തറിയാനും ബന്ധങ്ങൾക്ക് ആക്കം കൂട്ടാനും ഇത്തരം വേദികൾ സഹായമാകും എന്നാണ് മഞ്ഞപ്പട കരുതുന്നത്.
മഞപ്പടയിലെ അംഗങ്ങൾ മാത്രം മാറ്റുരയ്ക്കുന്ന ലീഗിൽ ലേലത്തിലൂടെയാണ് കളിക്കാരെ ഓരോ ടീമുകളും സ്വന്തമാക്കിയത്. ഒരോ ടീമിലും 9 കളിക്കാരും  മാനേജർമാരുമാണ് ഉള്ളത്. നോക്കൗട്ട് രീതിയിൽ നടക്കുന്ന മത്സരത്തിൽ ഓരോ ടീമിനും സെമിയിലേക്ക് കടക്കാൻ ഒരു ലൈഫ് ലൈനും ഉണ്ടാകും. മത്സരങ്ങൾ നിയന്ത്രിക്കുന്നതും മഞ്ഞപ്പടയിലെ അംഗങ്ങൾ തന്നെയാകും.

ഫുട്ബോളിന്റെ വളർച്ചയ്ക്കു വേണ്ടി എന്നും മുന്നിട്ടിറങ്ങി മാതൃകാപരമായ കാര്യങ്ങൾ ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ള മഞ്ഞപ്പടയ്ക്ക് പ്രീമിയർ ലീഗ് എന്ന ആശയത്തിനും മികച്ച പിന്തുണയാണ് ഫുട്ബോളിന്റെ എല്ലാ മേഖലകളിൽ നിന്നും ലഭിക്കുന്നത്. എറണാകുളം പ്രീമിയർ ലീഗിൽ ബൂട്ടു കെട്ടേണ്ട ടീമുകളൊക്കെ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി പരിശീലനത്തിലാണ്.

You might also like