വീണ്ടും ലുകാകു, സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡ്

ഇംഗ്ലണ്ടിന് പുറത്തുവെച്ചു നടന്ന ആദ്യത്തെ മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ലുകാകു, റാഷ്‌ഫോർഡ് എന്നിവർ നേടിയ ഗോളിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റിയെ തോൽപ്പിച്ചത്. പ്രീ സീസൺ ടൂറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാമത്തെ വിജയമാണിത്.

പൊസഷൻ കയ്യടക്കി സിറ്റിയാണ് മത്സരം തുടങ്ങിയത് എങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ മികച്ച സേവുകൾ പുറത്തെടുത്തെങ്കിലും സിറ്റിയുടെ ഗോൾകീപ്പർ എഡേഴ്‌സണിന്റെ അബദ്ധം മുതലെടുത്താണ് യുണൈറ്റഡ് ആദ്യ ഗോൾ നേടിയത്. 37 ആം മിനിറ്റിൽ യുണൈറ്റഡിന്റെ ഹാഫിൽ നിന്നും വന്ന ലോങ്ങ് ബാളിനായി എഡേഴ്‌സൺ ബോക്സിനു പുറത്തേക്ക് ഇറങ്ങിയെങ്കിലും വിദഗ്ദമായി പന്ത് കൈക്കലാക്കിയ ലുകാകു അസാധ്യമായ ഒരു ആംഗിളിൽ നിന്നും പന്ത് വലയിൽ എത്തിക്കുകയായിരുന്നു. മിനിട്ടുകൾക്കകം യുണൈറ്റഡ് രണ്ടാം ഗോളും നേടി. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ മിഖിതാര്യന്റെ പാസിൽ നിന്നും റാഷ്‌ഫോഡ് ആണ് ഗോൾ നേടിയത്. 39ആം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ ലുകാകുവിന്റെ മികച്ച ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയതോടെ ലീഡ് മൂന്നാക്കി ഉയർത്താനുള്ള അവസരം യുണൈറ്റഡിന് നഷ്ടമായി.

ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡിനെ നേരിടുമ്പോൾ സിറ്റിയുടെ അടുത്ത മത്സരം 26നു റയൽ മാഡ്രിഡിനെതിരെ തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial