ഹഡേഴ്‌സ്ഫീൽഡിനെ പ്രതിരോധിക്കാൻ ലിവർപൂളിനാവുമോ ?

ടോട്ടൻഹാമിനോട് ഏറ്റ കനത്ത തോൽവിയുടെ നാണക്കേട് മറക്കാൻ ലിവർപൂളിന് ഇന്ന് ജയിച്ചേ തീരൂ. സ്വന്തം തട്ടകത്തിൽ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ നേരിടുന്ന അവർക്ക് പക്ഷെ കാര്യങ്ങൾ എളുപ്പമാവില്ല. ലീഗിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസവുമായി വരുന്ന അവർ ഏതൊരു ടീമിനെയും തോൽപിക്കാൻ ശക്തിയുള്ളവരാണ് എന്ന് തെളിയിച്ചതാണ്. ക്ളോപ്പ് ഡോർട്ട് മുണ്ട് പരിശീലകനായിരിക്കെ ഡോർട്ട് മുണ്ട് രണ്ടാം നിരയുടെ പരിശീലകനായിരുന്ന ഡേവിഡ് വാഗ്‌നർ പരിശീലിപ്പിക്കുന്ന ഹഡേഴ്‌സ്ഫീൽഡ് ആൻഫീൽഡിൽ എത്തുമ്പോൾ അത് പഴയ സുഹൃത്തുക്കളുടെ സംഗമ വേദി കൂടിയാകും. 1959 ന് ശേഷം ഒരു മത്സരത്തിൽ പോലും ലിവർപൂൾ ഹഡേഴ്‌സ്ഫീൽഡ് നോട് തോൽവി വഴങ്ങിയിട്ടില്ല.

പ്രതിരോധത്തിലെ പ്രതിസന്ധി തന്നെയാവും ക്ളോപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ലോവരനും മാറ്റിപ്പും അടക്കമുള്ള പ്രശിരോധം സീസണിന്റെ തുടക്കം മുതൽ വിമർശനം ഏറ്റു വാങ്ങുന്നതാണ്. സ്പർസിനെതിരെ തകർന്നു തരിപ്പണമായ പ്രതിരോധത്തിൽ ഇത്തവണ ക്ളോപ്പ് മാറ്റങ്ങൾക്ക് നിർബന്ധിതമായേക്കും. പക്ഷെ ഏറെ വിമർശനം നേരിടുന്ന ഗോൾ കീപ്പർ സൈമൻ മിനോലെ ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. പരിക്ക് ഏറ്റ കുട്ടീഞ്ഞോ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന ഉറപ്പുമില്ല. വൈനാൽദവും പരിക്ക് കാരണം പുറത്തു തന്നെയാവും. ഹഡേഴ്‌സ്ഫീൽഡ് നിരയിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ജയിച്ച ടീമിലെ എല്ലാവരും ഫിറ്റ് ആണെന്നത് ഡേവിഡ് വാഗ്‌നർക്ക് ആശ്വാസമാവും.

മികച്ച ഫോമിലുള്ള ആരോൻ മൂയ് തന്നെയാവും വാഗ്‌നറുടെ ആക്രമണത്തിന്റെ കുന്തമുന. കുട്ടീഞ്ഞോയും മാനേയും പരിക്ക് ആയതോടെ അലക്‌സ് ഓക്സലൈഡ് ചേമ്പർലൈൻ ആക്രമണ നിരയിൽ സ്ഥാനം നേടിയേക്കും. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ഹഡേഴ്‌സ്ഫീൽഡ് പുറത്തെടുത്ത പോരാട്ട വീര്യം അവർ നില നിർത്തിയാൽ ലിവർപൂളിന് കാര്യങ്ങൾ കടുപ്പമാവും. ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് മത്സരം അരങ്ങേറുക.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിറ്റിയുടെ മുന്നിലേക്ക് ഇന്ന് വെസ്റ്റ്‌ ബ്രോം
Next articleആവേശപ്പോരാട്ടത്തില്‍ പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍