റയലിനെ കശാപ്പ് ചെയ്ത് ഗ്വാഡിയോളയും ടീമും, വല നിറയെ ഗോൾ വാങ്ങി മാഡ്രിഡ്

പ്രീസീസൺ ടൂറിൽ റയൽ മാഡ്രിഡിന് അത്ര നല്ല തുടക്കമല്ല. തുടർച്ചയായ രണ്ടാം പ്രീസീസൺ മത്സരത്തിലും റയൽ മാഡ്രിഡ്‌ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കളിയിൽ ചുവന്ന മാഞ്ചസ്റ്ററിനോടാണെങ്കിൽ ഇത്തവണ നീല മാഞ്ചസ്റ്ററിനോടാണ് റയൽ പരാജയപ്പെട്ടത്. അതും കനത്ത രീതിയിൽ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയലിനെ തകർത്തെറിഞ്ഞത്.

 

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായെങ്കിലും ബെൻസീമ, ബെയിലി, ഇസ്കോ, നവാസ് തുടങ്ങി മറ്റു പ്രമുഖരെല്ലാം അണി നിരന്നന റയലിനെയാണ് ഗ്വാഡിയോളയുടെ കീഴിൽ ഇറങ്ങിയ സിറ്റി തകർത്തത്. കളിയിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. സിറ്റിക്കു വേണ്ടി ഡിഫൻഡർ ഒട്ടമെൻഡിയാണ് (52) സ്കോർഷീറ്റ് തുറന്നത്. പിന്നീടങ്ങോട് റയൽ ഡിഫൻസിനെ സിറ്റി കശാപ്പു ചെയ്യുകയായിരുന്നു. 59ാം മിനുട്ടിൽ സ്റ്റെർലിംഗ്, 66ാം മിനുട്ടിൽ സ്റ്റോൺസ്, 82ാം മിനുട്ടിൽ ദിയാസ് എന്നിവർ റയലിന്റെ വലയിലേക്ക് ബോൾ എത്തിച്ചു. 17 വയസ്സു മാത്രമുള്ള ബ്രഹീം ദിയാസിന്റെ ഗോളും പ്രകടനവും ശ്രദ്ധേയമായി. കളിയുടെ അവസാന നിമിഷം ഓസ്കറാണ് റയലിനായി ആശ്വാസ ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു റയൽ പരാജയപ്പെട്ടത്. ബാഴ്സലോണയുമായിട്ടാണ് റയലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാർസലീനോ പൂനെ സിറ്റിയിലേക്ക്, 2 കോടിയിലധികം പ്രതിഫലം
Next articleലോക വോളി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായി മലയാളി താരങ്ങൾ | Part 2